ബിയര്‍ മാത്രം കുടിച്ചാലും പണി കിട്ടും; ശരിയായ ഭക്ഷണക്രമമില്ലെങ്കില്‍ ലിവര്‍ സീറോസിസിന് സാധ്യത
പൊതുവെ മദ്യപാനം കൊണ്ടുമാത്രം വരുന്ന അസുഖമാണ് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഭക്ഷണക്രമത്തിലെ അശാസ്ത്രീയത, ജങ്ക് ഫുഡിന്റെയും ശീതളപാനീയങ്ങളുടെയും അമിത ഉപയോഗവും കരള്‍വീക്കത്തിന് കാരണമാകും. നിലവില്‍ കണ്ടുവരുന്ന ലിവര്‍ സിറോസിസില്‍ 60 ശതമാനം മദ്യപാനം കൊണ്ടും 40 ശതമാനം മദ്യപിക്കാത്തവരിലുമാണ് കണ്ടുവരുന്നത്.
മദ്യപിക്കാത്തവരില്‍ തെറ്റായ ഭക്ഷണശീലവും പൊണ്ണത്തടിയുമാണ് ലിവര്‍ സിറോസിസ് ഉണ്ടാക്കുന്നത്. തങ്ങള്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടാകില്ല എന്നാണ് ബിയര്‍, വൈന്‍ എന്നിവ കുടിക്കുന്നവര്‍ ധരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍കോളേജിലെ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ. കെ ടി ഷേണായ് പറയുന്നു.
ബിയര്‍ കഴിക്കുന്നതുകൊണ്ട് ലിവര്‍ സിറോസിസ് ഉണ്ടാകില്ലെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളാണ്. ബിയറും വൈനും റമ്മും ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയുമൊക്കെ മദ്യമാണെന്നും, അവയെല്ലാം കരളിനെ ബാധിക്കുമെന്നും ഡോ. കെ ടി ഷേണായ് പറഞ്ഞു. 250 എംഎല്‍ ബിയറില്‍ 10 ഗ്രാം ആല്‍ക്കഹോളുണ്ട്. അതേപോലെ 30 എംഎല്‍ റം, ബ്രാന്‍ഡി, വിസ്‌കി, വോഡ്ക, ജിന്‍, നാടന്‍ ചാരായം എന്നിവയിലും 10 ഗ്രാം ആല്‍ക്കഹോളുണ്ട്. 100 എംഎല്‍ വൈനിലും 10 ഗ്രാം ആല്‍ക്കഹോളുണ്ട്. അതുകൊണ്ടുതന്നെ 250 എംഎല്‍ ബിയര്‍ കഴിക്കുന്നവരും 30 എംഎല്‍ റം കഴിക്കുന്നവരും തുല്യരാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ലിവര്‍ സിറോസിസ് ഉണ്ടാകാതിരിക്കാന്‍, മദ്യപാനം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ശരിയായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലൂടെ ലിവര്‍ സിറോസിസിനെ അകറ്റിനിര്‍ത്താനാകുമെന്നും ഡോക്ടര്‍ കെ ടി ഷേണായ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha