സിറിഞ്ചും വേദനയുമില്ലാത്ത വാക്‌സിനേഷന്‍
എന്തൊക്കെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കിയാലാണ് കുട്ടികള്‍ക്ക് ഒരു വാക്‌സിനേഷന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ കഴിയുക! പിള്ളേരാണെങ്കില്‍ സിറിഞ്ച് കാണുമ്പോഴേക്കും വലിയവായില്‍ നിലവിളിക്കാനും തുടങ്ങും. നവജാതശിശുക്കളാണെങ്കില്‍ പറയുകയും വേണ്ട. സിറിഞ്ച് വഴിയുള്ള വാക്‌സിനേഷന്‍ പ്രയോഗം കുട്ടികളിലാണ് ഏറെയും. അതിനെല്ലാം അധികംവൈകാതെ പരിഹാരമാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ.
സൂചിയോ കുത്തിവയ്‌പോ ഇല്ലാതെ 'സ്‌പ്രേ' ഉപയോഗിച്ചുള്ള പ്രതിരോധമരുന്ന് വിതരണമാണ് പരീക്ഷണഘട്ടത്തിലുള്ളത്. ബെര്‍ക്ക്‌ലിയിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്നു. ഒരു ഗുളികയോളം പോന്നതാണ് 'മ്യൂകോജെറ്റ്' എന്നറിയപ്പെടുന്ന ഈ വാക്‌സിന്‍ സ്‌പ്രേ. വായിലൂടെയാണ് ഇതുപയോഗിച്ചുള്ള വാക്‌സിനേഷന്‍ നല്‍കുക. കുട്ടികള്‍ അതിനും തയാറായില്ലെങ്കില്‍ മിഠായി വഴിയും നല്‍കാം. ആരോഗ്യപ്രവര്‍ത്തകരുടെ സഹായമില്ലാതെ തന്നെ ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്.
ദൂരപ്രദേശങ്ങളിലേക്ക് സിറിഞ്ചും സൂചിയും ഉപയോഗിച്ചുള്ള വാക്‌സിന്‍ എത്തിക്കുമ്പോള്‍ പലപ്പോഴും കാലാവസ്ഥാമാറ്റം കാരണം മരുന്ന് ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്. അത്തരം അവസരങ്ങളിലും ഈ സ്‌പ്രേ ഗുണകരമാകും. കാരണം, പൊടിയുടെ രൂപത്തിലാണ് ഇതില്‍ വാക്‌സിന്‍ സൂക്ഷിക്കുക. 3ഡി പ്രിന്റിങ്ങിലൂടെയാണ് മ്യൂക്കോജെറ്റ് തയാറാക്കിയെടുത്തത്. ഇത് വാട്ടര്‍ റെസിസ്റ്റന്റാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഏതാനും മില്ലിമീറ്ററേയുള്ളൂ ഇതിനു നീളം. പ്രവര്‍ത്തനം വളരെ ലളിതം. കുത്തിവയ്ക്കുന്നതിനു പകരം ഈ വാക്‌സിന്‍ വായ്ക്കകത്തേക്കു സ്‌പ്രേ ചെയ്യും.
ഇതിനായി മ്യൂക്കോജെറ്റില്‍ ശക്തമായി അമര്‍ത്തണം. അതുവഴിയുണ്ടാകുന്ന സമ്മര്‍ദ്ദമാണ് വാക്‌സിനെ പുറത്തേക്കു ചലിപ്പിക്കുന്നത്. ഒരു ചെറിയ ദ്വാരം വഴിയായിരിക്കും വരവ്. പരമാവധി ശക്തിയില്‍ വാക്‌സിന്‍ പുറത്തേക്കു തെറിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന. പത്തുസെക്കന്‍ഡോളം കവിളിലേക്കായിരിക്കും അതീവശക്തിയില്‍ ഈ സ്‌പ്രേയിങ്. വാക്‌സിന്‍ കവിളിലെ സംയുക്തകോശങ്ങള്‍ വഴി ശരീരത്തിലേക്കു കടക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിയുള്ള കോശങ്ങള്‍ ഏറെയുള്ള ഭാഗം കൂടിയാണ് കവിളിലുള്ളത്. മ്യൂകോജെറ്റ് ഉപയോഗിച്ച് ചെറുജീവികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. അടുത്തതായി പന്നികളിലും കുരങ്ങുകളിലുമായിരിക്കും പരീക്ഷണം. 5-10 വര്‍ഷത്തിനകം മ്യൂക്കോജെറ്റ് വിപണിയിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പഠനം 'സയന്‍സ് ട്രാന്‍സ്‌ലേഷനല്‍ മെഡിസിന്‍' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha