'ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുന്ന വിധത്തിൽ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവ്! നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്...' ആ വാർത്തകളിലെ സത്യാവസ്ഥ ഇതാണ്, ഡോക്ടർ കുറിക്കുന്നു
ലോകം കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ നോക്കുമ്പോൾ വീണ്ടും അഷ്നക് നൽകി പുതിയ വകഭേദങ്ങൾ കണ്ടെത്തുകയാണ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോൺ ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിരിക്കുകയാണ്.
ഇതിനുപിന്നാലെയാണ് മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. അതായത് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസ് നിയോകോവിനെ ചുറ്റിപ്പറ്റിയാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
ഒമിക്രോൺ വകഭേദം നമ്മളെ വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈയൊരു സമയത്താണ് നിയോകോവ് വൈറസിനെ കുറിച്ചുള്ള വാർത്തകൾ എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം വാർത്തകൾക്കു പിന്നാലെ തെറ്റിദ്ധാരണജനകമായ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുന്ന, വിധത്തിൽ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവിനെ പേടിക്കേണ്ടതുണ്ടോ?’ എന്ന ആശങ്കൾക്ക് മറുപടി നൽകുകയാണ് വെറ്റിനറി സർജൻ ഡോ. അരുൺ ടി രമേശ്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുന്ന വിധത്തിൽ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവ് (NeoCov) എന്ന കോവിഡ് വൈറസ് സ്ട്രെയിൻ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന വാർത്ത വായിച്ചു.
1. NeoCov എന്നത് കൊവിഡ് - 19 ന് കാരണമാകുന്ന SARS Cov 2 വൈറസിന്റെ ഒരു വകഭേദമല്ല.
2. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ൽ ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ, വൈറസാണ് നിയോകോവ്. സ്പൈക് പ്രോട്ടീനിൽ വലിയ ജനിതക വ്യത്യാസം ഉള്ളതിനാൽ കോശങ്ങളിൽ പ്രവേശിക്കാൻ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റർ ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല എന്ന് കണ്ടെത്തിയിരുന്നു.
3. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് SARS CoV2 വൈറസ് ഉപയോഗിക്കുന്ന ACE 2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്ത് കോശങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്ന് മാത്രമാണ്.
4. നിലവിൽ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്യാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാൽ സ്പൈക് പോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാൻ കഴിയും.
നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്.
ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.
https://www.facebook.com/Malayalivartha