സ്വപ്നങ്ങള്‍; അടുക്കും ചിട്ടയും ഇല്ലാത്ത ദൃശ്യങ്ങളുടെയും വികാരങ്ങളുടെയും ആകെത്തുക

ലോകത്തിലെ ഒട്ടു മിക്ക സംസ്‌കാരങ്ങളുടേയും വിശ്വാസം 'എല്ലാ സ്വപ്ങ്ങള്‍ക്കും എന്തെങ്കിലും ഒരു നിഗൂഢമായ അര്‍ഥമുണ്ടാകും' എന്നാണ്. സ്വപ്നങ്ങള്‍ക്ക് എന്നും അതീന്ദ്രിയ പരിവേഷം പല സമൂഹങ്ങളും നല്‍കിയിരുന്നു. പ്രാചീന റോമിലും ഗ്രീസിലും ഈജിപ്തിലും ഇന്ത്യയിലും സ്വപ്നങ്ങള്‍ ദൈവങ്ങളുടെ സന്ദേശങ്ങളാണ് എന്നാണ് കരുതിയിരുന്നത് .
നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും സ്വപ്‌നങ്ങള്‍ ചിലതിനെക്കുറിച്ച് നമ്മള്‍ക്ക് മുന്‍കൂട്ടി അറിവ് തരുന്നവയാണ് എന്ന് ഇന്നും വിശ്വസിക്കുന്ന സമൂഹങ്ങള്‍ ഏറെയുണ്ട്. 56%-74% ജനങ്ങളും ഇപ്പോഴും സ്വപ്നങ്ങള്‍ക്ക് നിഗൂഢമായ അര്‍ഥങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരാണ് എന്നാണ് അമേരിക്ക, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനം പറയുന്നത്.
നമ്മുടെ മനസിന്റെ അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ നിശ്ശബ്ദമായ ആവിഷ്‌കാരമാണ് സ്വപ്നങ്ങള്‍ എന്നാണ് ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ 'സ്വപ്നങ്ങളുടെ വ്യാഖ്യാനം ' എന്ന പുസ്തകമാണ് സ്വപ്ങ്ങളെ അധികരിച്ചു എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയതെന്നതും പ്രസ്താവ്യമാണ്. ഈ പുസ്തകത്തെ അധികരിച്ചു സ്വപ്ന വ്യാഖ്യാനം ഒരു തൊഴിലായി സ്വീകരിച്ചവരും ഏറെയുണ്ട്.
പിന്നീട് സൈക്കോ അനാലിസിസ് എന്ന ഫ്രോയിഡിയന്‍ മനഃശാസ്ത്ര ചികിത്സയുടെ ഒരു പ്രധാന ഭാഗമായി സ്വപ്ന അപഗ്രഥനം മാറുകയും ചെയ്തു. വൈദ്യ ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും പിന്നീടുണ്ടായ മുന്നേറ്റങ്ങള്‍ എല്ലാം തന്നെ ഫ്രോയിഡിന്റെ സ്വപ്നങ്ങളെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ നിശിതമായി ഖണ്ഡിക്കുന്നുണ്ട് .
ആക്ടിവേഷന്‍ സിന്തസിസ് സിദ്ധാന്തം, സ്വപ്ങ്ങളെക്കുറിച്ചുള്ള ആധുനിക വൈദ്യ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ ഏറ്റവും അംഗീകരിക്കപ്പെട്ട ഒന്നാണ് . അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞരായ ഡോ. ജോണ്‍ അലന്‍ ഹോബ്‌സണും റോബര്‍ട്ട് മക്ക് കാര്‍ലിയുമാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍. സ്വപ്നങ്ങള്‍ മസ്തിഷ്‌കത്തിലെ ക്രിയാശൂന്യമായ പ്രതിഭാസമല്ല. മറിച്ച്, ഒരു പാട് ശ്രമവും ഊര്‍ജവും വേണ്ട പ്രവര്‍ത്തിയാണത്.
മസ്തിഷ്‌കത്തിന്റെ അധോ ഭാഗങ്ങള്‍, നമ്മള്‍ ഉറങ്ങുന്ന സമയത്തും സജീവമായിരിക്കും. ഹൃദയമിടിപ്പ് പോലുള്ള ശരീരത്തിന്റെ ഏറ്റവും മൗലികമായ കര്‍മങ്ങള്‍ എല്ലാം തന്നെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഈ ഭാഗമാണ്. അതെ സമയം, ചിന്തകള്‍, ഓര്‍മകള്‍, വിവരങ്ങളെ അപഗ്രഥിക്കല്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ മറ്റു ചില ഭാഗങ്ങളാണ്. ഈ ഭാഗങ്ങള്‍ മസ്തിഷ്‌കത്തിന്റെ അധോ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ഒന്നാണ് സ്വപ്‌നങ്ങള്‍.
സ്വപ്നങ്ങളില്‍ സ്ഥിരമായി ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന ചില വികാരങ്ങളുണ്ട്. സന്തോഷമാണ് സ്വപ്ങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവേദ്യമാകുന്ന വികാരം. ഉത്കണ്ഠ, ഭയം, ദേഷ്യം തുടങ്ങിയവയാണ് പിന്നീട് കൂടുതല്‍ ഉണ്ടാവുന്നത്. പകല്‍ സമയത്തെ നമ്മുടെ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രതിഫലനം മാത്രമാണ് സ്വപ്ങ്ങളിലെ വികാരങ്ങളും ദൃശ്യങ്ങളുമെല്ലാം.
നമ്മുടെ മനസില്‍ മറഞ്ഞിരിക്കുന്ന ഉത്കണ്ഠയും ശാരീരികവും മാനസികവുമായ അവസ്ഥകളുമെല്ലാം സ്വപ്നങ്ങളെ ബാധിക്കാറുണ്ട്. പക്ഷെ സ്വപ്ങ്ങളില്‍ കാണുന്ന കാര്യങ്ങള്‍ മിക്കപ്പോഴും യുക്തി ഭദ്രമോ പരസ്പര ബന്ധമുള്ളതോ ആയിരിക്കണമെന്നില്ല. അടുക്കും ചിട്ടയും തെറ്റിയ ദൃശ്യങ്ങളുടെയും വികാരങ്ങളുടെയും ആകെത്തുക മാത്രമാണ് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ മിക്ക സ്വപ്നങ്ങള്‍ക്കും പ്രത്യേകിച്ച് ഒരു അര്‍ഥവുമില്ല. അതില്‍ വലിയ അര്‍ഥങ്ങള്‍ ആരോപിക്കുന്നത് ബുദ്ധിശൂന്യത മാത്രമാണ്.
https://www.facebook.com/Malayalivartha