തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകള്‍
കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം. എന്നാല്‍, ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും തെന്നിമാറി ഭാര്യാഭര്‍തൃകലഹത്തിന്റെ വേദിയായി മാറുകയാണു നമ്മുടെ നാട്ടിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ഇതില്‍ ഒരു വലിയഭാഗം കുടുംബകോടതികളിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നു. അതില്‍ ബഹുഭൂരിപക്ഷവും വിവാഹമോചനം നേടുന്നു.
വക്കീലന്മാരില്‍ ഏറ്റവും തിരക്കുള്ളവരായി വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മാറിയിരിക്കുന്നു. കൗണ്‍സിലിംഗിലൂടെയും ഒത്തുതീര്‍പ്പുചര്‍ച്ചകളിലൂടെയും ദാമ്പത്യജീവിതത്തിലേക്കു തിരികെ പോകുന്നവര്‍ അഞ്ചുശതമാനത്തില്‍താഴെ മാത്രമാണത്രെ.
ഇപ്പോള്‍ ഫയല്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാഹമോചനകേസുകളില്‍ അതിനായി ഉന്നയിക്കുന്ന കാര്യകാരണങ്ങള്‍ പലപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്നവയാണെന്നു വക്കീലന്മാര്‍ തന്നെ പറയുന്നു. ഒരു കേസ് പരിശോധിച്ചപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവു പറയുന്ന കാര്യമിതാണ്. വിറകുപയോഗിച്ചു കത്തിക്കുന്ന അടുപ്പില്‍വച്ച് ഇറച്ചിക്കറി പാകം ചെയ്യുന്നതാണു തന്റെ മാതാപിതാക്കള്‍ക്കിഷ്‌ടം. എന്നാല്‍, തന്റെ ഭാര്യ കുക്കറിലേ പാകം ചെയ്യൂ. അതിനാല്‍ തനിക്കു വിവാഹമോചനം വേണമത്രെ. മറ്റൊരു സ്‌ത്രീയുടെ വാദഗതി ഇതാണ്. പുതിയ മോഡലിലുള്ള ഒരു വാട്ടര്‍ ബോട്ടില്‍ കുട്ടിക്കു വാങ്ങിക്കൊടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, ഭര്‍ത്താവ് അതിനു സമ്മതിച്ചില്ല. കോളയുടെയും മറ്റും കാലിക്കുപ്പിയില്‍ കുട്ടിക്കു വെള്ളം കൊടുത്തുവിട്ടാല്‍ മതിയെന്ന് അദ്ദേഹം വാശിപിടിക്കുന്നു. അതിനാല്‍ തനിക്കു വിവാഹബന്ധം തുടരാന്‍ താത്‌പര്യമില്ലത്രെ.
ഈ രണ്ടു കേസുകള്‍ പരിശോധിച്ചാല്‍ എന്താണു തോന്നുക? അതു തീര്‍ച്ചയായും ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്‌തമായിരിക്കും. ചിലര്‍ ഭര്‍ത്താക്കന്മാരുടെ പക്ഷം പിടിച്ചെന്നിരിക്കും. മറ്റു ചിലര്‍ ഭാര്യമാരുടെ പക്ഷം പിടിക്കും. മൂന്നാമതൊരു വിഭാഗം ഇരുകൂട്ടരിലും തെറ്റുണ്ടെന്നു പറഞ്ഞേക്കാം. പൊതുവായി ചിന്തിച്ചാല്‍ മേല്‍സൂചിപ്പിച്ച രണ്ടുകേസുകളിലും വിവാഹമോചനത്തിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ നിസ്സാരമോ ബാലിശമോ ആയി വിലയിരുത്താം. താന്‍ പിടിച്ച മുയലിനു കൊമ്പു മൂന്ന് എന്ന സമീപനം ഭാര്യയും ഭര്‍ത്താവും സ്വീകരിച്ചതുകൊണ്ടാണു ചെറിയ രണ്ടു സംഭവങ്ങള്‍ വിവാഹമോചനത്തിലേക്കുള്ള വഴിയായി പരിണമിച്ചത്.
വിദ്യാസമ്പന്നര്‍ക്കിടയിലാണത്രെ വിവാഹമോചനങ്ങള്‍ 80 ശതമാനവും നടക്കുന്നത്. എന്നാല്‍, ഭൂരിപക്ഷവും വിവാഹമോചനത്തിനായി വക്കീലിനെയും അതുവഴി കോടതിയെയും ബോധ്യപ്പെടുത്തുന്നതു യഥാര്‍ത്ഥ കാരണങ്ങളല്ലെന്നും വക്കീലന്മാര്‍ പറയുന്നു. കേരളത്തില്‍ വിവാഹമോചനം കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടു അഞ്ചിരട്ടിയായിരിക്കുന്നു. കാല്‍ലക്ഷത്തോളം ദമ്പതിമാരാണത്രെ ഒരു വര്‍ഷം ഇവിടെ വിവാഹമോചനം നേടുന്നത്.
ഈ ലോകത്തിന്റെ തന്നെ ഏറ്റവും അടിസ്ഥാനഘടകമാണു കുടുംബം. അവിടെ അന്തച്ഛിദ്രങ്ങളും അതുവഴി ഛിന്നഭിന്നമാകുന്ന അവസ്ഥയും ഉണ്ടായാല്‍ ലോകത്തിന്റെ സുസ്ഥിരമായ നിലനില്‌പുതന്നെ അപകടത്തിലാവും, തീര്‍ച്ച. ഭാരതത്തിലെ കെട്ടുറപ്പോടുകൂടിയ കുടുംബബന്ധങ്ങളും അതിന്റെ മൂല്യങ്ങളും വിദേശ സമൂഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവര്‍ അതിനെ പലപ്പോഴും പുകഴ്‌ത്തിയിട്ടുമുണ്ട്. എന്നാല്‍, ഇന്നു സ്ഥിതി ആശങ്കാജനകമാണ്.
ഏറ്റവും പവിത്രമായ കൂദാശയാണു വിവാഹമെന്നും അതു സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നുവെന്നും ക്രിസ്‌തുമതം പറയുന്നു. ഇത്തരത്തില്‍ സര്‍വമതങ്ങളും വിവാഹത്തിന്റെയും സുദൃഢ ദാമ്പത്യബന്ധത്തിന്റെയും അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്നു.ഭൂമിയില്‍ ഒരു കുടുംബബന്ധം തകരുമ്പോള്‍ ദൈവത്തിന്റെ സിംഹാസനം വിറകൊള്ളും എന്ന വചനം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.
https://www.facebook.com/Malayalivartha