അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മാതാപിതാക്കള്‍ക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. എം.എസ്.എ. ബാധിച്ച കുട്ടികളെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് ശ്വാസകോശത്തില്‍ കഫം കെട്ടുന്നത്. ഇതിന് ഏറ്റവും ഫലപ്രദമാണ് ചെസ്റ്റ് ഫിസിയോതെറാപ്പി. പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററില്‍ നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നല്‍കിയത്. 30 ഓളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.
എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അപൂര്‍വ രോഗം ബാധിച്ച 47 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.
ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. ഇതിനോടനുബന്ധമായി മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം സി.ഡി.സി.യിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം നേടിയെടുക്കാനും സാധിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പീഡിയാട്രിക് ഐസിയു വിഭാഗങ്ങളെ എസ്.എം.എ. തീവ്രപരിചരണത്തിന് പരിശീലനം നല്‍കി ശക്തിപ്പെടുത്തുവാനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
"https://www.facebook.com/Malayalivartha