മസ്ക്കല്ല... ഇതാണ് ‘കോസ്‌ക്’ ഭക്ഷണം കഴിക്കാനും മാസ്ക്ക് മുഖ്യം!കൊറിയക്കാരുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ....
ലോകമെമ്പാടും കൊറോണ എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാര്ഗങ്ങളും സ്വീകരിച്ചുപോരുകയാണ്. അടിക്കടി രൂപവും ഭാവാവയും മാറ്റി നമുക്കൊപ്പം കൂടുന്ന ഈ വൈറസിനെ മാസ്ക്കും ഗ്യാപ്പും ഇട്ട് പ്രതിരോധിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം എന്നാണ് ലോകാരോഗ്യ സംഘടന പോലും വ്യക്താക്കുന്നത്. അങ്ങനെ മാസ്ക്ക് നമ്മുടെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയതോടെ പല ട്രെൻഡുകളിൽ എത്തുന്നുണ്ട്. പലതും പരീക്ഷിക്കാൻ ഏവരും തയ്യാറാകുകയും ചെയ്യുന്നുണ്ട്.
അത്തരത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പല തരത്തിലുള്ള മാസ്കുകൾ വിപണിയിൽ ദിനംപ്രതി എത്തുകയാണ്. അവയെല്ലാം തന്നെ ഓരോ സമയങ്ങളിലായി ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡായി മാറുന്നത് സൗത്ത് കൊറിയ പുറത്തിറക്കിയ പുത്തൻ മാസ്ക് ആണ്. ഇതിന്റെ പ്രത്യേകത അവശ്യ സമയത്ത് മൂക്ക് മാത്രം മറയ്ക്കാൻ സാധിക്കുന്ന രീതിയിൽ മടക്കി ഉപയോഗിക്കാം എന്നതാണ്.
‘കോസ്‌ക്’ എന്നാണു ഈ മാസ്കിന്റെ പേര്. ഇത് ഇതിനോടകം ഗൂഗിൾ ട്രെൻഡിംഗിൽ ഇടം പിടിച്ച് കഴിഞ്ഞു. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സാധിക്കും എന്നതാണ് ഈ മാസ്കിന്റെ പ്രത്യേകത. ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തിൽ നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയൻ ആരോഗ്യവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
വായയും മൂക്കും മറക്കാവുന്ന തരത്തിലാണ് മാസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആവശ്യമുള്ള സമയത്ത്, മൂക്ക് മാത്രം മറയുന്ന തരത്തിൽ ഈ മാസ്ക് മടക്കി ഉപയോഗിക്കാനുമാകും. ഇതാണ് മാസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ മാസ്‌ക് ലഭ്യമാണ്, KF80 മാസ്‌ക് ആയി ടാഗ് ചെയ്‌തിരിക്കുന്നു, ഇവിടെ KF എന്നാൽ ‘കൊറിയൻ ഫിൽട്ടർ’ എന്നതിന്റെ ചുരുക്കെഴുത്തിനൊപ്പം വരുന്ന നമ്പർ 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള മാസ്‌കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. അതിനാൽ, അതനുസരിച്ച്, ഒരു KF80 മാസ്കിന് 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫിൽട്ടർ ചെയ്യാൻ കഴിയും.
ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് ഈ പുത്തൻ മാസ്‌ക് വികസിപ്പിച്ചത്. അമേരിക്കൻ-ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ ‘കൂപാങ്ങി’ൽ വഴി ഇത് വിൽപനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില. സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ മാസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha