ഗർഭസ്ഥ ശിശുവിനേയും അമ്മയെയും സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് കൊച്ചിയിലെ അമൃത ആശുപത്രി...
ഗർഭപാത്രത്തിന്റെ പേശീഭിത്തി അസാധാരണമായി നേർത്ത അവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സ തേടിയ 39കാരിയായ പാലക്കാട് നെന്മാറ സ്വദേശിനിക്കാണ് അപൂർവ്വ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ പ്രസവം സാധ്യമായത്.
മുൻപ് ചെയ്‌ത രണ്ട് സിസേറിയനുകളുടെയും ഗർഭാശയമുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുടെയും ഫലമായാണ് ഗർഭാശയ ഭിത്തിയുടെ കട്ടി ഒരു മില്ലീമീറ്ററായി കുറഞ്ഞത്. ഗർഭാശയ ഭിത്തിക്ക് വിള്ളൽ സംഭവിച്ച് ഗുരുതരമായ രക്തസ്രാവത്തിനും ശിശുവിന്റെ മാസം തികയാത്ത ജനനത്തിനും കാരണമായേക്കാവുന്ന സങ്കീർണ്ണതയാണിത്.
ഡോ.രാധാമണി, ഡോ.ജാനു എന്നിവരുടെ നേതൃത്വത്തിലെ ഡോക്ടർമാരുടെ സംഘമാണ് ഗർഭകാലത്തിന്റെ ഇരുപത്തിനാലാമത്തെ ആഴ്ചയിൽ ഓപ്പൺ മെഷ് മെട്രോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ഗർഭാശയ ഭിത്തി ബലപ്പെടുത്തിയത്. മാക്രോപോറസ് പോളിപ്രൊപ്പിലീൻ മെഷ് ആണ് സിസേറിയൻ മുറിവുകളാൽ ദുർബലമായ ഗർഭാശയ ഭിത്തിയുടെ ഭാഗം ദൃഢപ്പെടുത്താൻ ഉപയോഗിച്ചത്.
തുടർന്ന് രണ്ടാഴ്ച തോറും അൾട്രാസൗണ്ട് പരിശോധനകൾക്ക് വിധേയയായ യുവതി പത്ത് ആഴ്ചകൾക്ക് ശേഷം സിസേറിയനിലൂടെ 2 .7 കിലോ ഭാരമുള്ള ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ ആദ്യമായാണ് ഇരുപത്തിനാലാമത്തെ ആഴ്ചയിൽ ഓപ്പൺ മെഷ് മെട്രോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ സുരക്ഷിത പ്രസവം സാധ്യമാക്കുന്നത് .
https://www.facebook.com/Malayalivartha