വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ? രോഗം ചികിൽസിച്ചാൽ മാറുമോ? അറിയാം
സൗന്ദര്യം സംരക്ഷിക്കാം ഏത് അറ്റം വരെയും പോകുന്നവരാണ് നമ്മൾ. അതിനാൽ മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും പലരും അസ്വസ്ഥരാകാറുണ്ട്. അങ്ങനെയെങ്കിൽ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വെള്ളപ്പാണ്ടിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാകാം. ഇത് പകര്‍ച്ച വ്യാധിയാണോ എന്ന സംശയം ഉള്ളവരും ഉണ്ട്. അതിനുള്ള ഉത്തരം ഇതാണ്.
വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയല്ല. വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ, ഹസ്തദാനത്തിലൂടെയോ, ആലിംഗനത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ ഇതു ബാധിച്ചവരുമായി ഇടപഴകുന്നതിൽ ഒരു കുഴപ്പവുമുണ്ടാകില്ല എന്ന് മാത്രമല്ല അവർക്കൊപ്പം താമസിക്കാനോ ഭക്ഷണം കഴിക്കാനോ വിവാഹം കഴിക്കാനോ ഒന്നും ആശങ്കപ്പെടേണ്ടതുമില്ല.
വെള്ളപ്പാണ്ട് ശരീരം മുഴുവനും വരാൻ സാധ്യതയില്ല. എന്നാൽ ശരീരത്തിന്റെ ഏതു ഭാഗത്തും വെള്ളപ്പാണ്ട് വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാറുണ്ട്. നോൺ സെഗ്‌മെന്റൽ വിറ്റിലിഗോ, സെഗ്‌മെന്റൽ വിറ്റിലിഗോ. നോൺ സെഗ്‌മെന്റൽ വിറ്റിലിഗോ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ബാധിക്കാം എന്നാണ്. സെഗ്‌മെന്റൽ വിറ്റിലിഗോ ശരീരത്തിലെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നതുമാണ്.
ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരാറില്ല. വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. എന്നാൽ വെള്ളപ്പാണ്ട് പാരമ്പര്യമായി ഉണ്ടാകുന്നതാകാം. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. അതിൽ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. അതു ബാധിച്ച 20% - 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടു വരുന്നുണ്ട്.
അതേസമയം ശരീരത്തിലുണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടുകൾ അല്ല. പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിരീകരിക്കുകയും ചികിത്സ നേടുകയും വേണം. അതുപോലെ വെള്ളപ്പാണ്ട് ചികിത്സിച്ചാല്‍ ഭേദമാകാമെങ്കിലും അത് സ്ഥിരമല്ല. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കുന്നതാണ്. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.
https://www.facebook.com/Malayalivartha