കുട്ടികളുടെ മിതമായ വാശി ശുഷ്ക്കാന്തി, അമിതമായാല്‍ ദുശാഠ്യം

കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നുള്ളത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. കാരണം അമിതമായ വാശിയും അനുസരണമില്ലായ്മയും ഉള്ള കുട്ടികളോട് എന്ത്, എപ്പോള്‍ പറയണം എന്ന് രക്ഷിതാക്കള്‍ക്ക് വ്യക്തമായ അറിവുണ്ടാകണം.
വാശി ഒരു വ്യക്തിയുടെ അന്ത:സത്തയുടെ അവിഭാജ്യഘടകമാണ്. വാശിയില്ലാതെ ഒരു വ്യക്തിക്ക് വ്യക്തമായ നിലനില്‍പ്പ് ഇല്ല തന്നെ. ഒരു മത്സരത്തില്‍ ജയിക്കാനോ പരീക്ഷയെ നേരിടാനാ വാശികൂടിയേ തീരൂ. എന്തിനധികം താനേറ്റടുത്ത ഏതൊരു പ്രവൃത്തിയും നന്നായി പൂര്‍ത്തിയാക്കുന്നതിന് വാശി അത്യാവശ്യമാണ്. മിതമായ തോതിലുള്ള വാശിയെ 'ശുഷ്‌കാന്തി' എന്ന് വിളിക്കാം. ആവശ്യത്തിനുള്ള അളവിലുള്ള വാശി 'പ്രചോദന'മായി മാറുന്നു.
അമിതമായ വാശിയാണ് അപകടം. ഒന്നാമതെത്തിയ തീരൂ എന്ന്പറയുന്നത് മനസ്സിലാക്കാം. എന്നാല്‍, അഥവാ ഒന്നാമതെത്തിയില്ലെങ്കില്‍ അത് ശരിയാംവണ്ണം ഉള്‍ക്കൊള്ളാനാവാതെ ജയിച്ചവനോട് പകയും വൈരാഗ്യവും മനസ്സില്‍ കൊണ്ടുനടക്കുന്ന തരത്തിലുള്ള വാശിയും മനോഭാവവും ഒന്ന് ചിന്തിച്ചുനോക്കൂ. മാതാപിതാക്കള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും വരെ കുട്ടികളുടെ അമിതവാശികൊണ്ട് ഉപദ്രവം ഉണ്ടാകുന്നുണ്ട്. ഇത്തരം കുട്ടികള്‍ മറ്റുള്ളവരുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും മുതിര്‍ന്നു വരുമ്പോള്‍ സാമൂഹ്യ വിരുദ്ധത വര്‍ദ്ധിപ്പിക്കുന്ന മാനസിക അപചയങ്ങള്‍ക്ക് വിധേയമാവുകയും ചെയ്‌തേക്കും.
കൂടാതെ അമിത വാശിയെ ചെറുപ്രായത്തില്‍ തന്നെ വേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇവരില്‍ മുന്‍കോപം, അസഹിഷ്ണുത, അക്ഷമ, സഹാനുഭൂതിയില്ലായ്മ തുടങ്ങി ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് വിലങ്ങു തടിയായി നില്‍ക്കുന്ന സകല കുഴപ്പങ്ങളും ഉടലെടുത്തേക്കാം. അമിത വാശി അല്ലെങ്കില്‍ ദുശ്ശാഠ്യത്തെ ഫലപ്രദമായി നേരിടുന്നതിന് പലവിധ മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അതിനു മുമ്പായി എങ്ങനെയാണ് ദുശ്ശാഠ്യം ഒരു സ്വഭാവമായി മാറുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ വ്യക്തിയുടെ ജനനത്തിന് മുമ്പ് തന്നെ രൂപപ്പെട്ടു തുടങ്ങുന്നു എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ''വൈകാരിക സത്ത' അഥവാ ''EMOTIONAL SELF' എന്ന സ്വഭാവ വിശേഷവും ഇതില്‍നിന്നും വ്യത്യസ്തമല്ല. ഗര്‍ഭകാലത്തെ ഗൃഹാന്തരീക്ഷം, അല്ലെങ്കില്‍ അമ്മയുടെ ചുറ്റുമുള്ള അന്തരീക്ഷം, അമ്മ അനുഭവിക്കുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ വൈകാരിക നിലയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഗരറ്റ്, മദ്യം, മറ്റു മയക്കുമരുന്നുകള്‍ എന്നിങ്ങനെ മാതാവിന്റെ ലഹരി ഉപയോഗവും കുഞ്ഞിനെ തകരാറുള്ള ഒരു വൈകാരിക വ്യക്തിത്വത്തിന്റെ ഉടമയാക്കാം.
അമ്മമാരിലുള്ള ഉല്‍കണ്ഠാ രോഗങ്ങള്‍, നിരന്തരമായി അവര്‍ അനുഭവിക്കുന്ന ഭയം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.പിറന്നു വീണ നിമിഷം മുതല്‍ കുഞ്ഞുങ്ങള്‍ ചുറ്റുപാടുനിന്നും കാര്യങ്ങള്‍ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങും. അതിനാല്‍ തന്നെ കുഞ്ഞ് വളര്‍ന്ന് വരുന്ന ഗൃഹാന്തരീക്ഷം പരമ പ്രധാനമാണ്. വൈകാരികമായി വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടാത്ത കുട്ടികളില്‍ പലവിധ സ്വഭാവ-പെരുമാറ്റ വൈകല്യങ്ങളും കാണാം. ദുശ്ശാഠ്യം അതിലൊന്ന് മാത്രമാണ്. അതുപോലെ കുഞ്ഞുങ്ങളിലുണ്ടാകുന്ന ചെറിയ തോതിലുള്ള പേടി, ഉല്‍കണ്ഠ എന്നിവയും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ചെറുതല്ലാത്ത വൈകാരിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യവും വൈകാരിക തലവും തമ്മില്‍ ബന്ധമുണ്ട് എന്ന കാര്യം നാം സാധാരണയായി ചിന്തിക്കാറില്ല. മറ്റ് ശാരീരിക അസുഖങ്ങളുടെ കാര്യവും ഇതുപോലെത്തന്ന പ്രാധാന്യമേറിയതാണ്. കുഞ്ഞ് നിര്‍ത്താതെ ചിണുങ്ങിക്കരയുകയോ ശീലക്കേടുകള്‍ കാണിക്കുകയോ ചെയ്യുമ്പോള്‍ പരിചയം സിദ്ധിച്ച അമ്മമാര്‍ അല്ലെങ്കില്‍ മുത്തശ്ശിമാര്‍ 'കുഞ്ഞിന് ഉറക്കം വരുന്നുണ്ടല്ലോ', കുഞ്ഞിന് വിശക്കുന്നുണ്ടല്ലോ,' എന്നിങ്ങനെയുള്ള പരിഹാരക്രിയകള്‍ തുടങ്ങുന്നത് കാണാം. ഗ്രഹണി, വിരശല്യം മറ്റു പോഷകാഹാരക്കുറവുകള്‍ തുടങ്ങി കുഞ്ഞിനെ അസ്വസ്ഥനാക്കുന്ന രോഗങ്ങളും, കാഴ്ച വൈകല്യങ്ങള്‍, തലവേദന തുടങ്ങിയ രോഗങ്ങളും കുട്ടികളില്‍ സ്വഭാവ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാക്കിയേക്കാം.
ദുശ്ശാഠ്യത്തിന് വളമേകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ശ്രദ്ധക്കുറവ് എന്ന 'അറ്റന്‍ഷന്‍ ഡഫിസിറ്റ്' എന്ന അസുഖം.ചുരുക്കിപ്പറഞ്ഞാല്‍ ചില കുട്ടികള്‍ ദുശ്ശാഠ്യക്കാരായി ജനിക്കുന്നു, ദുശ്ശാഠ്യക്കാരായി വളരുന്നു എന്ന് പറയാം. അല്ലെങ്കില്‍ ദുശ്ശാഠ്യക്കാരാകാന്‍ വേണ്ടി മാത്രമായി ജനിക്കുന്നു എന്ന് നമുക്ക് തോന്നാം. ഇവരെ മെരുക്കുക എന്നത് വളരെ ദുഷ്‌കരം തന്നെയാണ്. നിങ്ങളുടെ കുട്ടി ദുശ്ശാഠ്യക്കാരനാണോ അല്ലെങ്കില്‍ ആയിത്തീരുമോ എന്നറിയുന്നത് അവരെ നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടി ഒരു കരുതല്‍ സ്വീകരിക്കാന്‍ സഹായിക്കും. ഇക്കൂട്ടരില്‍ കണ്ടുവരുന്ന ചില പ്രധാന സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സാധാരണയായി ഇത്തരം കുട്ടികള്‍ വലിയ നിശ്ചയ ദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കും. പലപ്പോഴും കാര്യങ്ങളെക്കുറിച്ച് (അവരുടേതായ രീതിയില്‍) വ്യക്തമായ ഒരു ധാരണയും അവര്‍ക്കുണ്ടായിരിക്കും. ഇതുകൊണ്ടുതന്നെ അവരെ അവരുടെ അഭിപ്രായങ്ങളില്‍നിന്ന് ഇളക്കാന്‍ വലിയ പ്രയാസമാണ്. പലപ്പോഴും ഇത് ദുശ്ശാഠ്യമായാണ് നമുക്ക് അനുഭവപ്പെടുന്നതെങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത് ജീവിത വിജയത്തിനുതകുന്ന മികച്ച ഒരു സ്വഭാവ വിശേഷമാണ് എന്നതും മറക്കരുത്. ഇപ്പറഞ്ഞത് ഇത്തരക്കാരിലെ ഏതാണ്ടെല്ലാ സ്വഭാവ സവിശേഷതകള്‍ക്കും ബാധകമാണ്.സാധാരണയില്‍ കവിഞ്ഞ ഒരു ബുദ്ധിശക്തി ഏതാണ്ടെല്ലാ ദുശ്ശാഠ്യക്കാരിലും കാണാം. അതുകൊണ്ട് തന്നെ ഇവര്‍ കാര്യങ്ങളുടെ യഥാര്‍ഥ ചിത്രം അറിയാനാഗ്രഹിക്കുകയും അത് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. നമുക്ക് പലപ്പോഴും അലോസരമായി തോന്നുന്നതും ഇതു തന്നെ. ഇക്കൂട്ടര്‍ ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുന്നു. മാത്രമല്ല അവര്‍ക്ക് പിടിക്കാത്ത, അവരുടെ ധാരണക്ക് നിരക്കാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാനും മടിക്കുന്നില്ല. ജിജ്ഞാസ ഇവരില്‍ വളരെ കൂടുതല്‍ ആയിരിക്കും.
സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. പക്ഷേ അവരുടേതായ സമയത്തും അവരുടേതായ രീതിയിലും ആയിരിക്കും എന്ന് മാത്രം. വിട്ടുവീഴ്ച ചെയ്യാന്‍ പലപ്പോഴും ഇവര്‍ ഒരുങ്ങുന്നില്ല. പ്രായത്തില്‍ കവിഞ്ഞ സ്വതന്ത്രചിന്താഗതി പ്രകടിപ്പിക്കുന്ന ഇവരെ മെരുക്കാന്‍ എളുപ്പമല്ല. മറിച്ച് മറ്റുള്ളവരുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത് മുതിര്‍ന്നവര്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കുടുംബം അല്ലെങ്കില്‍ ക്ലാസ് ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ രക്ഷിതാക്കള്‍ അല്ലെങ്കില്‍ അധ്യാപകര്‍ വല്ലാതെ ബുദ്ധിമുട്ടും. എന്നാല്‍, മുതിര്‍ന്ന് വന്നാല്‍ ഇക്കൂട്ടര്‍ മികച്ച നേതാക്കളായിത്തീരാന്‍ സാധ്യതയേറെയാണ്. ഇവരിലുള്ള നേതൃഗണത്തെ ശരിയാംവിധം പരിപോഷിപ്പിച്ചെടുക്കണം എന്ന് മാത്രം.ഒരു കാര്യം ഏറ്റെടുത്താല്‍ ജീവന്‍ കളഞ്ഞും അത് പൂര്‍ത്തിയാക്കുന്നവരാണ് ഇവര്‍. വാക്കിന് ഏറ്റവും കൂടുതല്‍ വില കല്‍പ്പിക്കുന്നു. അത് പക്ഷെ അവരുടെ ധാരണക്കനുസരിച്ചായിരിക്കും എന്ന് മാത്രം. കാര്യങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ ഇത് പലപ്പോഴും രക്ഷിതാക്കളുമായി ഒരു ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. ഇതുകൊണ്ട് തന്നെയാണ് ഇവര്‍ ഇവരുടെ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കും കൂട്ടുകാര്‍ക്കും അമിത പ്രാധാന്യം കൊടുക്കുന്നത്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് കാര്യമായി ചെവികൊടുത്തില്ലെങ്കിലോ, ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ അംഗീകരിച്ചില്ലെങ്കിലോ ഇവര്‍ പെട്ടെന്ന് ചൊടിക്കുന്നു. ഇക്കാരണത്താല്‍ പ്രകടിപ്പിക്കുന്ന നീരസം സാധാരണ കുട്ടികളെക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യും.
പൊതുവെ വഴക്കാളികളായിട്ടാണ് ഇവര്‍ പെരുമാറുക. നിസാര കാര്യങ്ങള്‍ക്ക് പോലും വലിയ വഴക്ക് ഇവരില്‍നിന്നും പ്രതീക്ഷിക്കാം. ഉദ്ദേശിച്ച കാര്യം നടക്കുന്നത് വരെ, ആവശ്യപ്പെടുന്നത് കിട്ടുന്നത് വരെ അവര്‍ വഴക്ക് തുടരും. വാശിപിടിച്ച് കാട്ടികൂട്ടുന്ന വേലത്തരങ്ങള്‍ സാധാരണ കുട്ടികളില്‍ ഉള്ളതിനേക്കാള്‍ ഏറെ കൂടുതല്‍ ആയിരിക്കുകയും ചെയ്യും. ചെറിയ കുട്ടികളാണെങ്കില്‍ നിലത്ത് കിടന്ന് ഉരുണ്ട് കരയുക (സ്ഥലവും കാലവും നോക്കാതെ !) അച്ഛനെയോ അമ്മയെയോ അടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുക, വലിയ വായില്‍ നിലവിളിക്കുക എന്നിവയൊക്കെ ഉണ്ടാകാം. മുതിര്‍ന്ന കുട്ടികളില്‍ മിണ്ടാതിരിക്കുക, പിണങ്ങി മുറിയില്‍ കയറി കതകടച്ച് കുറ്റിയിടുക, ഭക്ഷണം കഴിക്കാതിരിക്കുക, പഠിക്കാതിരിക്കുക എന്നിവയൊക്കെ കാണാം.
ഒരിക്കല്‍ കൂടി പറയട്ടെ, ദുശ്ശാഠ്യക്കാരായ കുട്ടികള്‍ നമുക്ക് ഏറ്റവും വലിയ തലവേദന ഉണ്ടാക്കുമെങ്കിലും, ശരിയാംവണ്ണം ശ്രദ്ധിച്ചാല്‍ ഇവരെ മികച്ച പൗരന്മാരാക്കി വളര്‍ത്തിയെടുക്കാം. അതിന് സാധാരണയില്‍ കവിഞ്ഞ അറിവും, ക്ഷമയും, അധ്വാനവും ആവശ്യമാണെന്ന് മാത്രം. പലപ്പോഴും ഇതിനായി ഡോക്ടര്‍, സൈക്കോളജിസ്റ്റ്, സ്‌കൂള്‍ കൗണ്‍സിലര്‍ തുടങ്ങിയ വിദഗ്ധരുടെ സേവനവും ആവശ്യമായി വരും. ഇത്തരക്കാരെ പരിപാലിച്ചെടുക്കാനുള്ള ചില വിദ്യകള്‍ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
മാതാപിതാക്കള്‍ക്ക് താരമമ്യേന എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന എന്നാല്‍ ഏറെ ഫലപ്രദമായ ചില വിദ്യകളാണ് ഇനിപറയാന്‍ പോകുന്നത്.ആദ്യമായി കുട്ടികളുടെ ശാരീരിക ആരോഗ്യം ശരിയാണെന്ന് ഉറപ്പുവരുത്തുക, പോഷകക്കുറവ്, മറ്റ് ശാരീരിക അസുഖങ്ങള്‍ എന്നിവയൊന്നും കുട്ടിക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക. സ്ഥിരമായ വിശപ്പില്ലായ്മ ഉള്ള കുട്ടികളാണെങ്കില്‍ ശരിയാംവണ്ണം രോഗ നിര്‍ണ്ണയം നടത്തി ആവശ്യമായ ചികിത്സ നല്‍കുക, ഭയം ഉല്‍ക്കണ്ഠ എന്നിവയുള്ള കുട്ടികളെയും ആവശ്യമായ ചികിത്സ കൗണ്‍സലിങ് എന്നിവക്ക് വിധേയമാക്കുക, ശരിയായ ആരോഗ്യം ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ നമുക്ക് ദുശ്ശാഠ്യം കൈകാര്യം ചെയ്യാനുള്ള വഴികളെക്കുറിച്ചാലോചിക്കാം.
കുട്ടികള്‍ പറയുന്നതിന് ചെവികൊടുക്കാന്‍ ശ്രദ്ധിക്കുക, അവരോട് തട്ടിക്കയറുകയോ അവരെ ഗുണദോഷിക്കുകയോ ചെയ്യുന്നതിന് മുമ്പ് അവര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കുന്നത് വഴി പല വലിയ വഴക്കുകളും തുടക്കത്തിലെ ഇല്ലാതാക്കാം. മുതിര്‍ന്നവര്‍ക്കുള്ളത് പോലെ തന്നെ കുട്ടികള്‍ക്കും ക്ഷമയുടെ ഒരു പരിധി ഉണ്ടെന്നറിയുക. പലപ്പോഴും അത് മുതിര്‍ന്നവരേക്കാള്‍ വളരെ താഴെയായിരിക്കുകയും ചെയ്യും. ആ പരിധി വിടുമ്പോഴാണ് അവര്‍ പൊട്ടിത്തെറിക്കുന്നതും മറ്റും. മാത്രവുമല്ല മുതിര്‍ന്നവരെ അനുകരിച്ചാണ് കുട്ടികള്‍ ഏതാണ്ടെല്ലാ കാര്യങ്ങളും പഠിക്കുന്നത് എന്നതും ഓര്‍ക്കുക.
അതിനാല്‍ തന്നെ പൊട്ടിത്തെറിക്കുന്ന അല്ലെങ്കില്‍ ഒരു തരത്തിലും വഴങ്ങാത്ത ഒരു രക്ഷിതാവ് ഏതാണ്ടതേ സ്വഭാവശീലമാണ് കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ല. കുട്ടികള്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അതിനോട് ശരിയാംവണ്ണം പ്രതികരിക്കുക എന്നതാണ് മറ്റൊരു കാര്യം. അവരെ അടിച്ചമര്‍ത്തുന്നതും അമിതമായി പ്രതികരിക്കുന്നതും ദോഷം ചെയ്യും. പകരം അവര്‍ക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കുക. ഒരു പക്ഷേ അത് അനുവദിച്ചുകൊടുക്കാന്‍ പറ്റാത്തതാണെങ്കിലും അവരുടെ കുടെ കൂടി സാവധാനം അവരുടെ മനസ് മാറ്റുക.
ഉദാഹരണത്തിന് 'വെള്ളം ചീറ്റുന്ന കുടയുണ്ടെങ്കില്‍ മാത്രമേ സ്‌കൂളില്‍ പോകൂ', എന്ന് വാശി പിടിക്കുന്ന ഒരു കുട്ടിയെ കഠിനമായി ശകാരിക്കാതെ അവന്റെ അല്ലെങ്കില്‍ അവളുടെ കൂടെ ആ കുടയൊന്ന് പരിശോധിക്കുക. ''ഇത് നല്ല ഭംഗിയുണ്ടല്ലോ, ശരിയാണല്ലോ'' എന്നൊക്കെ അഭിപ്രായങ്ങള്‍ പറയാം. ''പക്ഷേ, ഇതിന് ഉറപ്പ് കുറവാണ്'', അല്ലെങ്കില്‍ ''വില കൂടുതലാണ്'' എന്നൊക്കെയുള്ള കാര്യങ്ങള്‍ സാവധാനം അവരെ പറഞ്ഞ് മനസ്സിലാക്കുക. മിക്കവാറും കുട്ടി നമ്മുടെ കൂടെപ്പോരും.അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ മറ്റു കാര്യങ്ങള്‍ നല്‍കുക എന്നത് നല്ല ഒരു തന്ത്രമാണ്. പിടിവാശിക്കാരുടെ മുന്നില്‍ പലപ്പോഴും വിജയിക്കുന്ന ഒരു വിദ്യയാണ് ഇത്.
ചോറ് തിന്നില്ല ചപ്പാത്തി മാത്രമേ കഴിക്കൂ എന്ന് വാശിപ്പിടിക്കുന്ന കുട്ടിയോട് ''ആയിക്കോട്ടെ, ചപ്പാത്തി ഉണ്ടാക്കിത്തരാം, പക്ഷെ സാമ്പാറും കൂട്ടി കഴിക്കേണ്ടി വരും'' എന്ന് പറയുക ! അധിക പക്ഷവും കുട്ടി ചോറ് തന്നെ തിന്നും. ഇനി ഒരു പക്ഷെ അന്ന് സാമ്പാറും കൂട്ടി ചപ്പാത്തി തിന്നാല്‍ തന്നെ പിറ്റേന്ന് ചോറ് തിന്നോളും.പണത്തിന് വേണ്ടി വാശിപിടിക്കുന്ന ഒരു കുട്ടിക്ക് ഒരു പണക്കുടുക്ക ഉണ്ടാക്കിക്കൊടുക്കുക. കിട്ടുന്ന പോക്കറ്റ് മണി അവന്‍ ആ കുടുക്കയില്‍ സൂക്ഷിക്കട്ടെ. കൂടാതെ അവര്‍ ചെയ്ത് തരുന്ന ചെറിയ ചെറിയ സഹായങ്ങള്‍ക്ക് ഇനാം ആയും പണം നല്‍കാം. അവന് ആവശ്യമാവുമ്പോള്‍ വേണ്ടത് ആ കുടുക്കയില്‍ നിന്ന് തന്നെ എടുക്കട്ടെ. ഇത് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരു ശീലം അവരില്‍ ഉണ്ടാക്കും. പെട്ടെന്നുണ്ടാകുന്ന ഒരു തോന്നലില്‍ കാര്യങ്ങള്‍ ചാടിക്കയറിച്ചെയ്യുമ്പോഴാണ് പലപ്പോഴും വഴക്കും വക്കാണവും ആയിത്തീരുന്നത്. മാത്രവുമല്ല താന്‍ സമ്പാദിച്ചുവെച്ച പണം വെറുതേ ചിലവാക്കുന്നത് കൊച്ചുകുട്ടിയിലായാലും ഒരല്‍പം വേദനയുണ്ടാക്കും. ഇത് പണത്തെ മാത്രമല്ല, അധ്വാനത്തേയും, മുതിര്‍ന്നവരെയും ഒക്കെ ബഹുമാനിക്കുന്ന ഒരു ശീലം അവരില്‍ ഉണ്ടാക്കും.
നമ്മില്‍ പലരും ഇന്ന് ചെയ്തുവരുന്ന ഒരു വലിയ തെറ്റാണ് ആവശ്യം വരുന്നതിന് മുമ്പ് അതിനായി ഒരുങ്ങി നില്‍ക്കുക എന്നത്. ചില കാര്യങ്ങളിലൊക്കെ ഇത് നല്ലതായേക്കാമെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് വളരെ തെറ്റായ ഒരു സന്ദേശമാണ് നല്‍കുക. നമ്മള്‍ ഒരു പെട്ടി പെന്‍സില്‍ വാങ്ങി വലുതായി കൂര്‍പ്പിച്ച് രണ്ട് പെന്‍സിലെങ്കിലും ദിവസവും കൊടുത്ത് വിടുന്ന രീതിയാണ് ഇന്നുള്ളത്. പകുതിയില്‍ ചെറുതാവുമ്പോഴേക്കും കുട്ടിക്ക് അത് 'പിടിക്കാന്‍ വയ്യാതാകും' ! പിന്നെ വേറൊരെണ്ണം എടുക്കാമല്ലോ! കളഞ്ഞുപോയാല്‍ നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. അവര്‍ തന്നെ പെട്ടിയില്‍നിന്നും വേറൊരെണ്ണം എടുത്തോളും.
ഇത്തരം കുട്ടികള്‍ ശാഠ്യക്കാരാകുന്നതില്‍ അത്ഭുതമേയില്ല. അതിനാല്‍ ആവശ്യം ഉണ്ടാവുമ്പോള്‍ മാത്രം, ആവശ്യം അറിഞ്ഞ്, അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കണം.കുട്ടികള്‍ ആവശ്യപ്പെടുന്നതൊന്നും ക്ഷണേന വാങ്ങികൊടുക്കുന്നത് മറ്റൊരു തകരാറാണ്. ഇത് നാം തന്നെ ചെറുപ്പത്തിലേ തുടങ്ങുന്നു. സ്‌നേഹാധക്യത്താലാണ് ഇത് ചെയ്യുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. കൂടാതെ വാങ്ങികൊടുക്കാനുള്ള പണം നമ്മുടെ കൈയ്യിലുണ്ട് താനും. നന്നേ കുഞ്ഞുനാളിലെ തുടങ്ങുന്ന ഈ ശീലം കുഞ്ഞിനെ അക്ഷമയിലേക്കും ക്രമേണ ദുശ്ശാഠ്യത്തിലേക്കും നയിക്കുന്നു എന്ന് നാം അറിയുന്നില്ല.
ആവശ്യമായ കാര്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുക അവര്‍ ശാഠ്യം പിടിക്കുന്ന സമയത്ത് നാം സമചിത്തതയോടെ അതിനെ നേരിടുക; ഇത് നല്ലൊരുപായമാണ്. ഇതിനര്‍ഥം അവര്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കുക എന്നല്ല. അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ അത് ശാന്തമായി അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. നാം അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുക. തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടാവുമെങ്കിലും സാധിക്കില്ല എന്നുറപ്പാവുമ്പോള്‍ കുട്ടികള്‍ പതുക്കെപ്പതുക്കെ നമ്മുടെ വഴിക്ക് വരും. ക്രമേണ അവരുടെ സ്വഭാവത്തില്‍ നിന്ന് ദുശ്ശാഠ്യം അപ്രത്യക്ഷമാവുകയും ചെയ്യും.
ഹോംവര്‍ക്ക് ചെയ്യില്ല എന്ന് വാശിപിടിക്കുന്ന ഒരു കുട്ടിയോട് ''അമ്മയും വരാം, നമുക്കൊന്നിച്ച് ചെയ്യാം'' എന്ന് പറയുക. കുട്ടിയുടെ കൂടെയിരുന്ന് ഓരോന്ന് ചോദിച്ചും പറഞ്ഞും അവരെക്കൊണ്ട് തന്നെ ഹോം വര്‍ക്ക് ചെയ്യിക്കുക.ഓര്‍ക്കുക ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ പ്രചോദനവും ദിശാബോധവും നല്‍കുക എന്നല്ലാതെ ഒരിക്കലും അവരുടെ ജോലി അവക്ക് പകരം നാം ചെയ്തുകൊടുക്കരുത്. കുട്ടികളുടെ ഹോം വര്‍ക്ക് സ്ഥിരമായി ചെയ്തുകൊടുക്കുന്ന അമ്മമാരും അച്ഛന്മാരും ഉണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് മനസ്സിലാക്കണം.അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുക. ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ശീലം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കുക. ''എന്താണ് മോളുടെ പ്രശ്‌നം '' എന്ന ഒരൊറ്റ ചോദ്യം ഒരു പക്ഷേ ഒരു ദിവസം മുഴുവന്‍ നീണ്ടേക്കാവുന്ന ഒരു വഴക്കിന് വിരാമമിട്ടേക്കാം. കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ചിന്തകളും ആകുലതകളും ഉണ്ടെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അവരെ അവരുടെ ഭാഗത്തുനിന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഒരു ചര്‍ച്ചക്കു പ്രസക്തിയുള്ളൂ എന്നും ഓര്‍ക്കുക. അല്ലാതെ ഏകപക്ഷീയമായി നമ്മുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്.
സമാധാനപരമായ ഒരു ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്‌കൂളിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികള്‍ വളരെപ്പെട്ടെന്ന് ഭയപ്പെടുമെന്നും ഉല്‍കണ്ഠാകുലരാകുമെന്നും എപ്പോഴും നാം ഓര്‍ത്തിരിക്കേണ്ടതാണ്.പല വഴിക്കാളി കുട്ടികള്‍ക്കും പിന്നില്‍ ശരിയല്ലാത്ത ഒരു ഗൃഹാന്തരീക്ഷം ഉണ്ടെന്നാണ് അനുഭവത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ ഏതെങ്കിലും പ്രശ്‌നങ്ങളോ പരിതികളോ കൊണ്ടു വരുമ്പോള്‍ ''ശരിയാണല്ലോ '' എന്ന ഒരു മനോഭാവത്തോടെ അതിനെ സമീപിക്കുക. അവരെ പറഞ്ഞു മനസിലാക്കുക എന്നത് പിന്നീടാകാം. പലപ്പോഴും നമ്മുടെ ക്ഷമയോടെയുള്ള ശ്രദ്ധയും സാന്ത്വന മേകുന്ന ഒരു വാക്കും കഴിയുമ്പോള്‍ പറഞ്ഞു മനസിലാക്കേണ്ട ആവശ്യം തന്നെയുണ്ടാകില്ല എന്നതാണ് രസകരമായ സത്യം.
കുഞ്ഞുങ്ങളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, അവരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തികളാക്കി മാറ്റിയെടുക്കാന്‍ ചെറുപ്പം മുതലേ ശ്രദ്ധിക്കുക, അത്യാവശ്യത്തിന് ശിക്ഷ നല്‍കുന്നതോടൊപ്പം ആവശ്യത്തിന് പ്രശംസയും നല്‍കാന്‍ മറക്കരുത്. ശിക്ഷിക്കുന്നത് എപ്പോഴും താനും കുട്ടിയും മാത്രം ഉള്ളപ്പോഴായിരിക്കണം. എന്നാല്‍ പ്രശംസിക്കുമ്പോള്‍ പിശുക്കു കാട്ടാതിരിക്കുക. നാലാള്‍ കാണുന്നയിടം തന്നെ അതിനായി തിരഞ്ഞെടുക്കണം. ഒരു ചെറിയ തെറ്റിന് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ശകാരം ഗുണത്തേക്കാളേറെ ദോഷമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ ശിക്ഷയാണെങ്കിലും പ്രശംസയാണെങ്കിലും ആവശ്യത്തിന് മാത്രം നല്‍കുക. ഇത് ശുഭാപ്തി വിശ്വാസം അവരില്‍ വേരോടാന്‍ സഹായിക്കും.
അമിത വാശിയും ദുശ്ശാഠ്യവും വളരെ ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളാണ്. എന്നാല്‍ ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന കുട്ടികളില്‍ അധികവും യഥാര്‍ഥത്തില്‍ ശാഠ്യക്കാരല്ല എന്നതാണ് വസ്തുത. നമ്മുടെ ഭാഗത്ത് നിന്നുള്‍പ്പെടെ ഉണ്ടാകുന്ന തകരാറുകളാണ് ഇവരെ ഇത്തരക്കാരാക്കുന്നത് എന്നത് മറക്കരുത്. അതിനാല്‍ തന്നെ വിവേക പൂര്‍ണമായ സമീപനം എളുപ്പത്തില്‍ പ്രശ്‌ന പരിഹാരം സാധ്യമാക്കും എന്ന് ആശ്വസിക്കുക.തികച്ചും ഗുരുതരമായ പെരുമാറ്റ വൈകല്യമുള്ള കുട്ടികളെ ആവശ്യമായ ചികിത്സക്ക് വിധേയമാക്കുക.
https://www.facebook.com/Malayalivartha