വൈറസ് പകരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വായും മൂക്കും മാസ്ക് ഉപയോഗിച്ച് മൂടി കെട്ടുന്നത്! തൊണ്ടയില്‍ ആരംഭിക്കുന്ന അണുബാധ അഞ്ച് ദിവസത്തില്‍ അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുന്നു; ആരോഗ്യവാന്മാരില്‍ കൊറോണ വൈറസ് കുത്തിവച്ചുള്ള ആദ്യ ഹ്യൂമന്‍ ഇന്‍ഫെക്‌ഷന്‍ പഠനം ലണ്ടനിൽ
വാക്സീന്‍ ടാസ്ക് ഫോഴ്സ്, യുകെയിലെ ആരോഗ്യ, സാമൂഹിക പരിചരണ വകുപ്പ്, എച്ച് വിവോ ലിമിറ്റഡ്, റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവാന്മാരില്‍ കൊറോണ വൈറസ് കുത്തിവച്ചുള്ള ആദ്യ ഹ്യൂമന്‍ ഇന്‍ഫെക്‌ഷന്‍ പഠനം ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നടന്നു.
കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട വിലപ്പെട്ട പല വിവരങ്ങളും ഈ പഠനത്തില്‍ നിന്ന് ലഭിച്ചതായി ഗവേഷകര്‍ പറയുന്നു.
വൈറസ് ഉള്ളില്‍ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. തൊണ്ടയില്‍ ആരംഭിക്കുന്ന അണുബാധ അഞ്ച് ദിവസത്തില്‍ അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുമെന്നും ഇവര്‍ കണ്ടെത്തി.
വൈറസ് പകരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വായും മൂക്കും മാസ്ക് ഉപയോഗിച്ച് മൂടി വയ്ക്കുന്നതാണെന്നും ഗവേഷണത്തില്‍ തെളിഞ്ഞു. വൈറസ് ബാധിക്കപ്പെട്ടയാള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ലാറ്ററല്‍ ഫ്ളോ ടെസ്റ്റുകള്‍ ആണെന്നും ഗവേഷകര്‍ പറയുന്നു.
വൈറസിന്‍റെ ഹ്രസ്വമായ ഇന്‍ക്യുബേഷന്‍ കാലാവധി, മൂക്കില്‍ നിന്നു പുറത്തു വരുന്ന ഉയര്‍ന്ന വൈറസ് തോത് തുടങ്ങി താത്പര്യജനകമായ പല കണ്ടെത്തലുകളും ഗവേഷണത്തില്‍ ഉണ്ടായതായി പഠനത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളജിലെ പകര്‍ച്ചവ്യാധി വകുപ്പ് പ്രഫസര്‍ ക്രിസ്റ്റഫര്‍ ചിയു പറഞ്ഞു.
വാക്സീന്‍ ഇതേ വരെ എടുക്കാത്തവരും ഇതിനു മുന്‍പ് കോവിഡ് ബാധിക്കപ്പെടാത്തവരുമായ 36 ആരോഗ്യവാന്മാരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ പ്രായം 18നും 30നും ഇടയിലായിരുന്നു. 36 പേരില്‍ 18 പേരിലാണ് വൈറസ് കുത്തിവച്ചത്.
ഇവരില്‍ 16 പേര്‍ക്ക് ലഘുവായതും മിതമായ തോതിലുള്ളതുമായ ജലദോഷ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായി. മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന എന്നിങ്ങനെ നീളുന്നു ഇവരിലെ ലക്ഷണങ്ങള്‍.
https://www.facebook.com/Malayalivartha