കുഞ്ഞിപ്പല്ലുകള്‍ സംരക്ഷിക്കാന്‍…
കുഞ്ഞുങ്ങളുടെ പാല്‍പ്പല്ലുകള്‍ പെട്ടെന്നു പൊഴിയുന്നതാണല്ലോ എന്നു കരുതി വിചാരിച്ച് കുഞ്ഞിപ്പല്ലുകളുടെ ആരോഗ്യം അവഗണിക്കരുത്. പല്ലുകള്‍ മുളയ്‌ക്കുന്നതിനു മുമ്പേ വേണ്ട ശ്രദ്ധ നല്‍കിയാലേ കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ കഴിയൂ.
നവജാത ശിശുക്കളെ മുലയൂട്ടിയതിനു ശേഷം വൃത്തിയുള്ള മൃദുവായ തുണി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു മോണ നന്നായി തുടച്ചു കൊടുക്കണം. പല്ലുകള്‍ മുളച്ച കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കിയതിനു ശേഷവും ഇത്തരത്തില്‍ തുണി കൊണ്ടു മോണയും പല്ലുകളും വൃത്തിയാക്കുന്നതു നല്ലതാണ്.
പല്ലുകള്‍ മുളച്ചു തുടങ്ങിയാല്‍ കുട്ടികളെ ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യാന്‍ ശീലിപ്പിക്കണം. അത്താഴത്തിനു ശേഷം നിര്‍ബന്ധമായും പല്ല് തേപ്പിക്കണം.
മുകളില്‍ നിന്നു താഴേക്കും താഴെ നിന്നു മുകളിലേക്കുമായി വൃത്താകൃതിയില്‍ വേണം പല്ല് തേക്കേണ്ടത്. അഞ്ചു വയസ് വരെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലാവണം കുഞ്ഞിന്റെ പല്ല് തേക്കല്‍.
കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്‌ത സോഫ്‌റ്റ് ബ്രിസിലുകളുള്ള ബ്രഷ് ഉപയോഗിക്കുന്നതാണു നല്ലത്. ചെറിയ തലയുള്ളതും വായുടെ ഉള്‍ഭാഗത്തെല്ലായിടത്തും എത്തുന്നതുമായ ബ്രഷാണു നല്ലത്.
ബ്രഷില്‍ വെള്ളമൊഴിച്ചു നനച്ച ശേഷം ഒരു പയറുമണിയുടെ വലുപ്പത്തില്‍ പേസ്‌റ്റ് പുരട്ടിക്കൊടുക്കുക. പേസ്‌റ്റ് അമിതമായി ഉപയോഗിക്കാനും കൂടുതല്‍ നേരം ബ്രഷ് ചെയ്യാനും കുട്ടികളെ അനുവദിക്കരുത്. രണ്ടോ മൂന്നോ മിനിറ്റ് നേരം ബ്രഷ് ചെയ്യേണ്ട ആവശ്യമേയുള്ളൂ.
സോഫ്‌റ്റ് ഡ്രിങ്കുകള്‍ കഴിവതും ഒഴിവാക്കുന്നതാണു പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. മധുരമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെ അളവ് പരമാവധി കുറയ്‌ക്കുക. ഇവ അമിതമായി കഴിക്കുന്നതു പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും..
കുട്ടികളുടെ പല്ലുകള്‍ക്കു തകരാറുണ്ടെന്നു കണ്ടാല്‍ അവഗണിക്കുന്നതിനു പകരം ചികിത്സ തേടണം.
https://www.facebook.com/Malayalivartha