സ്വന്തമാക്കാം ,ആരോഗ്യമുള്ള ഒരു ഹൃദയം
ആരോഗ്യമുള്ള ഒരു ഹൃദയം എല്ലാവരും കൊതിക്കുന്ന ഒന്നാണ്. ഇപ്പോൾ ഇരുപതും മുപ്പതും വയസുള്ളവർ വരെ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു . ഇത്തരം മരണത്തിന് പിന്നിൽ പലപ്പോഴും ഹൃദ്രോഗമാണ് വില്ലൻ . ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇതിനു പ്രധാനകാരണം.
ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ പ്രധാനം നിത്യേനയുള്ള വ്യായാമം ആണ്. ജിമ്മിൽ പോയി മസിൽ പെരുപ്പിക്കാനുള്ള വ്യായാമമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂർ നേരം ശരീരം വിയർക്കുന്നതുവരെ ചെയ്യുന്ന വ്യായാമമാണ് ..നടക്കുകയോ നീന്തുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യാം. നടക്കുമ്പോൾ കൈകൾ ആഞ്ഞുവീശി ശരീരം വിയർക്കുംവിധം നടക്കണം.
വ്യായാമം ചെയ്യുമ്പോൾ ശരീരമാസകലമുള്ള മസിലുകൾക്ക് രക്‌തമെത്തിച്ചുകൊടുക്കാൻ ഹൃദയസങ്കോചവികാസങ്ങൾ കൂടുന്നു.ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നു.ആവശ്യത്തിന് രക്തമെത്തിക്കാനുള്ള ഹൃദയത്തിന്റെ ശക്തി വർധിക്കാൻ ഇത് കാരണമാകുന്നു. കൂടിയ കായികാദ്ധ്വാന നിലവാരത്തിലും ഹൃദയസ്പന്ദനവേഗം കുറഞ്ഞിരിക്കും. അതുകൊണ്ടാണ് അത്‌ലറ്റുകളുടെ ഹൃദയമിടിപ്പ് കഠിനമായ കായികാധ്വാനം ചെയ്യുമ്പോഴും കുറഞ്ഞു തന്നെ ഇരിക്കുന്നത്. ഇത് കൃത്യമായ പരിശീലനത്തിലൂടെയാണ് സാധിക്കുന്നത്. ആരോടെങ്കിലും ദേഷ്യപ്പെട്ടിരിക്കുമ്പോൾ നടത്തുന്ന അതികഠിനമായ വ്യായാമം മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടാക്കാനും കാരണമായേക്കാം .ഭാരം ഉയര്‍ത്തുക, ആയാസമേറിയ കസർത്തുകൾ തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്.
ശരീരത്തിലെ ഏറ്റവും ശക്തിയുള്ള പേശിയാണ് ഹൃദയം. ശരീരത്തിലെ മറ്റ് ഏതുപേശിയും കുറച്ചുനേരം പ്രവർത്തിച്ചാൽ തളരും,എന്നാൽ ഹൃദയത്തിന്റെ സ്പന്ദന താളം മരണം വരെയും തുടരും. ഈ താളത്തിനു ഭംഗം വരാതിരിക്കാൻ ചിട്ടയായ വ്യായാമവും ആഹാര രീതികളും നിർബന്ധമാണ്.
https://www.facebook.com/Malayalivartha