എന്തുകൊണ്ട് സിസ്സേറിയൻ;നക്ഷത്രവും സമയവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്ത്;ഉത്തരം നൽകി പഠനങ്ങൾ

എന്ത് തരം പ്രസവം വേണമെന്നത് ഇന്ന് കുടുംബങ്ങളിൽ നടക്കുന്ന സാദാരണ ചർച്ചാവിഷയമാണ് . സുഖ പ്രസവം തിരഞ്ഞെടുക്കുന്നവരും സിസ്സേറിയൻ തിരഞ്ഞെടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. കഠിന വേദന സഹിക്കാൻ വയ്യാതെ സിസ്സേറിയൻ തിരഞ്ഞെടുക്കുന്നവരും നല്ല സമയവും നക്ഷത്രവും നോക്കി പ്രസവദിനം തിരഞ്ഞെടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. കേരളത്തിൽ എന്നുമാത്രമല്ല ലോകമൊട്ടാകെ സിസ്സേറിയൻ പ്രസവങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. എന്തുകൊണ്ടായിരിക്കും സിസേറിയൻ പ്രസവങ്ങൾ ഇത്രമേൽ വർധിക്കാൻ കാരണം? എല്ലാ സിസേറിയൻ പ്രസവങ്ങളും അനിവാര്യമായ കാരണങ്ങൾ കൊണ്ടാണോ നടന്നിട്ടുണ്ടാവുക? അങ്ങനെയല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗർഭിണികളും അവരുടെ രക്ഷിതാക്കളും ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പ്രസവം സിസ്സേറിയൻ ആക്കിമാറ്റുന്നത് എന്ന് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. വിദ്യാസമ്പന്നരും പണക്കാരുമാണ് സിസേറിയന് കൂടുതലായും വിധേയമാകുന്നതെന്നും ആശ്ചര്യം ഉണർത്തുന്നു. ചില അന്ധവിശ്വാസങ്ങളും പലപ്പോഴും സിസേറിയൻ പ്രസവങ്ങൾക്ക് കാരണമാകാറുണ്ട് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പല സ്വകാര്യ ആശുപത്രികളും ഗൈനക്കോളജിസ്റ്റിനൊപ്പം ഒരു ജ്യോതിഷിയെക്കുടി ഇപ്പോൾ നിയമിക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.മാതാവും കുടുംബവും ഉദ്ദേശിക്കുന്ന തീയതിയിലും സമയത്തും പ്രസവം ഒരുക്കാൻ ഇത്തരം ജ്യോതിഷികൾ സഹായിക്കുന്നു. ലക്ഷണമൊത്ത നാൾ ഇത്തരം ജ്യോതിഷി കുറിച്ചു തരും. അതിനനുസരിച്ചു പ്രസവം നടത്താൻ ആശുപത്രി അധികൃതരും മാതാപിതാക്കളും തയ്യാർ. ഇതൊക്കെ വടക്കേ ഇന്ത്യയിലെ കാര്യമല്ലേ എന്ന് പുച്ചിച്ചു തള്ളണ്ട. കേരളത്തിലെ മിക്ക ഇടത്തും ഇന്ന് ഇത്തരം ജ്യോതിഷിയുടെ സേവനങ്ങൾ സുലഭമാണ്.
കേരളത്തിൽ ശസ്ത്രക്രിയ പ്രസവങ്ങൾ എങ്ങനെ ആരംഭിച്ചു എന്നും എങ്ങനെ അവയ്ക്കു പ്രചാരം ലഭിച്ചു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതിനുമുൻപ് ആരാണ് ശവരിമുത്തു എന്നും ശവരിമുത്തുവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്താണെന്നും മനസിലാക്കാം.
കേരള ചരിത്രത്തിൽ ശവരിമുത്തുവിന് നിർണായക സ്ഥാനമാണുള്ളത്. കേരളത്തിൽ ആദ്യമായി പ്രസവശസ്ത്രക്രിയയിലൂടെ ജനിച്ച ആളാണ് ശവരിമുത്തു എന്ന മിഖായേൽ ശവരിമുത്തു. 1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് മേരി എന്ന സ്ത്രീ ശവരിമുത്തുവിന് ജന്മം നൽകുന്നത്. മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പിറന്നത് ചാപിള്ളയായിരുന്നു. ഇതോടെ ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ മേരി നിർബന്ധിതയാകുകയായിരുന്നു. ആ ശസ്ത്രക്രിയ വിജയിച്ചു.ശവരിമുത്തു പിറന്നു. മൂന്ന് വർഷത്തിനുശേഷം ശവരിമുത്തുവിന് ഒരനുജൻ കുടി ശസ്ത്രക്രിയയിലൂടെ ജനിച്ചു.
1866 മുതൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ സ്ത്രീകളെ കിടത്തി ചികിത്സിക്കുന്നതിനായി പ്രത്യേക കെട്ടിടമുണ്ടായിരുന്നു. പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾ തിരുവിതാംകൂറിൽ വർധിക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള ആശുപത്രി എന്നൊരാശയം അധികൃതരിൽ ഉടലെടുക്കുന്നത്. 1870ൽ എട്ട് നായർ സ്ത്രീകൾ പ്രവസ ചികിത്സയിൽ പരിശീലനം നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1905ലാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നത്. ഇതിനുശേഷം തിരുവിതാംകൂറിൽ മാതൃ-ശിശു മരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് കേരളത്തിൽ ആദ്യമായി പ്രസവ ശാസ്ത്ര ക്രിയയിലൂടെ ശവരിമുത്തു ജനിക്കുന്നത്. അക്കാലത്ത് വികസിത രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള പ്രസവ ശസ്ത്രക്രിയ സാധാരണക്കാർക്കും ലഭ്യമാകുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.
ആരോഗ്യ മേഖലയിൽ വികസനത്തിെൻറ ഏത് മാനദണ്ഡങ്ങൾ പരിഗണിച്ചാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം ആണ്. ഉയർന്ന സാക്ഷരതയും പ്രാഥമിക ആരോഗ്യ വിദ്യാഭ്യാസവുമാണ് ഇത്തരമൊരു നേട്ടത്തിലേക്കെത്താൻ കേരളത്തിനെ സഹായിച്ചത്. ഡിഫ്തീരിയ, മീസിൽസ് തുടങ്ങിയ രോഗങ്ങളുടെ നിർമാർജ്ജനം സാധിച്ചതും ഇതുകൊണ്ടു തന്നെയാണ്.
മികച്ച അറിവും വിദ്യാഭ്യാസവും ഉണ്ടെങ്കിലും കേരളത്തിലെ ജനങളുടെ അന്ധവിശ്വാങ്ങളും, സുഖസൗകര്യങ്ങളോടുള്ള ആസക്തിയും പല അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും കാണാൻ സാധിക്കും. ഇതിനു ഉദാഹരണമാണ് പ്രകൃതി ചികിത്സയും വാട്ടർ ബർത്ത് പോലുള്ള പ്രസവ പരീക്ഷണ മുറകളും. പ്രകൃതി ചികിത്സയുടെയും മറ്റും പേരിൽ നടക്കുന്ന ഗർഭകാല ചികിത്സകൾ പലപ്പോഴും മരണത്തിലേക്ക് വഴിമാറുന്നു. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം പൂജപ്പുരയിലെ ആയുർവേദ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരണപ്പെട്ടത്. ഇന്ന് ആയുർവേദ ആശുപത്രികളിൽ മോഡേൺ പ്രസവ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരമൊരു കൂട്ടിക്കലർത്തലിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുന്ന മറ്റൊരു പരീക്ഷണമാണ് ‘വാട്ടർ ബർത്ത്'. ആദ്യ പ്രസവം സിസേറിയൻ ആയാലും രണ്ടാം പ്രസവം നാച്വറലാക്കും എന്നതാണ് ഇത്തരം ചികിത്സയുടെ മേൻമയായി പ്രചരിക്കുന്നത്. എന്നാൽ യാതൊരു സുരക്ഷിതത്വം ഇല്ലാത്തതും പലപ്പോഴും മരണത്തിൽ കലാശിക്കുന്നതുമാണ് ഇത്തരം പ്രസവ മുറകൾ. ഇത്തരം പ്രവർത്തികളിൽ ആകൃഷ്ടരാകുന്നവരെല്ലാം വിദ്യാസമ്പന്നരാണെന്നതാണ് ഏറ്റവും കൗതുകകരം. ആധുനിക വൈദ്യശാസ്ത്രത്തോടുള്ള നിഷേധാത്മക സമീപനവും ഇക്കൂട്ടരിൽ കാണാൻ സാധിക്കും. പല രാജ്യങ്ങളും ഇന്ന് ‘വീട്ടിലെ പ്രസവ’ സങ്കൽപത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. താരതമ്യേന സങ്കീർണത കുറഞ്ഞ പ്രസവമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ പരിശീലനം പരിശീലനം ലഭിച്ച മിഡ്വൈഫിെൻറ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കാനുള്ള സൗകര്യമേർപ്പെടുത്തുക എന്നത് പല രാജ്യങ്ങളിലും നിയമപരമായി തന്നെ ഇന്ന് അനുവദിക്കുന്നുണ്ട്.
1985ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പ്രസവങ്ങളിൽ 10 മുതൽ 15 ശതമാനം വരെ സിസേറിയൻ ആകുന്നതിൽ തെറ്റില്ല.ഇന്ത്യയിലെ കണക്കു പ്രകാരം 2005ൽ എട്ടര ശതമാനമായിരുന്നു സിസേറിയൻ. പത്ത് വർഷങ്ങൾക്കിപ്പുറം അത് 17.2 ശതമാനമായി ഉയർന്നു. 102 ശതമാനത്തിന്റെ വർധനയാണ് പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളമടക്കം 16 സംസ്ഥാനങ്ങളിൽ സിസേറിയൻ പ്രസവങ്ങൾ ഇരട്ടിയായതായും പഠനങ്ങൾ തെളിയിക്കുന്നു. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ തന്നെ സിസേറിയൻ നിരക്ക് 31 ശതമാനം വർധിച്ചുവെന്നത് ആരോഗ്യ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ സൂചകമായി കാണാം.
അത്യാവശ്യ ഘട്ടങ്ങളിൽ സിസ്സേറിയനെ സമീപിക്കുന്നതിൽ തെറ്റില്ല. എന്നാൽ അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ സിസ്സേറിയനും വാട്ടർ ബിർത്തും പോലുള്ളവ തിരഞ്ഞെടുക്കുന്നവർ ഒന്നാലോചിക്കുക. സ്വന്തം ജീവൻ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവനും ആണ് നിങ്ങൾ അപകടത്തിലാക്കുന്നത്.
https://www.facebook.com/Malayalivartha