പുഞ്ചിരിതൂകും പാല്‍പല്ലുകള്‍ക്ക്....
കുഞ്ഞുപ്പല്ലുകള്‍ മുളയ്ക്കുന്നത് കാണുമ്പോഴത്തെ അമ്മമാരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതു തന്നെ. ആരും കണ്ടാല്‍ കൊതിക്കുന്ന കുഞ്ഞുപല്ലുകള്‍ നിങ്ങളുടെ കുഞ്ഞിനും കൊതിക്കുന്നില്ലെ...
സാധാരണയായി കുഞ്ഞുങ്ങളില്‍ ആറു മാസം പ്രായമാകുമ്പോള്‍ പല്ലു മുളയ്ക്കാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍, മറ്റുചില കുഞ്ഞുങ്ങളില്‍ ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ചില കുട്ടികളില്‍ ആറു മാസത്തിനുമുമ്പ് പല്ലു മുളച്ചുതുടങ്ങുന്നു. എന്നാല്‍, ചില കുട്ടികളില്‍ എട്ടോ ഒമ്പതോ പത്തോ മാസങ്ങള്‍ കഴിഞ്ഞിട്ടേ പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൗരവമായി കണക്കാക്കേണ്ടതില്ല.
ജനിക്കുമ്പോള്‍തന്നെ മുളച്ച പല്ലുകള്‍ ഉള്ള കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് പ്രയാസം ഉണ്ടാകാറുണ്ട്. അതേസമയം പൂര്‍ണമായി രൂപം പ്രാപിക്കാത്ത ഇത്തരം പല്ലുകള്‍ കുഞ്ഞുങ്ങളുടെ നാക്കിനടിയില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതിനു ഹേതുവാകാറുണ്ട്. ഇത്തരം തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ പല്ലുകള്‍ എടുത്തുകളയുകയാണ് ഉത്തമം. ഇതിനായി ശിശുദന്തചികിത്സാവിദഗ്ദ്ധനെത്തന്നെ കാണണം.
ആദ്യമായി പല്ലു മുളയ്ക്കുമ്പോള്‍ മോണയ്ക്ക് ചുവപ്പ്, തടിപ്പ്, പനി, വയറിളക്കം, വായില്‍നിന്ന് ഉമിനീര്‍സ്രവം എന്നിവ ഉണ്ടാകാറുണ്ട്. കുട്ടികളില്‍ ഇതോടൊപ്പം അസ്വസ്ഥത, വിശപ്പില്ലായ്മ, കരച്ചില്‍ മുതലായ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
ഈ അവസ്ഥകളെ നിയന്ത്രിക്കുന്നതിന് പല മാര്‍ഗങ്ങളുണ്ട്. കടിക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങള്‍ (റ്റീത്തിങ് റിങ്ങുകള്‍, താക്കോല്‍, കിലുക്കാംപെട്ടി) കടിക്കുന്നതുവഴി അസ്വസ്ഥത കുറയ്ക്കാം.
പക്ഷേ, ഇത്തരം കളിപ്പാട്ടങ്ങള്‍ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും വലുപ്പത്തില്‍ ചെറുതല്ലാത്തതും ഭാഗങ്ങള്‍ ഇളകിവരാത്തവയുമായിരിക്കണം. ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുത്താല്‍ കടിക്കുന്ന കൂട്ടത്തില്‍ വിഴുങ്ങാനും ശ്വാസതടസം ഉണ്ടാകാനും കാരണമാകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കടിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍, അധികം പഞ്ചസാരയോ മധുരമോ ഇല്ലാത്ത കട്ടിയുള്ള റെസ്‌ക്, ബിസ്‌കറ്റ് എന്നിവ ഈ അവസരത്തില്‍ കടിച്ചുതിന്നാന്‍ കൊടുക്കാവുന്നതാണ്. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്‌മെന്റുകള്‍ മോണയില്‍ പുരട്ടാം. പനിയും വേദനയും കൂടുതലുണ്ടെങ്കില്‍ ശിശുക്കള്‍ക്ക് പാരസെറ്റമോള്‍ അടങ്ങിയ വേദന സംഹാരികള്‍ കൊടുക്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗചികിത്സാ വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നടത്തേണ്ടതാണ്.
എന്നാല്‍, ചില കുട്ടികളില്‍ പല്ലുകള്‍ (പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും) വൈകിയാണ് മുളയ്ക്കാറ്. 6 മാസം വരെയുള്ള കാലതാമസം സ്വാഭാവികമാണ്. എന്നാല്‍, അതുകഴിഞ്ഞും പല്ലു മുളച്ചില്ലെങ്കില്‍ വിദഗ്ദ്ധ ദന്തഡോക്ടറുടെ നിര്‍ദ്ദേശം തേടണം. ചില തൈറോയിഡ്, പാരാതൈറോയിഡ് എന്നീ ഹോര്‍മോണുകളുടെ അളവിന്റെ വ്യത്യാസം പല്ലുകള്‍ മുളയ്ക്കുന്നതിനുള്ള കാലതാമസത്തിന് ഇടവരുത്തും. ഗ്രന്ഥികളുടെ പ്രവര്‍ത്തനക്കുറവുമൂലമുണ്ടാകുന്ന അവസ്ഥ ചികിത്സിച്ചു ശരിയാക്കേണ്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha