എച്ച്ഐവിയുടെ അതിമാരക വകഭേദം കണ്ടെത്തി; അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും... ഇതുവരെ ബാധിച്ചത് 109 പേരെ: മുന്നറിയിപ്പ്
മനുഷ്യരിൽ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവിയുടെ അതിമാരക വകഭേദം കണ്ടെത്തി ഗവേഷകർ. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറൽ കണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തൽ. നെതർലാൻഡിൽ കണ്ടെത്തിയ വി ബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും.
രോഗബാധിതരായ 100–ലധികം ആളുകളിൽ നടത്തിയ വിശദമായ പഠനത്തിന്റെ റിപ്പോർട്ടാണിത്. ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വ്യക്തമാകുന്നു.
എച്ച്ഐവി മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. സിഡി4ന്റെ അളവ് വൻതോതിൽ കുറയാൻ വൈറസ് കാരണമാവും. ശരിയായ ചികിത്സ ആദ്യഘട്ടത്തിൽ നൽകിയില്ലെങ്കിൽ എയ്ഡ്‌സ് എന്ന പ്രത്യേക ഘട്ടത്തിൽ എത്തും. വി ബി വകഭേദത്തിന് മറ്റു വകഭേദങ്ങളെക്കാൾ രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എച്ച്‌ഐവി വൈറസിന്റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവരേക്കാൾ വളരെ വേഗത്തിൽ അത് എയ്ഡ്‌സായി വികസിക്കാനുള്ള കഴിവും ഇപ്പോൾ കണ്ടെത്തിയതിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇത് കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല്‍ ലോഡും പഴയതിനെക്കാൾ കൂടുതലാണ്. 3.5 മുതൽ 5.5 വരെയാണ് ഇത്. എന്നാൽ ചികിൽസ ആരംഭിച്ചാൽ പ്രതിരോധ ശേഷി വർദ്ധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മറ്റ് വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
മുപ്പതുകളിൽ എച്ച്ഐവി വി ബി അണുബാധയേറ്റവർ ഉടൻ ചികിത്സ തുടങ്ങിയില്ലെങ്കിൽ ഒമ്പതു മാസമാവുമ്പോഴേക്കും അഡ്വാൻസ് സ്റ്റേജിൽ എത്തും. പ്രായമേറിയവരിൽ വേഗത അതിലും കൂടുതലായിരിക്കും.-- പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ സീനിയർ ഗവേഷകനായ ക്രിസ് വൈമാന്ത് പറഞ്ഞു.
നേരത്തെ തന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു. സാധാരണ ജീവിതത്തിന്റെ ഭാഗമായ ജലദോഷം പോലുള്ള അണുബാധകൾ പോലും പ്രതിരോധിക്കാൻ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ല. നിലവിൽ എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി റെട്രോവൈറൽ മരുന്നുകൾ വി ബി വകഭേദത്തിനെ ചികിത്സിക്കാൻ ഉപയോഗിക്കാമെന്ന് മനസിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ആന്റി റെട്രോ വൈറൽ മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കുന്നത് അണുബാധ എയ്ഡ്‌സ് ഘട്ടത്തിലേക്ക് പോവുന്നത് തടയാൻ സഹായിക്കും.
അയാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാനും ഇത് സഹായിക്കും-- ക്രിസ് വൈമാന്ത് വിശദീകരിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എച്ച്ഐവി ബാധിക്കാൻ സാധ്യതയുള്ളവർ നിരന്തരമായി പരിശോധന നടത്തുക എന്നതാണ് പ്രതിരോധ മാർഗം. രോഗം കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം. എച്ച്ഐവിയുടെ മറ്റു വകഭേദങ്ങൾക്കുള്ള ചികിത്സ തന്നെ മതിയാവും.-- ക്രിസ് വൈമാന്ത് കൂട്ടിച്ചേർത്തു.
എച്ച്ഐവിയും എയ്ഡ്‌സും...
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്ഐവി പ്രധാനമായും പകരുന്നത്. സിറിഞ്ചും സൂചിയും പങ്കുവെക്കുന്നതും അണുബാധക്ക് കാരണമാവാറുണ്ട്. ഗർഭിണിയായ രോഗിയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പകരാം. അണുബാധയുണ്ടായാൽ കുറെക്കാലം ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. അണുബാധയുണ്ടായി രണ്ടോ നാലോ ആഴ്ച്ചക്കുള്ളിൽ നേരിയ പനിയുണ്ടാവാം. ഇക്കാലത്ത് അവരുടെ ശരീരത്തിൽ എച്ച്ഐവി ധാരാളമുണ്ടാവാമെന്നും പകരാൻ സാധ്യത കൂടുതലാണെന്നുമാണ് യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറയുന്നത്. മതിയായ ചികിത്സ നൽകാത്തതാണ് എയ്ഡ്‌സ് എന്ന ഘട്ടത്തിലേക്ക് എത്തിക്കുക. പ്രതിരോധശേഷി വളരെ ദുർബലമായ ഇവർക്ക് കാൻസർ പോലുള്ള മാരകമായ നിരവധി രോഗങ്ങൾ വരാം.
https://www.facebook.com/Malayalivartha