ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുളള ഇസിജി മെഷീന്‍ 4000 രൂപയ്ക്ക്
രാജ്യത്ത് ഓരോ ദിവസവും ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നാണ് കണക്ക്. ആധുനിക ചികിത്സാ സൗകര്യത്തിന്റെ അഭാവമാണ് ഇതിന് കാരണമായി പറയുന്നത്. ഇ.സി.ജി പരിശോധനയാണ് ഹൃദ്രോഗം കണ്ട് പിടിക്കാനുള്ള പ്രധാനമാര്‍ഗമെങ്കിലും നഗരപ്രദേശങ്ങളിലൊഴികെ പല ഗ്രാമപ്രദേശങ്ങളിലെയും ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തത് ഹൃദ്രോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം കൂടാന്‍ മറ്റൊരു കാരണമായും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിന് പരിഹാരമായി ആന്‍ഡ്രോയിഡ് ഫോണിലൂടെ ഇസിജി പരിശോധിക്കാവുന്ന പുതിയ യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുബൈ ഭാഭാ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഗവേഷകര്‍. ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇസിജി മെഷീന് 'ടെലിഇസിജി മെഷീന്‍' ( Tele-ECG machine ) എന്നാണ് പേരിട്ടിരിക്കുന്നത്.
12 ചാനല്‍ ഇ.സി.ജി മെഷീന്‍ മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് അയച്ച് കൊടുത്ത് ഫലം വിലയിരുത്തുകയും ചെയ്യാം. 4000 രൂപയാണ് ഈ മെഷീന്റെ വില.ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ലോകത്തെവിടെയുളളവര്‍ക്കും ഈ സംവിധാനത്തിലുടെ ഇസിജി പരിശോധിക്കാവുന്നത് ചികിത്സാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നിലവില്‍ ഈ സംവിധാനം ഉപയോഗിപ്പെടുത്താന്‍ സാധിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണിലൂടെയാണ്. എല്ലാത്തരം സ്മാര്‍ട്ട്‌ഫോണിലും ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നവിധത്തില്‍ ഇതിനെ മാറ്റാനുളള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിന്റെ മറ്റൊരു ഗുണം എന്തെന്നാല്‍ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ഇസിജി മെഷിനും ചാജ് ചെയ്യാം എന്നതാണ്.
https://www.facebook.com/Malayalivartha