പഞ്ചസാര ഒഴിവാക്കിയപ്പോള്‍ ജീവിതം മധുരതരം

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുളള ജോസി ഡെസ്ഗ്രാന്‍ഡ് പുസ്തകം എഴുതാന്‍ ആലോചിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നാളുകളിലും പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാനാവും എന്ന് സ്വന്തജീവിതത്തിലൂടെ തിരിച്ചറിഞ്ഞ സത്യത്തിന്റെ ഊര്‍ജ്ജം മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കുകയാണ് ജോസിയുടെ ഉദ്ദേശ്യം.
ഒരു വര്‍ഷം മുമ്പ് ജോസി അവളെ തന്നെ വെറുത്തിരുന്നു. സുഹൃത്തുക്കള്‍ പാടെ ഇല്ലായിരുന്നെന്ന് പറയാം. പുറത്ത് പോവാന്‍ അവള്‍ക്ക് മടിയായിരുന്നു. 127 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന ജോസി അമിതവണ്ണത്തിന്റെ പേരില്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്നു. അമിതവണ്ണത്തിന്റെ പേരില്‍ ഇത്രയധികം അപമാനിതയായപ്പോള്‍ അവള്‍ മനസില്‍ ഉറപ്പിച്ചു, ഇനി ശരീരത്തിന്റെ പേരില്‍ തന്നെ കളിയാക്കാന്‍ ആരെയും അനുവദിക്കില്ല.
അവള്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു. മാംസ വിഭവങ്ങള്‍ പരമാവധി കുറച്ചു. ആദ്യ മാസങ്ങളില്‍ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. ജോഗിങ്ങും വാക്കിങ്ങും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പതുക്കെ ജിമ്മില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. ഒരു പേഴ്‌സണല്‍ ട്രെയിനറുടെ സഹായവും തേടി വ്യായാമം കടുപ്പിച്ചു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യും.
ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം ജോസി വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു. ആരേയും കൊതിപ്പിക്കുന്ന പരിണാമത്തിലേക്ക് ജോസി ഒഴുക്കോടെ നീങ്ങുകയായിരുന്നു. എല്ലാവര്‍ക്കും മോശം ദിനങ്ങളുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അമിതവണ്ണമുണ്ടായിരുന്ന നാളുകള്‍. പക്ഷെ പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാം,ജോസി പറഞ്ഞു. സ്‌കൂളില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങള്‍ തന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തിരുന്നതായും ജോസി വ്യക്തമാക്കി.
ഒരു ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്താലോ എന്ന് പോലും ആലോചിക്കുകയുണ്ടായി. ഭാരം കുറച്ച് തിരികെ വന്നതിന് ശേഷം സുഹൃത്തുക്കള്‍ ശരിക്കും അതിശയപ്പെട്ടു. ഞാന്‍ കാരണം ആര്‍ക്കെങ്കിലും പ്രചോദനം ലഭിച്ചിട്ടുണ്ടെങ്കില്‍... ഈ ജീവിതരീതി തുടരാനുള്ള കാരണവും അതുതന്നെയാണ് .തന്റെ ഭാരം കുറച്ചതിനെ കുറിച്ച് ഒരു പുസ്തകം എഴുതാനും ജോസി ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha