ഉറങ്ങുമ്പോൾ മുറിയില്‍ വെളിച്ചമുണ്ടാകാറുണ്ടോ? അപകടമാണ് കേട്ടോ ഈ ശീലം; ഈ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്
ഉറങ്ങുന്ന സമയത്ത് മുറിയിൽ ബെഡ് ലാംപ് തെളിച്ചു വയ്ക്കുന്ന ശീലം മിക്കവർക്കും ഉള്ളതാണ്. എന്നാൽ ഉറങ്ങുന്ന മുറിയിൽ അൽപം പോലും വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം, ചയാപചയ രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫെയ്ന്‍ബര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത് പ്രകാരം വെളിച്ചമുള്ള മുറിയില്‍ ഉറങ്ങിയാല്‍ ഉറക്കത്തിലും ഒരാളുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണയായി ഹൃദയമിടിപ്പും ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ പകല്‍ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ഈ ക്രമത്തെയാണ് വെളിച്ചമുള്ള ഇടത്ത് കിടന്നുള്ള ഉറക്കം താളം തെറ്റിക്കുന്നത്.
അതേസമയം ഇങ്ങനെ രാത്രിയില്‍ വെളിച്ചം കൂടുതല്‍ കണ്ണില്‍ അടിക്കുന്നവര്‍ക്ക് അമിതഭാരവും അമിതവണ്ണവും ഉണ്ടാകാറുണ്ടെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ഉറങ്ങുന്ന മുറിയില്‍ ടിവിയും കംപ്യൂട്ടറുകളും ഓണാക്കി വയ്ക്കുന്നതും വെളിച്ചത്തിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. ചെറിയ വെളിച്ചം പോലും ശരീരത്തെ ഉറക്കത്തിലും അതിജാഗ്രതാവസ്ഥയില്‍ എത്തിക്കുന്നതായി ഗവേഷണറിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ഉറങ്ങുന്ന മുറിയിലെ വെളിച്ചങ്ങള്‍ എല്ലാം അണയ്ക്കാന്‍ ശ്രദ്ധിക്കുകയും പുറത്തെ വെളിച്ചം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ട്ടനുകള്‍, ഐ മാസ്ക് പോലുള്ളവ ഉപയോഗിക്കുകയും ചെയ്യുക. ഇനി സുരക്ഷാ കാരണങ്ങളാല്‍ ബെഡ് ലാംപ് വച്ചാല്‍ത്തന്നെ അവ തറയോട് ചേർത്തു വയ്ക്കാൻ ശ്രദ്ധിക്കുക. ഉറക്കമുറിയിലെ വെളിച്ചം വെള്ളയോ നീലയോ നിറമാകാതിരിക്കാനും ശ്രദ്ധിക്കണം. ചുവപ്പ്, ഓറഞ്ച്, അംബര്‍ തുടങ്ങിയ നിറങ്ങള്‍ തലച്ചോറിനെ വലിയ തോതില്‍ ഉത്തേജിപ്പിക്കില്ല.
https://www.facebook.com/Malayalivartha