തലയുടെ ഇണ തരും പണികൾ ; തലയിണ ഉപയോഗം തലവേദനയാകാതിരിക്കാൻ ഈ കാര്യങ്ങൾ അറിയൂ

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തലയുടെ ഇണയാണ് തലയിണ. ഉറങ്ങാൻ നേരം തലയിണയില്ലെങ്കിൽ അത് പലർക്കും ബുദ്ധിമുട്ടാണ്. സാധാരണ ആയി കഴുത്തുവേദന, പുറംവേദന, നടുവ് വേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ആണ് തലയിണ ഒഴിവാക്കി കിടക്കുന്നത്. തലയെ താങ്ങാനും സുഖമായ ഉറക്കം കിട്ടാനും തലയിണ സഹായിക്കുന്നു. തല ചായ്ക്കാൻ മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും നാം തലയിണ ഉപയോഗിക്കുന്നു. കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിന്, കസേരയിൽ ഇരിക്കുമ്പോൾ, നടുവിൽ നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനിനൊക്കെ തലയിണ ഉപയോഗിക്കുന്നു. മാത്രമല്ല നമ്മുടെ കരയുമ്പോൾ മുഖം അമർത്തി കരയാൻ വേണ്ടിയും നാം തലയിണയെ ആശ്രയിക്കുന്നു. എന്തൊക്കെയായാലും തലയിണയെ നന്നായി ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും എന്ന കാര്യം ഉറപ്പാണ്. നല്ല ഉറക്കം കിട്ടാന്‍ തലയിണയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം.
നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു വശം ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ കിടക്കുന്ന ആളുടെ താഴെ ചെവിക്കും ആ തോളിനുമിടയിലെ അകലം നികത്തുന്ന കട്ടി തലയിണയാണ് വേണ്ടത്. ഒരുവശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ട് മടക്കി നട്ടെല്ല് ഏതാണ്ട് നിവർന്നിരിക്കുന്ന അവസ്ഥയില്‍ കിടക്കുന്നതാണ് സൗകര്യം. കാൽമുട്ടുകൾക്കിയിൽ തലയിണ വയ്ക്കുന്നത് ഇടുപ്പെല്ലിനു താങ്ങ് നൽകും. കമിഴ്ന്ന് കിടന്നു ഉറങ്ങുന്നവർ തലയിണ ഉപയോഗിക്കണമെന്നില്ല. പക്ഷേ നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വെക്കുന്നത് ഏറെ നല്ലതായിരിക്കും. കിടന്നുകൊണ്ട് പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം. കിടക്കുമ്പോൾ കഴുത്തിൽ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിർത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും.
രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ആഴ്ചയിലൊരിക്കലിങ്കിലും കഴുകി വൃത്തിയാക്കണം. കൂർക്കം വലി ഉള്ളവർ ശ്രദ്ധിക്കുക. കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായകമാണ്. തൂവൽ നിറച്ച തലയിണ, ഹൈപ്പോഅലർജെനിക് വൂൾ കൊണ്ടുള്ള തലയിണ, വെള്ളം നിറച്ച തലയിണ എന്നിങ്ങനെ പല തരത്തിൽ തലയിണകൾ വിപണിയിൽ കിട്ടാറുണ്ട്. തൂവൽ നിറച്ച തലയിണയ്ക്ക് വില കൂടും. അലർജി പ്രശ്നമുള്ളവർക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോ അലർജെനിക് വൂൾ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവർക്ക് വെള്ളം നിറച്ച തലയിണ പ്രയോജനകരമാണ്.
കഴുത്തുവേദന, പുറംവേദന, നടുവ് വേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ആണ് തലയിണ ഒഴിവാക്കി കിടക്കുന്നത്. ഇത്തരം അസുഖങ്ങളുമായിട്ട് ആശുപത്രിയിലെത്തിയാൽ തലയിണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടർമാർ ഇവർക്ക് നിർദേശിക്കുന്നത്. ഡോക്ടർമാർ ഇത്തരം അസുഖങ്ങളാൽ വലയുന്നവരോട് ഉറങ്ങുമ്പോൾ തലയണ പൂർണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതിന് പല കാരണങ്ങളാണുള്ളത്. അതിൽ പ്രധാന കാരണം ഉയരമുള്ള തലയണ തലയിൽ വെച്ചാൽ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അതുകൊണ്ട് ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് കഴുത്ത് അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും.അസുഖം ഉണ്ടെങ്കിലും തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയില്ലെന്ന നിർബന്ധമുള്ളവർ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക. കഴുത്ത് വേദന ഉള്ളവർ ആണെങ്കിൽ അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് കഴുത്തിന് നല്ലത്. കൂടാതെ നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ ഉപയോഗിക്കാം. നമ്മുടെ ആരോഗ്യത്തിനും ശരീര പ്രകൃതിക്കുമനുസരിച്ച് അസുഖങ്ങൾ വരാതെ കാക്കുന്ന തലയിണകൾ ഉപയോഗിക്കുന്നത് ആയിരിക്കും ആരോഗ്യത്തിനും ഉറക്കത്തിനും നല്ലത്.അപ്പോൾ തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർക്കുക.
https://www.facebook.com/Malayalivartha