സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അധികമായാല്‍.......

സമൂഹ സൈറ്റുകളോടും സ്മാര്‍ട്ട്ഫോണുകളോടും ഉള്ള ആശ്രയത്വം കാരണം ഐജനറേഷന് (iGeneration ) (1985 നും 2012 നും ഇടയില്‍ ജനിച്ചവര്‍) മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. ഇവിടെ 'ഐ' എന്ന വിശേഷണം സൂചിപ്പിക്കുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യയെയും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയുമാണ്.
കൗമാരം എന്നു പറയുന്നത് ജീവിതത്തിലെ വൈഷമ്യമേറിയ ഒരു ഘട്ടമാണ്. കൗമാരക്കാരെ അവര്‍ക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശക്തമായി സ്വാധീനിക്കുന്നു. നിഷേധാത്മകമായ ചിന്തകളും വികാരങ്ങളും അവരെ വീണ്ടുവിചാരമില്ലാതെ ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചേക്കാം. വിഷാദരോഗം, ആത്മഹത്യാ ചിന്തകള്‍, സമൂഹവിരുദ്ധ ചിന്തകള്‍ തുടങ്ങിയ കൂടുതലായും ഇവരെയാണ് ബാധിക്കുന്നത്.
പാരമ്പര്യം , വളരുന്ന സാഹചര്യം, പഴയകാല അനുഭവങ്ങള്‍, സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദം തുടങ്ങി ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതായിരിക്കാം. എന്നാല്‍, സമൂഹസൈറ്റുകളിലേക്ക് അനായാസമായി കടന്നുചെല്ലാന്‍ സാധിക്കുന്നതും സ്മാര്‍ട്ട്ഫോണുകളുടെയും ഉപയോഗവും ആയിരിക്കും നിര്‍ണായക ഘടകങ്ങളാവുന്നത്.
പ്രഫ. ട്വിന്‍ജ് ഇതേക്കുറിച്ചു നടത്തിയ പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അതിലെ ചില പോയന്റുകള്‍ എല്ലാവരും അംഗീകരിക്കുന്നവയാണ്.
ഇപ്പോഴത്തെ തലമുറയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന്റെ ചില പരിണിതഫലങ്ങളെക്കുറിച്ച് നോക്കാം;
1. സ്മാര്‍ട്ട്ഫോണുകള്‍ ഉറക്കം കളയുന്നു:
സ്മാര്‍ട്ട്ഫോണുകള്‍ നമുക്കൊപ്പം കിടക്കയിലും എത്തിക്കഴിഞ്ഞു! കിടക്കയിലും ഫോണില്‍ ഉറ്റുനോക്കിയിരിക്കുന്നത് ഉറങ്ങാനുള്ള ആഗ്രഹം ഇല്ലാതാക്കുന്നു. ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നതിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കം കുറയുന്നതു മൂലം മറവി, ശ്രദ്ധക്കുറവ്, ജാഗ്രതക്കുറവ്, യുക്തിപരമായ കഴിവുകള്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളെ നേരിടേണ്ടിവന്നേക്കാം.
2. നിരുത്സാഹമുണ്ടാക്കുന്നു:
ഫോണുകളിലോ ടാബ്‌ലറ്റുകളിലോ ശ്രദ്ധയൂന്നി മണിക്കൂറുകളോളം കിടക്കയിലോ സോഫയിലോ കഴിയുന്നത് നല്ലൊരു കാര്യമായിരിക്കില്ല. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അവര്‍ അറിയുകയേയില്ല. വിര്‍ച്വല്‍ ലോകത്തിലായിരിക്കുന്നതിനെ സൃഷ്ടിപരമായി കഴിയുന്നുവെന്ന് കണക്കാക്കാന്‍ സാധിക്കില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭൂരിഭാഗം സമയവും ഡിജിറ്റല്‍ ഉപകരണങ്ങള്‍ അപഹരിക്കുന്നതിനാല്‍ അവര്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കുന്നില്ല എന്ന സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.
വീടിനു വെളിയിലുള്ള കളികളും മറ്റും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വീടിനുവെളിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. വെര്‍ച്വല്‍ ഉത്തേജനം മാത്രം ലഭിക്കുന്നത് വൈകാരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
3. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സാമൂഹിക ശൃംഖല:
ആളുകള്‍ ഒന്നിച്ചുകൂടിയിരിക്കുകയാണെങ്കിലും ഓരോരുത്തരും അവരവരുടെ ഫോണില്‍ മാത്രമായിരിക്കും ശ്രദ്ധയൂന്നുന്നത്. കുടുംബബന്ധങ്ങളും സുഹൃത്ബന്ധവും 'ചാറ്റ് ഗ്രൂപ്പിന്റെ' ഭാഗമായി മാത്രമൊതുങ്ങുന്നു. വൈകാരിക പിന്തുണയെന്ന പ്രധാനപ്പെട്ട കാര്യം എങ്ങും കാണാന്‍ സാധിക്കില്ല. ചില പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിന് ആരും ഉണ്ടായിരിക്കില്ല. ഇത്തരക്കാര്‍ മിക്കപ്പോഴും ഓണ്‍ലൈനില്‍ ആയിരിക്കും ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍, ഇത്തരം പരിഹാരങ്ങള്‍ക്ക് അല്‍പ്പായുസ്സായിരിക്കും. ഒറ്റപ്പെടലും ഏകാന്തതയും ആത്മഹത്യാ ചിന്തയ്ക്കും വിഷാദരോഗത്തിനുമുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കൂട്ടുകാരുമായി ഇടപഴകുന്നതും കായികമത്സരങ്ങള്‍ , നൃത്തം, ആയോധനകലകള്‍, സംഗീതം തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളികളാവുന്നതും ജീവിതത്തിനു വേണ്ട കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കും. ആളുകളോടും വികാരങ്ങളോടുമുള്ള ഇടപഴകല്‍ യഥാര്‍ത്ഥമാവുന്നത് ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാന പാഠങ്ങള്‍ നല്‍കുന്നു. അതിനാല്‍, ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു.
https://www.facebook.com/Malayalivartha