ആദ്യമായി അച്ഛനമ്മമാരാകുന്നവര്‍ അറിയാന്‍
ഏറെ ആശങ്കകളോടെയാണ് എല്ലാ ദമ്പതിമാരും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നത്. കുഞ്ഞ് കരഞ്ഞാല്‍, തുമ്മിയാല്‍, ചുമച്ചാല്‍ എല്ലാം അവര്‍ക്ക് ടെന്‍ഷനായിരിക്കും. എപ്പോഴും ഉപദേശങ്ങളുമായി മുതിര്‍ന്നവര്‍ ചുറ്റിലുമുണ്ടെങ്കില്‍ പറയുകയും വേണ്ട. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാകും.
എന്നാല്‍ തങ്ങളുടെ പൊന്നോമന അമൂല്യമാണെന്നും എല്ലാ കുഞ്ഞുങ്ങളിലെയും പരീക്ഷണങ്ങളൊന്നും തങ്ങളുടെ കുഞ്ഞിന് ആവശ്യമില്ലെന്നും എല്ലാവരും ഓര്‍ക്കുക. ഒപ്പം ചെറിയ കാര്യങ്ങളില്‍ പോലുമുളള അമിത ഉത്‌കണ്‌ഠയും ഒഴിവാക്കുക.
കുഞ്ഞ് ഛര്‍ദ്ദിക്കുകയോ, തുപ്പുകയോ കരയുകയോ ചെയ്‌ത ശേഷം സാധാരണ നിലയിലേക്ക് പെട്ടെന്ന് മടങ്ങുന്നുവെങ്കില്‍ പേടിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. ഒപ്പം അവന്‍ അല്ലെങ്കില്‍ അവള്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.എന്നിട്ടും കുഞ്ഞ് കരച്ചില്‍ തുടരുകയാണെങ്കില്‍ നിങ്ങളുടെ ശിശുരോഗ വിദഗ്‌ദ്ധന്റെ ഉപദേശം തേടാവുന്നതാണ്.
കുഞ്ഞ് കരയുന്നത് നനഞ്ഞ വസ്‌ത്രങ്ങള്‍ മാറ്റാനോ വിശന്നിട്ടോ മറ്റോ ആകാം. ഇതെല്ലാം പരിഹരിച്ച ശേഷവും ഒരു മണിക്കൂറില്‍ കൂടുതല്‍ കുഞ്ഞ് കരയുകയാണെങ്കില്‍ ഡോക്‌ടറെ സമീപിക്കാം.
കുഞ്ഞിന് വിശപ്പുണ്ടാകുമെന്ന് കരുതി പാതിരാത്രിയില്‍ കുഞ്ഞിനെയും എടുത്ത് നടക്കേണ്ടതില്ല. കുഞ്ഞിന് പാല്‍ വേണ്ടപ്പോള്‍ കുഞ്ഞ് കരഞ്ഞ് അത് നേടിക്കൊളളും. വെറുതെ അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നഷ്‌ടപ്പെടുത്തേണ്ട.
പല്ലില്ലെങ്കിലും മൃദുവായ ഒരു തുണി ഉപയോഗിച്ച് കുഞ്ഞിന്റെ മോണ തുടച്ചെടുക്കണം. പല്ല് മുളച്ച് തുടങ്ങിയാല്‍ കുഞ്ഞിന്റെ കയ്യില്‍ ഒന്നും നല്‍കാന്‍ പാടില്ല. കുഞ്ഞ് കടിച്ച് മുറിക്കും. ഇത് പല്ലിന് ദോഷം ചെയ്യും. ഒരു വയസായാല്‍ കുഞ്ഞ് ബ്രഷ് നല്‍കി ബ്രഷ് ചെയ്യാന്‍ ശീലിപ്പിക്കാം.
കുഞ്ഞിന്റെ മുന്നില്‍ വച്ച് പങ്കാളിയുമായി വഴക്കുണ്ടാക്കരുത്. ശ്രദ്ധിക്കുക, നാല് മാസം പ്രായമായാല്‍ കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ ഇടയിലുളള പൊരുത്തക്കേടുകളുടെ തരംഗങ്ങള്‍ മനസിലായി തുടങ്ങും.
https://www.facebook.com/Malayalivartha