ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും ലൈസന്‍സിലും സര്‍വകാല റെക്കോര്‍ഡ്...69,002 പരിശോധനകള്‍, 5.4 കോടി രൂപ പിഴ ഈടാക്കി,

സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 69,002 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 5.4 കോടി രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. 20,394 പുതിയ ലൈസന്‍സും 2,12,436 പുതിയ രജിസ്ട്രേഷനും നല്‍കി. ലൈസന്‍സിലും രജിസ്ട്രേഷനിലും 20 ശതമാനത്തോളം വര്‍ധനവുണ്ടാക്കാനായി. ഇവയെല്ലാം സര്‍വകാല റെക്കോര്‍ഡാണ്. കര്‍ശന പരിശോധനയുടേയും നടപടികളുടേയും ഫലമാണിത്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ക്ക് പുറമേ സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലും പരിശോധനകള്‍ നടന്നു.
49,503 സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. കഴിഞ്ഞ വര്‍ഷം 972 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 896 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7689 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 1080 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. ഭക്ഷ്യ സംരംഭകര്‍ക്ക് ഭക്ഷ്യ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതിന് സംസ്ഥാന വ്യാപകമായി 1124 ട്രയിനിംഗ് സംഘടിപ്പിക്കുകയും അതുവഴി 42600 വ്യക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം. രാജ്യത്ത് ആദ്യമായി എല്ലാ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാമ്പയിനും വിവിധ സ്പെഷ്യല്‍ ഡ്രൈവുകളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് സ്റ്റേഷന്‍, ക്ലീന്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ പദ്ധതി എന്നിവയും നടപ്പിലാക്കി വരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (ഇന്റലിജന്‍സ്) നേതൃത്വത്തില്‍ ചെക്ക് പോസ്റ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകളും തുടര്‍ നടപടികളും സ്വീകരിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം മോഡേണൈസേഷന്‍ ഓഫ് സ്ട്രീറ്റ് ഫുഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോ ബയോളജി ലാബ് സജ്ജമാക്കി. പത്തനംതിട്ടയില്‍ പുതിയ ലാബിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha