പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്, ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും
ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം.
ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കണം. ആശുപത്രികള്‍ മരുന്നുകളുടെ സ്‌റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. സ്‌റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്‌ത്രോതസുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ സെക്കന്ററി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്എ) തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി മഴക്കാലും കൂടി വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കേസുകള്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുക, അവബോധം ശക്തിപ്പെടുത്തുക, മികച്ച ചികിത്സ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങള്‍ ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വിവരിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സ്ഥലങ്ങളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കി. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. രോഗമുള്ളവര്‍ നന്നായി വിശ്രമിക്കണം.
മഴക്കാലമായതിനാല്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കണം. കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും െ്രെഡ ഡേ കൃത്യമായി ആചരിക്കണം. മേയ് 18, 19 തീയതികളില്‍ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മഴക്കാലപൂര്‍വ ശുചീകരണത്തിന് വളരെ പ്രാധാന്യം നല്‍കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം.
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മണ്ണുമായി ഇടപെട്ടവരില്‍ എലിപ്പനി മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ മണ്ണ് ഇട്ടവര്‍ പോലും ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ കോവിഡ് രോഗം ഗുരുതരമായി കാണുന്നതിനാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, രോഗവ്യാപനമുള്ള സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha