കുട്ടികളുടെ ഇടുപ്പിൽ ഉണ്ടാകുന്ന മുഴ നിസാരക്കാരനല്ല...കരയുകയോ ചുമയ്ക്കുകയോ മുക്കുകയോ ചെയ്യുമ്പോൾ അരഭാഗത്തിന്റെ ഒരു വശത്തായി മുഴ രൂപപ്പെടും.. ഇത് അറിഞ്ഞില്ലങ്കിൽ വലിയ ആപത്ത്...
അസുഖമാണ് ഇന്ന് മലയാളി ഏറ്റവും ഭയപ്പെടുന്ന അവസ്ഥ. പതിവുജീവിതത്തിലെ സുഖവും സന്തോഷവും നഷ്ടമാകുമ്പോള്‍ ഓരോരുത്തരും അസ്വസ്ഥരാകുന്നു. പ്രത്യേകിച്ചും കുട്ടികള്‍ക്കാണ് രോഗം വരുന്നതെങ്കില്‍ ആകുലത ഏറും. അസുഖങ്ങളുടെ ലക്ഷണം കാണുമ്പോള്‍ പെട്ടെന്ന് ശുശ്രൂഷ ലഭിക്കേണ്ടവയും അല്ലാത്തവയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്തത് പല മാതാപിതാക്കളെയും കുഴക്കാറുണ്ട്. ഒരു ചെറിയ പനി വന്നാല്‍പോലും കുട്ടികളെയുമെടുത്ത് ആശുപത്രിയിലേക്കോടുന്നവരുണ്ട്.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇടുപ്പിലുണ്ടാകുന്ന ഹെർണിയ. ഇടുപ്പിന്റെ പേശികൾക്കുള്ളിലെ വിടവിലൂടെ ആന്തരികാവയവങ്ങൾ പുറത്തേക്ക് വരുന്നതിനെയാണ് ഇടുപ്പിലെ ഹെർണിയ എന്ന് പറയുന്നത്. കുഞ്ഞുങ്ങൾ കരയുകയോ ചുമയ്ക്കുകയോ മുക്കുകയോ ചെയ്യുമ്പോൾ അരഭാഗത്തിന്റെ ഒരു വശത്തായിയാണ് ഹെർണിയയുടെ മുഴ കാണുന്നത്.
കുട്ടികളിലെ ഹെർണിയകളിൽ മൂന്നിലൊന്നും 6 മാസത്തിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളിലാണ് കണ്ടുവരുന്നത്. മാസം തികയാതെയും പൂർണ വളർച്ചയെത്താതെയും ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. 10 % കുട്ടികളിൽ ഇത് ഇരുവശത്തും ഉണ്ടാകാൻ സാധ്യതയുണ്ട്.
സാധാരണയായി കുഞ്ഞുങ്ങൾ കരയുന്ന സമയത്ത് കാണുന്ന ഈ മുഴ അവർ ശാന്തരാകുന്ന സമയത്ത് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ഈ മുഴ കൈവിരലുകൾ കൊണ്ട് മുകളിലേക്കും വശങ്ങളിലേക്കുമായി ചെറുതായി തള്ളികൊടുക്കേണ്ടതായി വരും. ഇങ്ങനെ ഇത് അകത്തേക്ക് തിരികെ പോകുന്ന അവസ്ഥയിലാണെങ്കിൽ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. പക്ഷേ ചിലപ്പോൾ കുഞ്ഞുങ്ങൾ ശാന്തരായി കഴിഞ്ഞിട്ടും, തള്ളി കൊടുത്തിട്ടും ഇത് അകത്തേക്ക് പോകുകയില്ല. ഇത് വളരെ അപകടകരമായ അവസ്ഥയാണ്.
ഇങ്ങനെ സംഭവിക്കുമ്പോൾ പുറത്തു വന്നിരിക്കുന്നത് കുടലാണെങ്കിൽ അതിന്റെ തുടർച്ച നഷ്ടപ്പെടുകയും ഭക്ഷണപദാർഥങ്ങൾ മുമ്പിലേക്ക് പോകാതിരിക്കുകയും അതുമൂലം കുഞ്ഞിന്റെ വയർ വീർത്തുവരുവാനും കുഞ്ഞ് ഛർദിക്കുവാനും ഇടയാകും. അതുപോലെതന്നെ പുറത്തു വന്നിരിക്കുന്ന അവയവത്തിലേക്കുള്ള രക്തയോട്ടം നിലച്ചുപോകാനും 2 - 3 മണിക്കൂർ അങ്ങനെ നിൽക്കുകയാണെങ്കിൽ ആ ഭാഗം നിർജീവമായി പോകുവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആ ഭാഗം നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ഇത് ഹെർണിയയുടെ ഗുരുതരമായ ഒരു സങ്കീർണാവസ്ഥയാണ്.
ഹെർണിയയുടെ ഏക ചികിത്സാരീതി ഒരു ലഘുവായ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയമാക്കി അവയവങ്ങൾ ഇറങ്ങി വരുന്ന വിടവ് തുന്നലിട്ട് അടയ്ക്കുക എന്നതാണ്. ഇത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയും ചെയ്യാവുന്നതാണ്.
നിങ്ങളുടെ കുഞ്ഞിനെ ഡോക്ടർ കണ്ടതിനുശേഷം ഒരു അൾട്രാസൗണ്ട് സ്കാൻ ആവശ്യപ്പെട്ടേക്കാം. ഡോക്ടറുടെ പരിശോധനയിലോ സ്കാനിങ്ങിലോ ഹെർണിയ കണ്ടെന്ന് വരില്ല. പക്ഷേ മാതാപിതാക്കളുടെ വിവരണം കൊണ്ടുതന്നെ രോഗനിർണയം നടത്തുവാൻ ഡോക്ടർക്കു സാധിക്കും. രോഗനിർണയത്തിനുശേഷം വൈകാതെതന്നെ നിങ്ങൾക്കനൂകൂലമായ സമയത്ത് സർജറി നടത്തുവാനും സാധിക്കും. ഇതിലൂടെ മേൽപ്പറഞ്ഞ സങ്കീർണാവസ്ഥകൾ ഒഴിവാക്കാൻ നമുക്ക് കഴിയും.
എപ്പോഴെങ്കിലും ഹെർണിയ തനിയെയോ അല്ലെങ്കിൽ തള്ളി കൊടുക്കുമ്പോഴോ അകത്തേക്കു പോകുന്നില്ലെങ്കിൽ ഉടൻതന്നെ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കേണ്ടതാണ്. ഡോക്ടർമാർ ശ്രമിച്ചിട്ടും ഹെർണിയ ഉള്ളിലേക്ക് പോയില്ലെങ്കിൽ ഉടൻതന്നെ ഓപ്പറേഷൻ ആവശ്യമായി വരും.
ഹെർണിയ അകത്തേക്ക് പോകാതെ ഇരിക്കുന്ന അവസ്ഥയിൽ ചെയ്യുന്ന എമർജൻസി ഓപ്പറേഷനുകൾ കുഞ്ഞിന് കൂടുതൽ സങ്കീർണാവസ്ഥകൾ സൃഷ്ടിക്കുവാൻ സാധ്യതയുണ്ട് അതിനാൽ അതിന് മുൻപുതന്നെ രോഗനിർണയം നടത്തി ഒട്ടും താമസമില്ലാതെതന്നെ കുഞ്ഞ് പൂർണ ആരോഗ്യവാനായിരിക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്നതാണ് നല്ലത്.
സാധാരണഗതിയിൽ വലിയ സങ്കീർണതകളൊന്നുമില്ലാതെ ലളിതമായി ചെയ്യാവുന്ന ഒന്നാണ് ഹെർണിയ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ചില രക്തപരിശോധനകൾ ആവശ്യമായി വന്നേക്കാം. ഇതിനോടൊപ്പംതന്നെ ഭക്ഷണവും പാലും കൊടുക്കാതെ വേണം കുഞ്ഞിനെ ഓപ്പറേഷന് കൊണ്ടുവരേണ്ടത്. 30 മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിന് അന്ന് വൈകുന്നേരംതന്നെ വീട്ടിലേക്ക് പോകുവാൻ സാധിക്കുന്നതാണ്.
6 മാസത്തിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളെ നിരീക്ഷണത്തിനായി ഒരു ദിവസം അഡ്മിറ്റ് ചെയ്യാറുണ്ട്. പിന്നീട് ഒരാഴചയ്ക്ക് ശേഷം മുറിവ് പരിശോധിക്കാനായി വരണം. പിന്നെ പതിവായുള്ള പരിശോധനകൾ ആവശ്യമായി വരില്ല. ഹെർണിയ വീണ്ടും ഉണ്ടാകുക, വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ച് വൃഷണം ചുരുങ്ങി പോകുക എന്നിവയാണ് അത്യപൂർവമായി ഓപ്പറേഷന് ശേഷം ഉണ്ടാകുവാൻ സാധ്യതയുള്ള സങ്കീർണതകൾ.
https://www.facebook.com/Malayalivartha