ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം.... ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വന്തംവീട്ടിലോ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലോ താമസിക്കുന്നവര്‍ക്ക് ഇളവ്
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വന്തംവീട്ടിലോ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലോ താമസിക്കുന്നവര്‍ക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്‌കാനിങ് സെന്റര്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
അധികൃതരാവശ്യപ്പെട്ടാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമോ താമസിക്കുന്നതിനുള്ള രേഖകളോ നല്‍കേണ്ടിവരും. ആധാര്‍ കാര്‍ഡ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍ ബില്ലുകള്‍, കെട്ടിടനികുതി രശീതി, റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്, വാടകച്ചീട്ട് എന്നിവയാണ് രേഖയായി പരിഗണിക്കുന്നത്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസിന് അനുമതി. നോണ്‍ പ്രാക്ടീസിങ് ആനുകൂല്യമുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് വിലക്കുണ്ട്.
അതേസമയം സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിമിതമായ ഉപകരണങ്ങള്‍മാത്രമേ രോഗനിര്‍ണയത്തിനുപയോഗിക്കാവൂ. ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് ഡെന്റല്‍ ചെയറും അത്യാവശ്യ ഉപകരണങ്ങളുമാകാം. ഇന്‍ജക്ഷന്‍, മരുന്ന്, മുറിവ് വൃത്തിയാക്കല്‍, ഡ്രസിങ്, മുറിവ് തുന്നല്‍ എന്നിവയ്ക്കായി രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തുനിന്ന് ഡോക്ടര്‍ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് അയക്കരുത്.
സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നോ മറ്റുസൗകര്യങ്ങളോ സ്വകാര്യ പ്രാക്ടീസിനുപയോഗിക്കരുത്. ഒന്നിലധികം സ്ഥലത്ത് സ്വകാര്യ പ്രാക്ടീസ് പാടില്ല. സര്‍ക്കാര്‍ ഡോക്ടറുടെ യോഗ്യതയോ, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങളോ മാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ വഴി പ്രചരിപ്പിക്കാനും പാടില്ല. കിടത്തിചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് ഡോക്ടറെ കാണാന്‍ വരരുതെന്ന ബോര്‍ഡ് നിര്‍ബന്ധമായി വയ്‌ക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha