കുഞ്ഞുങ്ങളെ കളിപ്പിക്കുന്നവരേ ; കുഞ്ഞ് നിങ്ങളെ പഠിക്കുകയാ ; മറക്കേണ്ട

കുഞ്ഞ് കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ കണ്ടയുടന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയോ ഗോഷ്ടി കാണിച്ചോ ഒക്കെ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നാം നോക്കാറുണ്ട്. മറ്റ് ചിലരാകട്ടെ കുഞ്ഞുങ്ങളോട് വെറുതെ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. ഓരോരുത്തരും കുഞ്ഞുങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത് വേറിട്ട രീതികളിലാണ്. എന്നാല്‍ ഈ സമയങ്ങളിലെല്ലാം കുഞ്ഞിന്റെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളെന്താണെന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? അവര്‍ വെറുതെ നമ്മളെ കേള്‍ക്കുകയോ, വെറുതെ നമ്മളെ കാണുകയോ മാത്രമല്ല, നമ്മളെ പഠിച്ചുകൊണ്ടിരിക്കുകയും കൂടി ചെയ്യുകയാണ്. പുതിയ പഠനങ്ങളാണ് ഇത് പറയുന്നത്. 'ഡെവലപ്മെന്റല്‍ സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകൾ വന്നിരിക്കുന്നത്. മൂന്ന് വയസ് മുതലുള്ള കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ സംസാരത്തിനൊപ്പം തന്നെ അവരുടെ മുഖത്തെ ഭാവങ്ങളും, മുഖത്തെ അവയവങ്ങളുടെ ചലനങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും . ഈ നിരീക്ഷണത്തില്‍ ഓരോ വ്യക്തിയേയും കുഞ്ഞ് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ആ കുഞ്ഞ് കണ്ണുകൾ എന്തൊക്കെയെന്നോ മനസിലാക്കിയെടുക്കുന്നത്. അയാള്‍ നല്ലയാളാണോ, വിശ്വസിക്കാന്‍ കൊള്ളാമോ, അതോ തന്നോട് വഴക്കടിക്കുമോ, ഇങ്ങനെയെല്ലാം കുഞ്ഞ് മനസ്സുകള്‍ ചിന്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിലയിരുത്തല്‍ നടത്തല്‍ മാത്രമല്ല, വലുതാകുമ്പോൾ അവരെ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും അവർ തീരുമാനിക്കുന്നുണ്ടത്രേ. മുന്നൂറ്റിയമ്പതോളം കുഞ്ഞുങ്ങളില്‍ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസ് ആകുമ്പോൾ ഇക്കാര്യത്തില്‍ കുട്ടികള്‍ സ്വയം പര്യാപ്തരുമാകുമത്രേ. പിന്നീട് ഏതാണ്ട് 13 വയസ് വരെ കുട്ടികളില്‍ ഈ സ്വഭാവത്തിന്റെ ബാക്കിപത്രങ്ങള്‍ കിടക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞ് ജനിക്കുന്നതു മുതൽ ശ്രദ്ധയും കരുതലും ലഭിക്കുന്നതും അവഗണിക്കപ്പെടുന്നതും തമ്മിൽ തിരിച്ചറിയുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങൾ കാരണമില്ലാതെ നിർത്താതെ കരയുന്നുണ്ടെങ്കിൽ അത് അമ്മയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്ന് കരുതാം. കണ്ണിലേക്ക് നോക്കുക, വിശേഷങ്ങൾ പറയുക, കൈകാലുകളിലും നെറുകയിലും തലോടുക, മുഖത്തു നോക്കിക്കൊണ്ട് മുലപ്പാലൂട്ടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധക്കുറവിന്റെ പ്രശ്നങ്ങൾ ഭാവിയിൽ കുട്ടികൾക്ക് വരാതിരിക്കാൻ സഹായിക്കും. കുട്ടിക്ക് ആവശ്യമുള്ള ശ്രദ്ധ നൽകുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha