ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി 'ധരിക്കാവുന്ന ഉപകരണങ്ങള്‍' എത്തുന്നു

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ എടുത്ത് കീശയില്‍ ഇട്ടാല്‍ മതി എങ്കിലോ? ആലോചിക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നില്ലേ? നാം ധരിക്കുന്ന വസ്ത്രത്തിന് 'ചാര്‍ജ്ജുണ്ടെങ്കില്‍' (ഊര്‍ജം സംഭരിക്കാന്‍ കഴിഞ്ഞാല്‍) ഇത് നിഷ്പ്രയാസം സാധിക്കും. വേയ്‌റബിള്‍ ഡിവൈസുകളില്‍ നിന്നു ബാറ്ററി ആവശ്യമില്ലാത്ത ഡിവൈസുകളിലേക്കുള്ള ചുവടുമാറ്റം ഇനി സ്വപ്നമല്ല.
വസ്ത്രം, സ്മാര്‍ട് വാച്ച് എന്നിവയിലൂടെ ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഊര്‍ജ സ്വയംപര്യാപ്ത ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ യുഎസിലെ ക്രിയോല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മലയാളി പ്രഫസര്‍ ഡോ. ജയന്‍ തോമസ് നടത്തിയ പഠനങ്ങളെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
ബാറ്ററികളാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഊര്‍ജം സംഭരിച്ചു വയ്‌ക്കേണ്ട ആവശ്യം പലപ്പോഴും ചെലവേറിയതാണ്. സ്ഥല പരിമിതിയും കുഴയ്ക്കുന്നു. വാച്ചുകളെയും വസ്ത്രത്തെയും ഊര്‍ജ സംഭരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന ആശയം.
നേരിയ കോപ്പര്‍ റിബണുകളില്‍ ഊര്‍ജം ശേഖരിക്കാനും ഉപയോഗിക്കാനും കഴിയും. ഇത്തരം ഫൈബറുകള്‍ വാച്ചിന്റെ സ്ട്രാപ്പായും വസ്ത്രത്തിലെ നൂലായും ഉപയോഗിക്കാം.
ബാറ്ററിയുടെയും ഗ്രിഡുകളുടെയും സഹായമില്ലാതെ സൗരോര്‍ജത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. വേയ്‌റബിള്‍ എനര്‍ജി ഉപയോഗിച്ചു വേയ്‌റബിള്‍ ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ സാധിക്കും.
ഈ ആശയം ആരോഗ്യ മേഖലയില്‍ ഏങ്ങനെ ഉപയോഗിക്കാം എന്ന പഠനങ്ങളാണ് നടക്കുന്നത്. കാറുകളിലെന്ന പോലെ മനുഷ്യനും വേയ്‌റബിള്‍ ഡിവൈസുകളെ ഒഴിവാക്കാനാവില്ല. വാച്ചും കണ്ണടയും ഉപയോഗിക്കുന്നവര്‍ ഏറെ. അതില്‍ സ്ഥാപിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ചു മനുഷ്യന്റെ ആരോഗ്യ നില നിരന്തരം നിരീക്ഷിക്കാന്‍ കഴിഞ്ഞാലോ? രോഗം തിരിച്ചറിഞ്ഞ ശേഷം മാത്രം ആശുപത്രിയിലെത്തുന്നവര്‍ക്ക് ശരീരത്തിലെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനായാലോ? ആരോഗ്യ മേഖലയില്‍ അത് വിപ്ലവം സൃഷ്ടിക്കും.
രോഗികളില്‍ പലരുടെയും ശരീരത്തിന്റെ അവസ്ഥയും മരുന്നിനോടു പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗാവസ്ഥ തിരിച്ചറിഞ്ഞ് അസുഖത്തിനു മാത്രം മരുന്നു നല്‍കാന്‍ സാധിക്കും. പ്രിസിഷന്‍ മെഡിസിന്‍ എന്നറിയപ്പെടുന്ന ഈ പുതിയ മേഖലയില്‍ ഒട്ടേറെ പഠനങ്ങള്‍ നടക്കുകയാണ്.
ആരോഗ്യ രംഗത്തു വേയ്‌റബിള്‍ ഡിവൈസുകള്‍ മാറ്റങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. രക്തം കുത്തിയെടുക്കാതെ വിയര്‍പ്പിലൂടെ പ്രമേഹത്തിന്റെ അളവു മനസിലാക്കാന്‍ സാധിക്കുന്ന വേയ്‌റബിള്‍ ഡിവൈസുകള്‍ നിര്‍മിക്കാനുള്ള ശ്രമം നടക്കുകയാണ്.
https://www.facebook.com/Malayalivartha