മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം...
മഴക്കാലത്ത് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരു പോലെ രോഗങ്ങള്‍ ബാധിക്കാറുണ്ട്. മഴക്കാലത്ത് വീടും പരിസരവും വെള്ളം തങ്ങി നില്‍ക്കാതെ സൂക്ഷിക്കണം എന്നാണ് പറയുന്നത്. കാരണം വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകിയാണ് പല അസുഖങ്ങളും വ്യാപിക്കുന്നത്. ഡെങ്കിപ്പനി, മലമ്പനി എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന കൊതുക് ജന്യ രോഗങ്ങളില്‍ മുഖ്യം.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഏഡിസ് ഈജിപ്തി എന്ന ഗണത്തില്‍ പെടുന്നവയാണ്. ശുദ്ധജല സംഭരണികളില്‍ മുട്ടയിട്ട് പെരുകുന്ന ഇവയുടെ ശരീരത്തില്‍ നിന്നും ഡങ്കി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പനി, തലവേദന, കണ്ണിന്റെ പുറകിലുള്ള വേദന, അതിയായ സന്ധിവേദന, രക്തത്തിലെ
പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം (തൊലിപ്പുറമെയും ആന്തരിക അവയവങ്ങളുടെയും) ശരീരത്തിലെ രക്തക്കുഴലുകളുടെ ചോര്‍ച്ച കൊണ്ട് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഉണ്ടായേക്കാവുന്ന ഡങ്കി ഷോക്ക് സിന്‍ഡ്രോം എന്നിങ്ങനെ പല തീവ്രതയില്‍ ഡങ്കിപ്പനി മനുഷ്യരില്‍ കാണപ്പെടാം. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്ന് ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല.
ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ള് പനി മുതലായവയും മഴക്കാലത്ത് മലിന ജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്കും പകരാം. ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണു എലിയുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടി മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം.
പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇത് കൂടുതലായി ബാധിക്കാം. ആന്റിബയോട്ടിക് മരുന്നുകളാണ് ഈ രോഗത്തിന്റെ ചികിത്സ. അവയവ വ്യവസ്ഥകള്‍ക്ക് പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ അസുഖം ഭേദമാകാന്‍ 4 6 ആഴ്ചകള്‍ എടുത്തേക്കാം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് ഇത്തരം രോഗം തടയാനുള്ള വഴി.
https://www.facebook.com/Malayalivartha