മീല്‍സ് ഓണ്‍ വീല്‍സ്
വാര്‍ധക്യം എല്ലാ നാടുകളിലും എല്ലാ കാലങ്ങളിലും മനുഷ്യരാശിയെ തുറിച്ചു നോക്കുന്ന പ്രശ്‌നമാണ്.അതിന്റെ കാഠിന്യം പരമാവധി കുറയ്‌ക്കാന്‍ പൗരന്മാരെ സഹായിക്കേണ്ടതു ഭരണകൂടമാണ്. വികസിത രാഷ്‌ട്രമായ ബ്രിട്ടണില്‍ ഇതിന്റെ നിര്‍വഹണം എങ്ങനെയെന്ന് ഒന്നു പരിശോധിക്കാം. അവിടത്തെ സാമൂഹിക സാഹചര്യപ്രകാരം മക്കള്‍ അടുത്തുണ്ടാകില്ല.താന്‍ പോരിമയുള്ളവരാണു മാതാപിതാക്കള്‍. പരാശ്രയം ഇഷ്‌ടപ്പെടാത്തതിനാല്‍ വീട്ടില്‍ ഒറ്റയ്‌ക്കോ ദമ്പതികളായോ അവര്‍ കഴിയുന്നു. പക്ഷേ, പുറത്തുപോയി വരാന്‍ കഴിയാത്ത അവസ്ഥയിലെത്തിയാലോ? ദിനകൃത്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം അവശരായാലോ? അപ്പോള്‍ സോഷ്യല്‍ സര്‍വീസ് വകുപ്പിനെ സമീപിക്കാം. അവര്‍ സഹായത്തിനെത്തും. ഒപ്പം ഹെല്‍ത്ത് സര്‍വീസും. അവരുടെ സേവനം രണ്ടു വിധത്തിലാണ്. ഒന്നു നേഴ്‌സിംഗ് ഹോം- അവശരായ വൃദ്ധരെ സംരക്ഷിക്കുന്ന സ്ഥാപനം. രണ്ടു റസിഡന്‍ഷ്യല്‍ ഹോം- സ്വന്തം വീട്ടില്‍ താമസിച്ചുകൊണ്ടു സോഷ്യല്‍ സര്‍വീസിന്റെ സേവനം സ്വീകരിക്കുന്നത്.
`ഞാനെന്റെ വീട്ടില്‍ ജീവിച്ചുകൊള്ളാം. മറ്റൊരിടത്ത് പോകാനാവില്ല.'
ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. അവര്‍ക്കു വീട്ടില്‍തന്നെ തുടരാം. സാമൂഹികക്ഷേമ വകുപ്പില്‍ നിന്നു കെയറര്‍മാര്‍ നിത്യവും വീട്ടിലെത്തും. അവര്‍ വൃദ്ധനെ (വൃദ്ധയെ) പ്രാഥമിക കര്‍മങ്ങള്‍ ചെയ്യിക്കും, കുളിപ്പിക്കും, ഭക്ഷണം കഴിപ്പിക്കും, മരുന്നു നല്‌കും, കുശലം പറയും. അതിനുള്ള ട്രെയിനിംഗ് ലഭിച്ചവരാണവര്‍. മണിക്കൂറിനു പ്രതിഫലം വാങ്ങി, പല വീടുകളില്‍ പണിയെടുക്കുന്നവര്‍. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നു വന്ന കെയറര്‍മാരുണ്ടിവിടെ.
വൃദ്ധര്‍ക്കുള്ള ഭക്ഷണം സോഷ്യല്‍ സര്‍വീസ് വകുപ്പിന്റെ വണ്ടിയില്‍ വീടുകളില്‍ എത്തിക്കും. ദിവസം മൂന്നോ നാലോ തവണ. ഇതാണു `മീല്‍സ് ഓണ്‍ വീല്‍സ്'. പ്രായമേറിയവര്‍ക്കു രുചിഭേദങ്ങള്‍ ഉള്ളതിനാല്‍ അവരോടു ചോദിച്ചറിഞ്ഞാണു ഭക്ഷ്യയിനങ്ങള്‍ നിശ്ചയിക്കുന്നത്. സ്വയം ഭക്ഷിക്കാന്‍ കഴിയാത്തവര്‍ക്കു കെയറര്‍ എടുത്തുകൊടുക്കും. തുടര്‍ന്നു മരുന്നുകളും. ഇടയ്‌ക്കു വീല്‍ചെയറില്‍ ഇരുത്തി ആശുപത്രികളില്‍ കൊണ്ടുപോകും, ചെക്കപ്പിനും മരുന്നിനും. അങ്ങനെ എല്ലാകാര്യങ്ങളും.
വീടിനോടു വിടപറഞ്ഞു മറ്റൊരുവീട്ടിലേക്ക,് അതാണു നേഴ്‌സിംഗ് ഹോം. അവശരായ വൃദ്ധര്‍ക്കു ശിഷ്‌ടകാലം ഇവിടെ കഴിയാം. ദിനചര്യകളില്‍ സഹായിക്കാനും ഭക്ഷണവും മരുന്നും നല്‌കാനും കെയറര്‍മാരുണ്ട്. ഡോക്‌ടര്‍മാര്‍ വന്നു ചെക്കപ്പു നടത്തി മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ടി.വി. പരിപാടികള്‍ കാണാം. സംഗീതം ആസ്വദിക്കാം. ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാം. പാര്‍ക്കിലിരുന്നു കാറ്റുകൊള്ളാം. കുറേ ആളുകള്‍ ഒന്നിച്ചു കഴിയുന്നതിനാല്‍ കുശലം പറഞ്ഞിരിക്കാനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനും സാഹചര്യമുണ്ട്. ശയ്യാവലംബികളായാലോ? ആവശ്യങ്ങള്‍ക്കു കെയററെ വിളിക്കാന്‍ കിടപ്പില്‍തന്നെ സൗകര്യമുണ്ട്, കോളിംഗ് ബെല്‍ ഫോണ്‍ എന്നിവ. സ്ഥാപനത്തിന്റെ ചെലവിനുള്ള ഫണ്ട് സാമൂഹികക്ഷേമ വകുപ്പില്‍ നിന്നു ലഭിച്ചുകൊള്ളും.
ഒരു വ്യക്തിയുടെ മരണം വീട്ടിലായാലും സ്ഥാപനത്തിലായാലും തുടര്‍നടപടികള്‍ ഒരു പോലെയാണ്. മരണാസന്നര്‍ക്കു ഡോക്‌ടറുടെയും നേഴ്‌സിന്റെയും സേവനം സദാ ലഭ്യമാണ്. ദൂരെയുള്ള മക്കളെയും ബന്ധുക്കളെയും വിവരമറിയിക്കും. അവര്‍ വന്നേക്കാം. ഇല്ലെങ്കില്‍ കാത്തിരിക്കേണ്ട എന്നറിയിക്കും! സംസ്‌കാരച്ചടങ്ങുകള്‍ക്കു സ്ഥാപനത്തെ ചുമതലപ്പെടുത്തും. അതിന്`അണ്ടര്‍റ്റേക്കേഴ്‌സ്' എന്ന സ്ഥാപനങ്ങളുണ്ട്. മരിച്ചാലുടന്‍ അവര്‍ ചുമതലയേല്‌ക്കും. പരേതന്റെ വില്‌പത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ആഡംബരങ്ങളോടെ സംസ്‌കാരക്രിയ നടത്തിക്കൊള്ളും. ശവപ്പെട്ടി, കല്ലറ, സ്‌മാരകഫലകം, ശവഘോഷയാത്ര, മതചടങ്ങുകള്‍, അന്ത്യവിശ്രമം, ചരമവാര്‍ഷികത്തിനു സെമിത്തേരിയില്‍ നടത്തേണ്ട പ്രാര്‍ത്ഥനകള്‍ വരെ എല്ലാം കരാര്‍ അടിസ്ഥാനത്തില്‍! പരേതനു സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ ഒസ്യത്തില്‍ പറഞ്ഞതനുസരിച്ചു ബന്ധുക്കള്‍ക്ക് ഏല്‌പിച്ചുകൊടുക്കുന്നതു നിയമവകുപ്പിന്റെ ജോലി. എല്ലാം വ്യവസ്ഥാപിതം!
സാമൂഹിക ക്ഷേമവകുപ്പും ആരോഗ്യവകുപ്പും ഇത്രയെല്ലാം ശ്രദ്ധിച്ചിട്ടും അജ്ഞാതമരണങ്ങള്‍ സംഭവിക്കുന്നു. സ്വന്തം വീട്ടില്‍ ഒറ്റയ്‌ക്കു താമസിക്കന്നുവര്‍ക്കാണ് ഈ ദുര്യോഗത്തിനു സാധ്യത. അയല്‍ ബന്ധങ്ങള്‍ കുറവായതാണു പ്രധാന കാരണം. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. `ഹായ,് ഹായ് ബന്ധം' അത്രമാത്രം. അതിനാല്‍ ഒറ്റയ്‌ക്കു താമസിക്കുന്ന വൃദ്ധര്‍ മരിച്ചാല്‍ മറ്റുള്ളവര്‍ അറിയണമെന്നില്ല, ദിവസങ്ങള്‍ കഴിയുമ്പോള്‍ മണം അനുഭവപ്പെടാന്‍ തുടങ്ങും. അപ്പോള്‍ അയല്‍ക്കാര്‍ പോലീസിലറിയിക്കും. അവര്‍ വന്നു വാതില്‍ ബലമായി തുറന്ന് അകത്തു കയറി ജഡം കണ്ടെത്തുന്നു. ഡോക്‌ടര്‍ വന്നു മരണം സ്ഥിരീകരിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. നേഴ്‌സിംഗ് ഹോമില്‍ ഇത്തരം `നാറ്റക്കേസ്' ഉണ്ടാകുകയില്ല എന്നതാണു രണ്ടു ഹോമുകള്‍ തമ്മിലുള്ള വ്യത്യാസം!
ഇനിയല്‌പം വഴിമാറി ചിന്തിക്കം. ഇത്രയും ചിട്ടയോടെ ശുശ്രൂഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഈ വൃദ്ധജനങ്ങള്‍ സംതൃപ്‌തരാണോ? നേഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളില്‍ നിന്നറിഞ്ഞത് അല്ലായെന്നാണ്. അവിടെ ഏറെ ചെലവുള്ള മരുന്നുകള്‍ രണ്ടെണ്ണമത്രെ-പെയിന്‍കില്ലറും സ്ലീപ്പിംഗ് പില്‍സും. സ്വയംപര്യാപ്‌തതയാണു മുഖമുദ്രയെങ്കിലും ജീവിതസായാഹ്നത്തില്‍ അവര്‍ ഏകാന്തതയുടെ ചവര്‍പ്പു നുണയാന്‍ തുടങ്ങുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനപ്പുറം മറ്റെന്തൊക്കെയോ ആവശ്യമാണെന്നു തോന്നിത്തുടങ്ങുന്നു. ഇവിടെയാണു കുടുംബബന്ധങ്ങളിലെ വൈകാരികതയ്‌ക്കു പ്രസക്തിയേറുന്നത്.
https://www.facebook.com/Malayalivartha