മരണത്തിന് തൊട്ടു മുന്‍പ് ജീവിതം കണ്‍മുന്നില്‍ മിന്നിമറയുമോ? ഗവേഷകരുടെ കണ്ടെത്തൽ
മരണത്തെ കുറിച്ചും മരണത്തിനു മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ചും ഇന്നും പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അക്ഷരാര്‍ഥത്തില്‍ ഒരാളുടെ കണ്‍മുന്നില്‍ മിന്നിമറയുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്,
ചുഴലിദീനം ബാധിച്ച 87കാരനായ ഒരു രോഗിയിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ തലച്ചോറിലെ തരംഗങ്ങളെ രേഖപ്പെടുത്തുന്ന വേളയില്‍ തികച്ചും യാദൃച്ഛികമായാണ് കാനഡയിലെ വാന്‍കൂവറിലുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയിരിക്കുന്നത്.
രോഗിയുടെ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയില്‍ പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. എന്നാൽ, ഹൃദയം നിലയ്ക്കുന്നതിന് 30 സെക്കന്‍ഡുകള്‍ക്ക് മുന്‍പും ശേഷവും രോഗിയുടെ തലച്ചോറിലെ തരംഗങ്ങള്‍ പിന്തുടര്‍ന്നത് സ്വപ്നം കാണുമ്പോഴും ഓര്‍മകളെ മടക്കി വിളിക്കുമ്പോഴും ഉള്ളതിന് തുല്യമായ തരംഗക്രമമാണെന്ന് പഠനത്തില്‍ തെളിയിക്കപ്പെടുകയുണ്ടായി.
ഫ്രോണ്ടിയേഴ്സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം അവസാന നിമിഷങ്ങളില്‍ ജീവിതം കണ്‍മുന്നില്‍ മിന്നി മറയുന്നതിന്‍റെ സൂചനയാണെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ജീവിതം കണ്മുന്നിലൂടെ മിന്നി മറയുന്ന നേരത്ത് ഇത് നല്ല ഓർമകളാണോ ചീത്ത ഓർമകളാണോ വരുന്നതെന്ന കാര്യത്തില്‍ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
https://www.facebook.com/Malayalivartha