ഡിജിറ്റല്‍ സ്‌ക്രീനിന്റെ അമിതോപയോഗം തലച്ചോറിന്റെ വികാസം കുറയ്ക്കും

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിത ഉപയോഗം കുട്ടികളുടെ ബൗദ്ധികമായ വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കും. കുട്ടികളില്‍ മസ്തിഷ്‌കം വികാസം പ്രാപിക്കുന്നത് ആറ് വയസ് വരെയാണ്. അതുകൊണ്ട് ചെറിയ പ്രായത്തില്‍ കുട്ടികള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത് അവരുടെ ആക്ടിവിറ്റികള്‍ക്ക് തടസമാകും. ഈ പ്രായത്തില്‍ മസ്തിഷ്‌ക വികാസം കൂടുതലായി നടക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം മസ്തിഷ്‌ക വികാസം മന്ദഗതിയിലാക്കും. നാല് വയസ് വരെ കുട്ടികളില്‍ മസ്തിഷ്‌ക വികാസം വളരെ വേഗം നടക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം കൂടിയാല്‍ മസ്തിഷ്‌കത്തിലെ പല ഭാഗങ്ങളുടെയും വികാസത്തിന് തടസമാകും. ഇതുമൂലം പ്രായത്തിനനുസരിച്ചുള്ള മസ്തിഷ്‌ക വികാസം ഉണ്ടാകില്ല. അതുകൊണ്ട് നാല് വയസ് വരെ ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
ടാബുകളുടെയും സ്മാര്‍ട്‌ഫോണുകളുടെയും ഉപയോഗം വ്യാപകമായതോടെ കുട്ടികള്‍ കൂടുതല്‍ സമയവും ശ്രദ്ധിക്കുന്നതും ഇവയാണ്. ഇത് കുട്ടികളില്‍ ആശയവിനിമയക്കുറവ് സൃഷ്ടിക്കുന്നു. കൂടാതെ കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ബാധിക്കും.
മുതിര്‍ന്നവരുടെ സംസാരത്തിലൂടെയാണ് കുട്ടികള്‍ സംസാരരീതികള്‍ മനസിലാക്കുന്നത്. നാല് വയസ് വരെ കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപെടുന്നത് കഴിവതും പ്രോത്സാഹിപ്പിക്കണം. മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്നാണ് കുട്ടികള്‍ പുതിയ വാക്കുകള്‍ മനസിലാക്കുന്നത്.
കാര്‍ട്ടൂണുകളും മറ്റ് പ്രോഗ്രാമുകളും ആശയവിനിമയത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. കാര്‍ട്ടൂണുകളിലെ കഥാപാത്രങ്ങള്‍ വെര്‍ബല്‍, നോണ്‍ വെര്‍ബല്‍ കമ്യൂണിക്കേഷനു സഹായിക്കുന്നുണ്ട്. എങ്കിലും കാര്‍ട്ടൂണുകള്‍ക്ക് അഡിക്ഷന്‍ ഉണ്ടാകാതെ കുട്ടികളെ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്മാര്‍ട്‌ഫോണിന്റെയും ടാബിന്റെയും അമിത ഉപയോഗം കുട്ടികളുടെ പഠനനിലവാരത്തെ ദോഷമായി തന്നെ ബാധിക്കുന്നുണ്ട്. പല കുട്ടികളും പഠനത്തിന് മുന്‍പ് സ്മാര്‍ട്‌ഫോണില്‍ ഗെയിമുകളും മറ്റും കളിക്കുന്നത് പഠനത്തിന് തടസമാകും. പഠിക്കുന്നതിനു മുന്‍പ് ടാബ്, ഫോണ്‍ എന്നിവ കുട്ടികള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ടിവി കാണുന്നതും പരിമിതപ്പെടുത്തണം. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കുന്നത് മൂലം ഇവര്‍ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും.
കണ്ണുകളിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഉണ്ടാകാനും ഇടയുണ്ട്. ഇവയൊക്കെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു തടസമാകും. കൂടാതെ പഠനസമയം കുറയുകയും ചെയ്യും. പഠനത്തിനായി ലഭിക്കുന്ന സമയം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വരും.
ഉറക്കക്കുറവും ക്ഷീണവും കുട്ടികളുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. രാത്രിയില്‍ ഏറെ നേരം ഫോണും ടാബും ഉപയോഗിക്കുന്നത് കുട്ടികളുടെ ഉറക്കത്തിന് തടസം സൃഷ്ടിക്കും. രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരാനോ, ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കാനോ കഴിയാതെ വരും.
കുട്ടികള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തണം. നിശ്ചിത സമയം അതിനായി മാതാപിതാക്കള്‍ തീരുമാനിക്കുക. പഠനത്തിന് മുന്‍പ് കുട്ടികള്‍ക്ക് ഫോണും ടാബും നല്‍കുന്നത് ഒഴിവാക്കുക. പഠനത്തിന് ശേഷം മാത്രം ടി.വി, ഫോണ്‍, ടാബ് ഇവ അനുവദിക്കുക. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള ഉപയോഗം തീര്‍ച്ചയായും നിയന്ത്രിക്കണം.
https://www.facebook.com/Malayalivartha