കുട്ടികളുടെ അവധിക്കാലം
സന്തോഷമുള്ള മനസിന് ആരോഗ്യമുണ്ടാകും. മനസ് ആരോഗ്യമുള്ളതാണെങ്കില്‍ മാത്രമേ ശരീരം ആരോഗ്യമുള്ളതാകൂ. മനസും ശരീരവും ആരോഗ്യമുള്ളതാണെങ്കിലേ നമ്മുടെ ജീവിതത്തിലും ആരോഗ്യവും സന്തോഷവും ഉണ്ടാവുകയുള്ളു. മനസിനെ സ്വാധീനിക്കുന്ന ഏതൊരു വിഷയവും നമ്മുടെ പെരുമാറ്റത്തെയും ബാധിക്കുന്നു.
ഇവയൊക്കെ എത്ര മാതാപിതാക്കള്‍ക്ക് അറിയാം? നമ്മുടെ മക്കള്‍ ആരോഗ്യമുള്ള മനസിന്റെ ഉടമകളാകുന്നുണ്ടോ? കുട്ടികളുടെ മനസും മാതാപിതാക്കളുടെ മനസും തമ്മില്‍ സുദൃഡമായ ബന്ധമുണ്ട്. അത് നാം അറിയാതെ പോവരുത്?. കുട്ടികളുടെ മനസ് സന്തോഷം നിറഞ്ഞതായി തീരുമ്പോഴാണ് അവരുടെ പെരുമാറ്റത്തില്‍ അത് പ്രതിഫലിക്കുന്നത്. ഒരു ലക്ഷം രൂപ കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്ന അവസരത്തിലും അവര്‍ മാതാപിതാക്കളുമൊത്തുള്ള ഒരു നിമിഷത്തിന്റെ വിലമതിക്കാന്‍ പറ്റാത്ത അനുഭൂതി ആഗ്രഹിക്കുന്നു എന്നത് നാമറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. കുഞ്ഞു മനസിലെ വിങ്ങലും തേങ്ങലുമെല്ലാം നാം നമ്മുടെ ജോലിതിരക്കിെന്റ മറവില്‍ ശ്രദ്ധിക്കാതെ പോകുന്നു.
കുട്ടികളിലെ അടിച്ചമര്‍ത്തപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളുമാണ് ഭാവിയില്‍ അവരുടെ ജീവിതത്തില്‍ സ്വഭാവ വൈകല്യങ്ങളായി പുറത്തുവരുന്നത്. മദ്യപാനം, മയക്കുമരുന്നുപയോഗം, ഒളിച്ചോട്ടം, പീഡനം, ബലാത്സംഗം, ആത്മഹത്യ, കൊലപാതകം, മാനസിക രോഗങ്ങള്‍ എല്ലാറ്റിനു കാരണമാക്കുന്നത് ഇവയാണ്. 'അവന് (അവള്‍ക്ക്) 15 വയസു വരെ ഒരു കുഴപ്പവുമില്ലായിരുന്നു. പറയുന്നതൊക്കെ അനുസരിച്ച് എന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവന്‍(ള്‍) അനുസരണക്കേടു കാട്ടുന്നു, എതിര്‍ത്ത് സംസാരിക്കുന്നു, ദേഷ്യപ്പെടുന്നു...' എന്ന് പല വീടുകളിലും കേള്‍ക്കുന്ന പല്ലവിയാണ്.
കുട്ടികള്‍ കാട്ടുന്ന സ്വഭാവവൈകല്യത്തിനും മറ്റ് ഏതു പ്രശ്‌നത്തിനും നൂറു ശതമാനം കാരണക്കാരും മാതാപിതാക്കള്‍ തന്നെയാണ്. സാഹചര്യങ്ങളും ചീത്തകൂട്ടുകെട്ടുകളുമാണ് അതിനു കാരണം എന്ന് പറയുന്നത് തീര്‍ച്ചയായും തെറ്റായ ധാരണയാണ്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ വൈകാരിക ബന്ധം പുലര്‍ത്താത്തതാണ് കുട്ടികളുടെ പഠനവൈകല്യത്തിന്റേയും മറ്റു പ്രശ്‌നങ്ങളുടെയും ഉറവിടം. കുട്ടികളോട് നാം കൂടുതല്‍ മാനസികമായി അടുക്കുക, മനസു തുറന്ന് സംസാരിക്കുക, അവരെ തലോടുകയും സ്‌നേഹത്തോടെ അണച്ചുപിടിക്കുകയും അവരിലേക്ക് ഇറങ്ങിചെല്ലുകയും ചെയ്യുക. കുട്ടികള്‍ അവരുടെ ആത്മാര്‍ഥ സുഹൃത്ത് എന്ന പദവിയിലേക്ക് മാതാപിതാക്കളെ തന്നെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക. നാമാണ് ആ മനസിലെ ആത്മാര്‍ഥ സുഹൃത്തെങ്കില്‍ ആ മനസില്‍ പിരിമുറുക്കത്തിന് സ്ഥാനംഉണ്ടാവില്ല? പിന്നെ അവിടെ ചീത്ത കൂട്ടുകെട്ടുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുമോ?
വേനല്‍ക്കാല അവധിക്കാലത്തു പോലും കുട്ടികളെ പാഠ്യേതരവിഷയങ്ങളില്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് അവരുടെ അഭിരുചിക്കനുസൃതമാണോ അതോ മാതാപിതാക്കളുടെ സ്റ്റാറ്റസ് പ്രകടിപ്പിക്കാനാണോ എന്നത് ചിന്തിക്കേണ്ടതാണ്. ഈ അവധിക്കാലത്ത് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്ത് ട്യൂഷന് വിടുന്ന ധാരാളം മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പത്ത് മാസമായി പുസ്തകപുഴുക്കളായി മക്കളെ വളര്‍ത്തിയവരും എല്‍.കെ.ജി മുതല്‍ പോലും ട്യൂഷന്‍ നല്‍കുന്നവരും പാഠ്യ-പാഠ്യേതരയിനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയ മാതൃകാ രക്ഷാകര്‍ത്താക്കളോടും പറയട്ടെ. അവധിക്കാലം കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തെ പാഠ്യയിനങ്ങള്‍ക്കായി അനാവശ്യ ട്യൂഷന്‍ ഏര്‍പ്പെടുത്തി അവരുടെ സന്തോഷം കളയാതിരിക്കുക.
എന്നാല്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പാഠഭാഗങ്ങള്‍ ഒരിക്കല്‍ കൂടി ഹൃദിസ്ഥമാക്കാനാണ് ട്യൂഷന്‍ ഉപകരിക്കേണ്ടത്. മാത്രമല്ല, വിദ്യാലയങ്ങളിലെ പഠനരീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കാം ട്യൂഷന്‍ ടീച്ചറുടേത്. ഈ അവസ്ഥ കുട്ടികളില്‍ ഏറെ മാനസിക സംഘര്‍ഷമുണ്ടാക്കുകയും പഠനത്തോടുള്ള താല്‍പര്യം കുറക്കുകയും ചെയ്യുന്നുവെന്നതാണ് സത്യാവസ്ഥ. ചില രക്ഷാകര്‍ത്താക്കളെല്ലാം തങ്ങളുടെ മക്കളെ, പ്രത്യേകിച്ച് ഏക സന്താനമുള്ളവര്‍ അവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ കൂട്ടിലടച്ച കിളികളെപോലെ വളര്‍ത്താറുണ്ട്. ഇതുമൂലം അവര്‍ സ്വാര്‍ഥതല്‍പരരാകുന്നു. കുട്ടികളില്‍ സാമൂഹിക ബോധം ഉണ്ടാക്കിയെടുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍ക്കുക. അതുപോലെ അമ്മമാര്‍ക്ക് അവധിക്കാലം അവരെ പാചകം പരിശീലിപ്പിക്കാന്‍ വിനിയോഗിക്കാവുന്നതാണ്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുക, വിനോദയാത്രകള്‍, കുട്ടികളുടെ താല്‍പര്യപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാം ഈ അവധിക്കാലം പ്രയോജനപ്പെടുത്താം. ബുദ്ധിവികാസവും കായികശേഷിയും വര്‍ധിപ്പിക്കാനുതകുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടട്ടെ.
നാടന്‍ പന്തുകളിയും, ചക്ക്, കുട്ടിയും കോലും തുടങ്ങിയ കളികളും പുതുതലമുറക്ക് അന്യമാണെങ്കിലും ക്രിക്കറ്റും ഫുട്‌ബോളും ഹാന്‍ഡ്‌ബോളുമൊക്കെ മൈതാനത്ത് കളിക്കുമ്പോള്‍ മറ്റുള്ള കുട്ടികളുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. വീട്ടുമുറ്റത്തും വീടിനകത്തുമുള്ള കൊച്ചു കൊച്ചു കളികളും ചെസ്, കാരംസ് പോലെയുള്ള കളികളിലും. മാതാപിതാക്കള്‍ക്കും പങ്കുചേരാവുന്നതാണ്. ചിത്രരചന, കഥ, കവിതാ രചനകള്‍, മാജിക്, അഭിനയം, സംഗീതം, ഉപകരണസംഗീതം ഇങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങളില്‍ പരിശീലനം നല്‍കാവുന്നതാണ്. രണ്ടു മാസം കൂട്ടുകാര്‍ക്ക് കളിക്കാനുള്ളതാണ്. ദിനവും അവരുമായി സല്ലപിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടത്തെണം. അവധിക്കാലം ആവോളം ആസ്വദിക്കുക. കളിക്കട്ടെ...അവധിക്കാലം അവര്‍ പ്രയോജനപ്പെടുത്തട്ടെ...നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി അവരോടൊപ്പം കൈകോര്‍ത്ത് ചുവടുവെക്കാം.
https://www.facebook.com/Malayalivartha