ഇന്ന് ലോക മലേറിയ ദിനം;'മലേറിയ മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം; 2020ലെ കണക്കനുസരിച്ച് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627,000 കടന്നു,കരുതൽ വേണം
2007 മുതലാണ് ലോകാരോഗ്യ സംഘടന ഏപ്രില്‍ 25ന് ലോക മലേറിയ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 'മലേറിയ മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലേറിയ ഇല്ലാതെയാക്കുവാനും, മലേറിയ മൂലമുള്ള മരണം ഒഴിവാക്കാനുമാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് ആകെ 241 ദശലക്ഷത്തിലധികം മലേറിയ കേസുകൾ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. രോഗബാധിതരായ പെൺ അനോഫിലിസ് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പകർന്ന് പരാന്നഭോജികൾ ഉണ്ടാക്കുന്ന ജീവൻ വരെ അപകടത്തിലാക്കുന്ന ഒരു രോഗം കൂടിയാണ് മലേറിയ. 2020ലെ കണക്കനുസരിച്ച് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627,000 ആണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ മേഖലയിലാണ് ആഗോള തലത്തിൽ മലേറിയ കൂടുതലായി കാണപ്പെടുന്നത്. 2020 ൽ 95 ശതമാനം മലേറിയ കേസുകളും 96 ശതമാനംംമലേറിയ മരണങ്ങളും നടന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ മലേറിയ മരണങ്ങളിൽ 80 ശതമാനവും 5 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
പ്ലാസ്മോഡിയം പരാന്നഭോജികൾ മൂലമുണ്ടാകുന്ന കടുത്ത പനിയാണ് മലേറിയ. രോഗബാധിതരായ പെൺ അനോഫിലിസ് കൊതുകുകളുടെ കടിയിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. മനുഷ്യരിൽ മലേറിയ ഉണ്ടാക്കുന്ന 5 പരാന്നഭോജികൾ ഉണ്ട്. ഇതിൽ 2 സ്പീഷീസുകൾ - P. ഫാൽസിപാരം, P. വിവാക്സ് എന്നിവയാണ് ഏറ്റവും കൂടുതൽ ഭീഷണി ആവുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മാരകമായ മലേറിയ പരാദമാണ് P. ഫാൽസിപാരം.
സബ്-സഹാറൻ ആഫ്രിക്കയ്ക്ക് പുറത്തുള്ള മിക്ക രാജ്യങ്ങളിലും കാണുന്ന മലേറിയ പരാദം പി.വിവാക്സ് ആണ്.പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ. സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങൾക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. കൂടാതെ ചർദ്ദി,മനംപുരട്ടൽ,ചുമ,ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകാം. അതേ സമയം ലക്ഷണങ്ങൾ ഒരുപക്ഷേ ലളിതമായേക്കാം.
അതുകൊണ്ടു തന്നെ മലേറിയയെ തിരിച്ചറിയാൻ പ്രയാസവുമാകും.ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളിൽ മരണത്തിനും കാരണമായേക്കാം. ചില ആളുകളിൽ മലേറിയ പിടിപെടാനും കഠിനമായ രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്: ശിശുക്കൾ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, എച്ച്ഐവി/എയ്ഡ്സ് രോഗികൾ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവരിൽ ഇത് ഗുരുതര അപകടങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.
ആഗോള തലത്തിലുള്ള ഏറ്റവും പുതിയ മലേറിയ റിപ്പോർട്ട് അനുസരിച്ച് 2019 ൽ 227 ദശലക്ഷം മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2020 ൽ ഇത് 241 ദശലക്ഷം മലേറിയ കേസുകളായി വർധിച്ചു. 2020 ൽ മലേറിയ മൂലം ഉണ്ടായ മരണങ്ങളുടെ എണ്ണം 627000 ആയിരുന്നു, അതായത് മുൻ വർഷത്തേക്കാൾ 69 000 മരണങ്ങളുടെ വർധന.
ഈ മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് കാലത്താണ് സംഭവിച്ചത്. ലോകമെമ്പാടുമുള്ള മലേറിയ മരണങ്ങളിൽ 93 ശതമാനവും സഹാറൻ ആഫ്രിക്കയിലെ 32 രാജ്യങ്ങളിലാണ് നടന്നത്. 2000 മുതൽ എല്ലാ വർഷവും ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളിൽ മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന തോതിൽ മലേറിയ ബാധിച്ചിട്ടുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha