ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങള്‍
തലയിലെ മസാജിങ്
തലയും കഴുത്തുമൊക്കെ മസാജ് ചെയ്യുന്ന രീതി ഇന്നു തികച്ചും സാധാരണമാണ്. വീടുകളില്‍ മാത്രമല്ല, മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ഷോപ്പുകളിലുമൊക്കെ തലയും കഴുത്തും മസാജ് ചെയ്യാറുണ്ട്. കഴുത്തിനു പിന്നില്‍ ഇടിച്ചും മസാജ് ചെയ്യാറുണ്ട്. എന്നാല്‍ കഴുത്തിന്റെ മേല്‍ഭാഗം ഏറെ കരുതല്‍ നല്‍കേണ്ടയിടമാണ്. കാരണം സുഷുമ്‌നാനാഡിയുടെ മേല്‍ഭാഗവും തലച്ചോറിലെ മെഡുല്ലയും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ ഭാഗങ്ങളില്‍ കരുതലോടെ മസാജ് ചെയ്തില്ലെങ്കില്‍ അതു ജീവനു തന്നെ ഭീഷണിയാകാം. അമിതബലം പ്രയോഗിക്കുന്ന തരം മസാജിങ് രീതികള്‍ ഒഴിവാക്കണം. എന്നാല്‍ പരിശീലനം കിട്ടിയവര്‍ സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി മസാജ് ചെയ്യുന്നതിനു കുഴപ്പമില്ല.. അടുത്തകാലത്തു തലയ്ക്കു മുറിവു പറ്റിയവര്‍, സ്‌ട്രോക്ക് ഉണ്ടായവര്‍, കടുത്ത പനിയുള്ളവര്‍, അപസ്മാരബാധിതര്‍, ഡിസ്‌ക് പ്രശ്‌നമുള്ളവര്‍ എന്നിവരില്‍ തലയിലും കഴുത്തിലുമുള്ള മസാജിങ് ഒഴിവാക്കുന്നതാണുചിതം.
കൂടെക്കൂടെ കണ്ണു കഴുകുമ്പോള്‍
കണ്ണുകള്‍ ഒരു ദിവസം ഒന്നോ രണ്ടോ തവണ കഴുകുന്നതിനു കുഴപ്പമില്ല. എന്നാല്‍ ദിവസേന കൂടെക്കൂടെ കഴുകി വൃത്തിയാക്കുന്നവരുണ്ട്. അതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല. കാരണം കണ്ണുകളെ സദാ കഴുകി വൃത്തിയാക്കുക എന്നതാണു കണ്ണുനീരിന്റെ ഉദ്ദേശ്യം. കണ്ണുനീര്‍, ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളില്‍ നിന്നു കണ്ണിനെ സംരക്ഷിക്കുന്നു. അമ്ലക്ഷാരസ്വഭാവഗുണമുള്ള കണ്ണുനീരു കൊണ്ടുള്ള പ്രകൃതിദത്തമായ കഴുകലാണ് കണ്ണിന് ഏറ്റവും ഗുണകരം. കൂടെക്കൂടെ വെള്ളമൊഴിച്ചു കഴുകുമ്പോള്‍ കണ്ണുനീരിലെ ഈ സ്വാഭാവിക ഘടകങ്ങള്‍ നഷ്ടമാകുന്നു. കണ്ണുകഴുകണമെങ്കില്‍ തന്നെ കണ്‍പീലികളുടെ ഭാഗമാണു കഴുകേണ്ടത്. കാരണം പൊടിപടലങ്ങളും മറ്റും പീലിയിലാണ് അടിയുക. മാത്രമല്ല, കണ്ണടച്ചുവേണം കരുതലോടെ കണ്ണു കഴുകാന്‍.
മൂക്കു കഴുകല്‍
മൂക്കുതുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണു മൂക്കു കഴുകല്‍ ചെയ്യുന്നത്. മൂക്കുകഴുകുന്നതിനായി ഒരു സവിശേഷ ഉപകരണമുണ്ട്. നോസ്‌വാഷര്‍ എന്നറിയപ്പെടുന്ന ബള്‍ബിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിനു ട്യൂബു പോലുള്ള അറ്റമാണുള്ളത്. ബള്‍ബ് പോലുള്ള ഭാഗത്തു ഞെക്കി ട്യൂബുപോലുള്ള ഭാഗത്തു കൂടി വെള്ളം ഒരു നാസാദ്വാരത്തിലേക്കൊഴിച്ച് അതു കഴുകി അടുത്ത നാസാദ്വാരവും കഴുകി അതിലൂടെ വെള്ളം പുറത്തു കൊണ്ടു വരുകയാണു ചെയ്യുന്നത്. പലപ്പോഴും പൈപ്പുവെള്ളം പോലെ അണുവിമുക്തമാക്കാത്ത വെള്ളമായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. അതില്‍ ബാക്ടീരിയയും അമീബയുമൊക്കെ ഉണ്ടാകും . ഈ സൂക്ഷ്മാണുക്കള്‍ മൂക്കിനുള്ളില്‍ പറ്റിയിരുന്ന് ഭാവിയില്‍ അണുബാധയുണ്ടാക്കാം. അതിനാല്‍ അണുവിമുക്തമാക്കിയ വെള്ളം മാത്രമേ ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കാവൂ എന്ന് എഫ് ഡി എ നിര്‍ദേശിക്കുന്നു.
വായ് കുലുക്കുഴിയുമ്പോള്‍
വായ് വെള്ളമൊഴിച്ചു കുലുക്കുഴിഞ്ഞു വൃത്തിയാക്കുന്നതു ചിലരുടെ ശീലമാണ്. അതിന് ആരോഗ്യപരമായി തകരാറൊന്നുമില്ല. വായ്പുണ്ണ്, വായ്‌നാറ്റം എന്നീ പ്രശ്‌നങ്ങളകറ്റാന്‍ ആയുര്‍വേദത്തിലും അലോപ്പതിയിലും ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. പനിയും ജലദോഷവും മറ്റുമുള്ളപ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിയാറുണ്ടല്ലോ. അതുവളരെ നല്ലൊരു വീട്ടുചികിത്സയാണ്. ഉപ്പുവെള്ളത്തിലെ സോഡിയം ക്ലോറൈഡ് തൊണ്ടയിലെ നീര് കുറയ്ക്കാനും സഹായകരമാണ്. ഇപ്പോള്‍ വായ് കുലുക്കുഴിഞ്ഞു വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം മൗത്ത്‌വാഷുകളും വിപണിയിലുണ്ട്. ഓരോരുത്തരും യോജിച്ച മൗത്ത്‌വാഷുകള്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ തിരഞ്ഞെടുക്കുക. അളവനുസരിച്ച് മൗത്ത്‌വാഷില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചോ, അല്ലാതെയോ ഉപയോഗിക്കുക.
ചെവിത്തോണ്ടിയിട്ടാല്‍
ചെവിക്കുള്ളിലെ വാക്‌സ് അഥവാ കര്‍ണമെഴുകിനെ നീക്കാനാണിങ്ങനെ ചെയ്യുന്നത്. എന്നാല്‍ ചെവിത്തോണ്ടിയും ബഡ്‌സും മറ്റും ഉപയോഗിക്കുമ്പോള്‍ പലരും കൃത്യതയോടും സൂക്ഷ്മതയോടുമാകില്ല അതു ചെയ്യുന്നത്. ബഡ്‌സ് പോലുള്ളവ കര്‍ണപടത്തില്‍ തട്ടിയാല്‍ അതിനു ദ്വാരമുണ്ടാകാനിടയാകും. ഇതു കേള്‍വി ശക്തിയെത്തന്നെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് അധികം ആഴത്തില്‍ ചെവി വൃത്തിയാക്കാതിരിക്കുക. കഴിയുന്നതും വാക്‌സ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്കും ചെവിയിലെ അസ്വസ്ഥതകള്‍ക്കും സ്വയംചികിത്സ ഒഴിവാക്കുന്നതാണ് ആരോഗ്യകരം. കഴിയുന്നതും ഡോക്ടറെ കണ്ടു തന്നെ ചികിത്സിക്കുക.
https://www.facebook.com/Malayalivartha