ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും!
ചില ഡോക്ടര്‍മാരെക്കുറിച്ച് അമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും. അതെ ചില രോഗികള്‍ അങ്ങനെയാണ് ഡോക്ടറുടെ മുന്നിലെത്തുമ്പോള്‍ തന്നെ പകുതി ആശ്വാസമാകും. ഒരു ആശ്വസിപ്പിക്കലോ മറ്റോ മതി ചിലപ്പോള്‍ രോഗത്തിന് ശമനം വരാന്‍. മാനസിക കാരണങ്ങളാണ് പല രോഗങ്ങള്‍ക്ക് പിന്നിലെന്ന് മനസിലാക്കിയ പല ആളുകളും ചെറിയ ട്രിക്കുകള്‍ കാണിച്ച് ആളുകളെ കൈയിലെടുക്കാന്‍ വിദഗ്ദരായിരുന്നു.
രോഗിക്ക് വിശ്വാസമുള്ള ഡോക്ടര്‍ ഔഷധഗുണമൊന്നുമില്ലാത്ത ഒരു ഗുളിക കുറിച്ച് കൊടുത്താലും അതുമൂലം ശമനമുണ്ടാകുന്ന പ്രതിഭാസത്തെ ആധുനിക വൈദ്യശാസ്ത്രം വിളിക്കുന്ന പേരാണ് 'പ്‌ളാസിബോ ഇഫക്ട്. ശരീരത്തിന് ഒരു വിധത്തിലും ഹാനികരമല്ലാത്ത വസ്തുക്കളാണ് ഇത്തരത്തില്‍ നല്‍കുന്നത്.
പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് പരീക്ഷിക്കുമ്പോള്‍ ഒരു ഗ്രൂപ്പുകാര്‍ക്ക് പ്‌ളാസിബോ മരുന്നുകളും യഥാര്‍ഥ മരുന്നുകളും നല്‍കും. ഇത് മരുന്നു കഴിക്കുന്നവര്‍ക്കറിയുകയുമില്ല. പ്‌ളാസിബോയുടെയും യഥാര്‍ഥ മരുന്നിന്റെയും ഫലങ്ങള്‍ താരതമ്യം ചെയ്യുന്നതോടെ മരുന്നുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് മനസിലാക്കാനാവുകയും ചെയ്യും.
ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' , മാനസിക സമ്മര്‍ദം, വേദന, ഉറക്ക പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമത്തിലെ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്‌ളാസിബോ മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആസ്തമ രോഗികളില്‍ പ്‌ളാസിബോ ഇന്‍ഹേലര്‍ പരീക്ഷിച്ചപ്പോള്‍ പരിശോധനകളില്‍ രോഗാവസ്ഥയില്‍ മാറ്റമൊന്നും കണ്ടില്ലെങ്കിലും രോഗികളുടെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സ്വാസ്ഥ്യം അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. എന്നിരുന്നാലും പ്‌ളാസിബോ ഇഫക്ടിനെ ആധുനിക വൈദ്യശാസ്ത്രം വ്യാജമായല്ല കാണുന്നത്. രോഗികളില്‍ യഥാര്‍ഥ രോഗശമനം ഉണ്ടാകാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇത് അധാര്‍മികമെന്ന് വിശ്വസിക്കുന്നവരാണ്. കാരണം ഈ മരുന്നുകൊണ്ട് രോഗം മാറുമെന്ന് പൂര്‍ണമായും വിശ്വാസമുള്ളവര്‍ പകുതിയില്‍ത്താഴെ ശതമാനം പേര്‍ മാത്രമാണ്. മറ്റുള്ളവരെ യഥാര്‍ഥ മരുന്നുനല്‍കാതെ വിശ്വസിപ്പിക്കുന്നത് അവസ്ഥ ഗുരുതരമാക്കിയേക്കാമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പ്‌ളാസിബോ രീതിയില്‍ രോഗം മാറുമെങ്കില്‍ അതിനെക്കുറിച്ച് രോഗിയെ അറിയിച്ച് അവരുടെ ആത്മവിശ്വാസം കളയേണ്ട കാര്യമുണ്ടോ എന്ന് എതിര്‍ഭാഗവും ചോദിക്കുന്നു. ഏതായാലും വളരെയധികം പഠനം ഇനിയും ആവശ്യമായി വരുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഇത്.
https://www.facebook.com/Malayalivartha