ദൈവം ചില കുട്ടികളെ സൃഷ്ടിക്കും; ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ! അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ! എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു ദൈവം നോക്കും; ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും; അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് ഞങ്ങൾ; മകളെ ബാധിച്ച സെറിബ്രൽ പാൾസി?
തീയ്യറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം കത്തിച്ച സിദ്ധിഖിന്റെ ജീവിതത്തിൽ നികത്താനാകാത്ത ഒരു ദുഖമുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് . തന്റെ സ്വകാര്യ ദുഃഖങ്ങൾ വളരെ അടുപ്പമുള്ളവരോട് പോലും മറച്ചു പിടിച്ചിരിന്നു സിദ്ദിഖ് . സിദ്ദിഖിന്റെ ഇളയമകൾ സുകൂന് സെറിബ്രൽ പാൾസി എന്ന അസുഖമാണ് . ഇതേകുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെയാണ് .. ദൈവം ചില കുട്ടികളെ സൃഷ്ടിക്കും. ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ!
അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ! എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു ദൈവം നോക്കും.എന്നിട്ട് ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് ഞങ്ങൾ എന്നാണു അദ്ദേഹം പറഞ്ഞിരുന്നത് .ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ് സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാതം.
ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി.
ഗർഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഒാക്സിജൻ കിട്ടാത്ത അവസ്ഥ, ബാക്ടീരിയൽ വെെറൽ അണുബാധകൾ, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകൾ, കുഞ്ഞിന്റെ തലയുടെ വലുപ്പം വർധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ സെറിബ്രൽ പാൾസിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.
ഗർഭസ്ഥ ശിശുവിന് ഉണ്ടാകുന്ന ശ്വാസതടസ്സവും, പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയ അവസ്ഥയും സെറിബ്രൽ പാൾസി ഉണ്ടാകാൻ കാരണമാകാറുണ്ട്. നവജാത ശിശുവിന് ഉണ്ടാകുന്ന മഞ്ഞപ്പിത്തം, അപസ്മാരം, ഓക്സിജന്റെ കുറവ്, മെനിഞ്ചൈറ്റിസ് എന്നീ കാരണങ്ങളാലും സെറിബ്രൽ പാൾസി ഉണ്ടാകാം.
കുഞ്ഞിന്റെ കൈകാലുകൾ സാധാരണയിലും കൂടുതലായി മുറുകിയിരിക്കുക, കൈവിരലുകൾ നിവർത്താനാവാതെ മുഷ്ടി ചുരുട്ടിപ്പിടിക്കുക, കൈകാലുകൾ മടക്കാനും നിവർത്താനും കഴിയാതെയിരിക്കുക, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. സെറിബ്രൽ പാൾസിക്ക് നിലവിൽ അറിയപ്പെടുന്ന ചികിത്സകളൊന്നുമില്ല. സെറിബ്രൽ പാൾസിയുടെ അനന്തരഫലങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന സങ്കീർണതകൾ കുറയ്ക്കുക എന്നത് മാത്രമേ ചെയ്യാൻ കഴിയു
സെറിബ്രൽ പാൾസിയെക്കുറിച്ചുള്ള ആദ്യത്തെ വൈദ്യശാസ്ത്രവിവരണം ഹിപ്പോക്രാറ്റസിന്റെ 'കോർപ്പസ് ഹിപ്പോക്രാറ്റിക്കം' എന്ന കൃതിയിൽ ഉണ്ട്.. വൈദ്യശാസ്ത്രത്തിന് ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സർ വില്യം ഓസ്ലറാണ് 'സെറിബ്രൽ പാൾസി ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച 40 ശതമാനം കുട്ടികളെങ്കിലും സാധാരണ ബുദ്ധിശേഷിയുള്ളവർ തന്നെയാണ്. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിത്സ നൽകണം.
സെറിബ്രൽ പാൾസി ബാധിതരായിട്ടും വിജയം കൈവരിച്ചവരാണ് ഹാസ്യനടനായ ജോഷ് ബ്ലൂ, കലാകാരനും വാഗ്മിയുമായ ഡാൻ കെപ്ലിംഗർ, ചിത്രകാരനും കവിയും രചയിതാവുമായ ക്രിസ്റ്റി ബ്രൗൺ, നടനും നിർമ്മാതാവും മോഡലും ആക്ടിവിസ്റ്റുമായ ആർ.ജെ. മിറ്റ്, അഭിഭാഷകനും കായികതാരവുമായ ബോന്നർ പാഡോക്, നേപ്പാളി എഴുത്തുകാരിയായ ജമാക് ഗിമെറെ, ഭാരതത്തിലെ ആദ്യ വീൽചെയർ നടിയായ ദിവ്യ അറോറ, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ മികച്ച ക്രിയേറ്റീവ് അഡൽട്ട് വിത്ത് ഡിസെബിലിറ്റിക്കുള്ള ദേശീയ അവാർഡ് ജേതാവായ എറണാകുളം സ്വദേശിയായ ചിത്രകാരൻ അഞ്ജൻ സതീഷ് എന്നിവർ. വൈകല്യ ബാധിത സമൂഹത്തിന് നിത്യപ്രചോദനമായി ഇവർ നിലകൊള്ളുന്നു.
ശിശുരോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജ്യക്കേറ്റർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ പരിശോധനയും, ചികിത്സയും ഇവർക്ക് ആവശ്യമാണ് . ഡോക്ടർമാർക്കൊപ്പം രക്ഷിതാക്കളുടെ ശ്രദ്ധയും സ്നേഹവും പരിചരണവും ഇവർക്ക് ആവശ്യമാണ് .
തന്റെ മകൾ സുകൂനെ കുറിച്ച് ഒരിക്കൽ സിദ്ദിഖ് പറഞ്ഞു ..എന്റെ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ.
ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് വൈകല്യം ഉണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. ആ കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാം. ഞാൻ സമ്മതിച്ചില്ല. ഞാൻ പറഞ്ഞു, അവൾക്കു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ! അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്.
ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിച്ചു പോകും, നമുക്കു ശേഷം ഇവർക്ക് എന്താകും? അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. ആ ടെൻഷൻ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിൽ ആലോചിച്ചു കിടക്കും. എന്താകും? എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള മാതാപിതാക്കൾ നേരിടുന്നത്. മരണം വരെയും തന്റെ മാറോട് ചേർത്തുപിടിച്ചു മകൾ ..അച്ഛന്റെ വേർപാട് താങ്ങാനുള്ള ശക്തി ആ ദൈവത്തിന്റെ കുഞ്ഞിന് ലഭിക്കട്ടെ.
https://www.facebook.com/Malayalivartha