പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം ക്രമം തെറ്റിയാല്‍ പണികിട്ടും....
പ്രോട്ടീന്‍ പൗഡറുകളെ കുറിച്ച് അറിയാത്തവര്‍ ഇപ്പൊ ആരും തന്നെ കാണില്ല. ഇപ്പോള്‍ യുവതലമുറകളുടെ സ്ഥിരം ഉപയോഗവസ്തുവായി തന്നെ പ്രോട്ടീന്‍ പൗഡര്‍ മാറിക്കഴിഞ്ഞു. ശരീരഘടന മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ജിമ്മുകളിലും വീടുകളിലും മറ്റും ഇതിന്റെ ഉപയോഗം വ്യാപകമാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇവ അളവിലേറെ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.
എന്നാല്‍ പ്രോട്ടീന്‍ പൗഡറുകള്‍ ശരിയായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. ആരോഗ്യമുള്ള ഒരു മനുഷ്യന് ഒരു ദിവസം വേണ്ട പ്രോട്ടീന്‍ എന്നത് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം എന്ന കണക്കിലാണ്. ഏകദേശം 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ 48 മുതല്‍ 50 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കുന്നത് സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്യാവശ്യമാണ്. ചില സാഹചര്യങ്ങളില്‍ ഇത് 100 ഗ്രാം വരെ ആകാമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
സാധാരണ ആരോഗ്യവാനായ ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ പ്രോട്ടീന്‍ കണ്ടെത്തുകയാണ് നല്ലത്. അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അധികഭാരം വരുത്തുകയും അത് ക്രമേണ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
കായിക താരങ്ങളും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരും ബോഡിബിള്‍ഡര്‍മാരും പ്രോട്ടീന്‍ പൗഡറുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ കൂടുതല്‍പ്പേരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശപ്രകാരമാണ് ഇത് കഴിക്കുന്നത്. എന്നാല്‍ ചിലര്‍ യാതൊരു ധാരണയുമില്ലാതെ ഇത് ഉപയോഗിക്കുന്നു. പല പ്രോട്ടീന്‍ പൗഡറുകളിലും വിറ്റാമിനുകളും അഡിക്റ്റീവുകളും കഫീന്‍, സ്റ്റിറോയ്ഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് അളവിലധികമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.
യഥാര്‍ത്ഥത്തില്‍ പ്രോട്ടീന്‍ പൗഡര്‍ മരുന്നല്ല. അവ പൂരക ഭക്ഷണ വിഭാഗത്തില്‍പ്പെടുത്താവുന്ന ഒന്നാണ്. കൃത്യമായ അളവിലാണ് പ്രോട്ടീന്‍ പൗഡറുകള്‍ ജിമ്മുകളിലും ഹെല്‍ത്ത് ക്‌ളബുകളിലും നല്‍കിവരുന്നത്. കായികതാരങ്ങളും ബോഡിബിള്‍ഡര്‍മാരും പ്രമേഹരോഗികളും വൃക്കരോഗമുള്ളവരും വരാന്‍ സാധ്യതയുള്ളവരും അമിതമായി പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത് കാത്സ്യം നഷ്ടപ്പെടുന്നതിനും എല്ലുകളുടെ ബലക്കുറവിനും നിര്‍ജ്ജലീകരണത്തിനും കാരണമാകും.
https://www.facebook.com/Malayalivartha