ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്നിന് അംഗീകാരം...
ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്നിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ഇന്ത്യ.അമേരിക്കന്‍ - യൂറോപ്യന്‍ വിപണികളില്‍ വന്‍ ഹിറ്റായി തുടങ്ങിയ മരുന്നാണ് ഉടന്‍ ഇന്ത്യന്‍ വിപണിയിലും എത്താന്‍ പോകുന്നത്. അപെക്സ് ഡ്രഗ് റെഗുലേറ്ററിന്റെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്റ്റ് എക്സ്പര്‍ട്ട് കമ്മിറ്റിയാണ് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ 'ടിര്‍സെപാറ്റൈഡ്' എന്ന മരുന്നിന് പച്ചക്കൊടി കാട്ടിയത്. എന്താണ് ടിര്‍സെപാറ്റൈഡ് എന്നും എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുന്നതെന്നും നോക്കാം.
എലി ലില്ലിയുടെ മൗഞ്ചാരോ, സെപ്ബൗണ്ട് എന്നീ മരുന്നുകളിലെ പ്രധാന ഘടകമാണ് ടിര്‍സെപാറ്റൈഡ്. ഇതില്‍ പ്രമേഹത്തിനുള്ള മരുന്നുകളാണ് മൗഞ്ചാരോ വിഭാഗത്തില്‍പ്പെടുന്നത്. സെപ്ബൗണ്ട് എന്നത് ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ളതുമാണ്. മനുഷ്യ ശരീരത്തിലെ രണ്ട് പ്രധാന ഹോര്‍മോണുകളെ അനുകരിച്ചാണ് ടിര്‍സെപാറ്റൈഡ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
മരുന്ന് ശരീരത്തില്‍ കുത്തി വയ്ക്കുമ്പോള്‍ ഇത് റിസപ്റ്ററുകളെ സജീവമാക്കുന്നു. ഇതോടെ പാന്‍ക്രിയാസില്‍ ഇന്‍സുലില്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാത്രമല്ല, വിശപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതോടെ അമിത ഭാരമുള്ളവരില്‍ പതിയെ ശരീരഭാരം കുറഞ്ഞുവരുന്നു. മാത്രമല്ല, ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും വളരെ വേഗത്തില്‍ കുറയുന്നു.
ശരീരഭാരം കുറയ്ക്കുന്നതില്‍ ടിര്‍സെപാറ്റൈഡ് വളരെയധികം ഫലപ്രദമാണെന്നാണ് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്. കുറഞ്ഞ അളവില്‍ ടിര്‍സെപാറ്റൈഡ് ശരീരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 16 ശതമാനം അഥവാ 16 കിലോഗ്രാം ഭാരം കുറയുമെന്നാണ് 2022 ജൂലായിലെ ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ ഒരു പ്രസിദ്ധീകരണത്തില്‍ പറഞ്ഞിട്ടുള്ളത്. കുറച്ച് കൂടെ കൂടിയ ഡോസ് എടുത്തുകഴിഞ്ഞാല്‍ 21.4 ശതമാനം അല്ലെങ്കില്‍ 22 കിലോഗ്രാം ഭാരം കുറയും. ദഹന നാളങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എലി ലില്ലി പറയുന്ന പാര്‍ശ്വഫലം. എന്നാല്‍, ടിര്‍സെപാറ്റൈഡിന്റെ ഉയര്‍ന്ന ഡോസ് മരുന്ന് ശരീരത്തിലെത്തിയ ചിലരില്‍ ഓക്കാനം, വയറിളക്കം, വയറുവേദന, ഛര്‍ദി, മലബന്ധം, തലവേദന, തലകറക്കം എന്നീ പ്രശ്നങ്ങളും അനുഭവപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെപ്ബൗണ്ട് കഴിച്ചവരില്‍ മുടികൊഴിച്ചില്‍, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം തുടങ്ങിയ പ്രശ്നങ്ങളും കണ്ടുവരുന്നു. ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളതല്ല. ഡിപ്രഷന്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ പ്രശ്നങ്ങളുള്ള രോഗികള്‍ക്കും ഈ മരുന്ന് നല്‍കാന്‍ പാടില്ല.ടൈപ്പ് 2 പ്രമോഹത്തിനുള്ള മരുന്ന് വില്‍ക്കുന്നതിനാണ് നിലവില്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ആളുകള്‍ വാങ്ങി കഴിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. ടിര്‍സെപാറ്റൈഡ് അടങ്ങിയിട്ടുള്ളതിന്റെ പേരില്‍ പ്രമേഹത്തിന്റെ മരുന്ന് വാങ്ങി കഴിച്ചാല്‍ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാകും ശരീരത്തില്‍ ഉണ്ടാക്കുക. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ യുഎസിലും 2017ല്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.2021ല്‍ 'വെഗോവി' എന്ന സെമാഗ്ലൂറ്റൈഡ് കുത്തിവയ്പ്പ് നോവോ നോര്‍ഡിസ്‌ക് എന്ന മരുന്ന് കമ്പനി കണ്ടെത്തിയിരുന്നു. ഇതും വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നാണ്. ഈ മരുന്നിനും ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്.
എലി ലില്ലി സിഇഒ ഡേവിഡ് റിക്സ് റോയിട്ടേഴ്സിനോട് പറഞ്ഞത് പ്രകാരം, 2025ല്‍ തന്നെ ഇന്ത്യയില്‍ മരുന്നുകള്‍ എത്തും. വെഗോവി ഇഞ്ചക്ഷന്‍ 2026ഓടെയാണ് ഇന്ത്യയില്‍ എത്തുക. ഇതോടെ വലിയ രീതിയിലുള്ള മാറ്റങ്ങളാകും നമ്മുടെ രാജ്യത്ത് ഉണ്ടാകുക. കാരണം, ആഗോളതലത്തില്‍ ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2023ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച്, ഇന്ത്യയുടെ ജനസംഖ്യയില്‍ 11.4 ശതമാനവും പ്രമേഹ രോഗികളാണ്. ഇതിലെല്ലാം ഒരു മാറ്റം കൊണ്ടുവരാന്‍ പുതിയ മരുന്നുകള്‍ക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ ആരോഗ്യ വിദഗ്ദ്ധര്‍. രോഗം ഉണ്ടെങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha