രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണം: മന്ത്രി വീണാ ജോര്‍ജ്; ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് രണ്ടാംഘട്ടമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കും
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു. കോവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല.
പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ പദ്ധയുടെ രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ്. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. കാന്‍സര്‍ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു.
ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നു. പ്രാഥമിക തലത്തില്‍ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ സബ്സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വളരെ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുസമൂഹത്തിന്റേയും വ്യക്തികളുടേയും ആരോഗ്യം ഉറപ്പ് വരുത്താന്‍ സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി ആശംസകള്‍ നേരുകയും നന്ദിയറിയിക്കുകയും ചെയ്തു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൗണ്‍സിലര്‍ കൃഷ്ണകുമാര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ.വി. നന്ദകുമാര്‍, ഡോ വി. മീനാക്ഷി, ഡോ. സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, അഡീഷണല്‍ ഡിഎംഒ ഡോ. ജയശങ്കര്‍. എന്നിവര്‍ പങ്കെടുത്തു. അച്യുതമേനോന്‍ സെന്റര്‍ മുന്‍ പ്രൊഫസര്‍ ഡോ. വി രാമന്‍കുട്ടി സെമിനാര്‍ നയിച്ചു.
https://www.facebook.com/Malayalivartha