പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കും കാലം
ഇന്ത്യാമഹാരാജ്യത്ത് എന്തു നടന്നാലും ഒരുകൂട്ടം ആളുകള്‍ എഫ്.ഐ.ആറില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അമേരിക്കയെയാണല്ലോ. വല്ലഭനൊരു സംശയം. ഈ അമേരിക്കക്കാര്‍ക്കെന്താ വേറെ പണിയൊന്നുമില്ലേ? അവരുടെ മേല്‍ തട്ടിക്കയറുന്നവരുടെ വാക്കുകള്‍ കേട്ടാല്‍ അമേരിക്കക്കാര്‍ക്കു നില്‌ക്കാനോ ഇരിക്കാനോ കഴിക്കാനോ കഴിച്ചതിന്റെ ബാക്കി പുറത്തുകളയാനോപോലും നേരം കിട്ടുന്നില്ലെന്ന് ഉറപ്പിക്കുകയേ മാര്‍ഗമുള്ളു.
കൂടംകുളത്തെ ആണവനിലയമായാലും ചില്ലറവില്‌പനയിലെ വിദേശനിക്ഷേപമായാലും പഴി അമേരിക്കയ്‌ക്കു തന്നെ. കമ്യൂണിസ്റ്റുകാര്‍ക്കാണ് ഈ സംശയരോഗം പാരമ്പര്യമായി കിട്ടിയിട്ടുള്ളത്. കൂടംകുളത്തിന്റെ കാര്യത്തില്‍ അവര്‍ സയലന്റ് മോഡിലാണെങ്കില്‍ അതിനും കൂടി ചില്ലറക്കാര്യത്തില്‍ പ്രതിഷേധം ഉച്ചത്തില്‍ തീര്‍ക്കുന്നുണ്ട്. ലോകത്തെ അറിയപ്പെടുന്ന ഒരു പ്രമാണിയാണെന്ന് ഓര്‍ത്ത് ഇത്തരത്തില്‍ ആളുകള്‍ അമേരിക്കയോടു പ്രവര്‍ത്തിക്കാമോ എന്ന ഒരു ധര്‍മസംശയം വല്ലഭനുമില്ലാതില്ല.
നാട്ടിലെ അറിയപ്പെടുന്ന ഒരാളെക്കുറിച്ച് അപവാദം പറയുമ്പോള്‍ നല്ല മനസ്സുഖം കിട്ടുന്ന ചിലരുണ്ടല്ലോ. അത്തരം മനസ്സുഖം വല്ലതും ഈ അമേരിക്കന്‍ വിരോധികള്‍ക്കുണ്ടോ എന്നറിയില്ല. നമ്മുടെ പരിസ്ഥിതി പ്രണയികളും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് വിശാരദന്മാരും പതിറ്റാണ്ടുകളായി അമേരിക്കയെ ശകാരിക്കുന്നു, അറഞ്ഞുതുള്ളി പ്രാകുന്നു. സാമ്രാജ്യത്വം തുലയട്ടെ, മുതലാളിത്ത ഭീകരത തകരട്ടെ, അമേരിക്ക ഒടുങ്ങട്ടെ.... ഒരു കാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞാല്‍ ഫലിക്കും എന്നൊരു നാട്ടുവിശ്വാസമുണ്ട്. ആ വിശ്വാസം അമേരിക്കയുടെ കാര്യത്തില്‍ സത്യമായിരിക്കുകയാണോ?
യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തികബുദ്ധിമുട്ടിലാണ്. സാമ്പത്തികമാന്ദ്യത്തില്‍ തട്ടി ഡസന്‍കണക്കിനു ബാങ്കുകളത്രെ അവിടെ തകര്‍ന്നത്. ലോണെടുത്തു വാങ്ങിയ വീടും വണ്ടിയുമെല്ലാം നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്നു പതിനായിരക്കണക്കിന് അമേരിക്കക്കാരാണു വഴിയാധാരമായത്. തൊഴില്‍ നഷ്‌ടപ്പെട്ടു കഞ്ഞികുടിക്കാന്‍ വകയില്ലാതായതു ലക്ഷക്കണക്കിന് ആളുകള്‍ക്കും.
സഹജീവിസ്‌നേഹം വിഭാവനം ചെയ്യുന്ന വിപ്ലവപ്രസ്ഥാനങ്ങളോടുള്‍പ്പെടെ വല്ലഭന്‍ ഒരപേക്ഷ സമര്‍പിക്കുന്നു. അമേരിക്കക്കാരും ഈ ലോകത്തെ നമ്മുടെ സഹജീവികളല്ലേ. അവരെ പ്രാകി ഇനിയും ദ്രോഹിക്കാതിരുന്നുകൂടെ. കൂട്ടത്തില്‍ അനുബന്ധമായി ഒരപേക്ഷ കൂടി. വല്ലഭനെ അമേരിക്കന്‍ ചാരനെന്നു മുദ്രകുത്തി ചെണ്ടകൊട്ടി നാടുകടത്തരുതേ. ``തത്‌ക്കാലേ മുഗ്‌ധാഗിയാം പത്‌നി ദേവകി തന്നിലുള്‍ക്കാമ്പില്‍ വളര്‍ന്നിതു വിഭ്രമസ്‌നേഹഭോഗം. ശുക്ല ബിന്ദുക്കള്‍തന്നെ വേണമെന്നുണ്ടോ ജഗത്സര്‍ഗപാലനലയകാരണന്‍ തനിക്കോര്‍ത്താല്‍.''
ഇവിടെ ഒരു മഹാത്ഭുതം സംഭവിച്ചിരിക്കുന്നു. സ്‌ത്രീപുരുഷബന്ധം കൂടാതെയുള്ള ജനനമായിരുന്നു ശ്രീകൃഷ്‌ണന്റേത്. മനുഷ്യസ്‌ത്രീയാണ് അമ്മയെങ്കിലും ദൈവാവതാരമായതിനാല്‍ ഇതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ.
അതിനാല്‍ ജീവശാസ്‌ത്രപരമായ ആശങ്കക്കൊന്നും ഇവിടെ സാംഗത്യമില്ലതന്നെ. ഇതിഹാസചരിത്രം ഏതാണ്ടിതേ മട്ടില്‍ യേശുക്രിസ്‌തുവിലൂടെ ആവര്‍ത്തിക്കുകയായിരുന്നു. ഗലീലിയുടെ ഏറ്റവും തെക്കേ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നസ്രേത്ത് ഗ്രാമത്തില്‍ ദാവീദ് രാജാവിന്റെ വംശപരമ്പരയില്‍പെട്ട ഒരു ഭവനത്തില്‍ യൗസേഫ് എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. മറിയം എന്നൊരു കന്യകയുമായി യോസേഫിന്റെ വിവാഹം പറഞ്ഞുറപ്പിച്ചു. ഇതിനിടയില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തിന്റെ മുന്നിലെത്തി പറഞ്ഞു: ``സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ നീ ഗര്‍ഭവതിയാകുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്യും. അവനെ നീ യേശു എന്നു വിളിക്കണം. അവന്‍ മഹാനാകും.''
പരിഭ്രമിച്ചുപോയ മറിയത്തെ ദൈവദൂതന്‍ സമാധാനിപ്പിച്ചു. ``പരിശുദ്ധാത്മാവു നിന്നില്‍ പ്രവേശിക്കും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും. അതിനാല്‍ നിന്നില്‍ ജനിക്കുന്ന ശിശു ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ദൈവത്തിന് എന്താണസാധ്യമായിട്ടുള്ളത്?''
അതോടെ മറിയത്തിന്റെ പരിഭ്രമവും സംശയവുമൊക്കെ കെട്ടടങ്ങി. ``ഇതാ ഞാന്‍ ദൈവത്തിന്റെ ദാസി. അങ്ങയുടെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.''
അങ്ങനെയാണ് ഉണ്ണീശോ ഭൂമിയില്‍ ജനിച്ചു വീണത്. കന്യാജാതനായി. സ്‌ത്രീ പുരുഷ സംയോഗമില്ലാതെയുള്ള ഗര്‍ഭധാരണം.
എത്ര വിചിത്രമെന്നു നോക്കണേ, ഈ രണ്ടു ദൈവപുത്രന്മാരുടെയും ജനനം. അത്ഭുതകരമായ ഗര്‍ഭധാരണ പ്രക്രിയയിലൂടെയുള്ള ജനനം. കൃഷ്‌ണന്റെയും ക്രിസ്‌തുവിന്റെയും ജനനത്തില്‍ മാത്രമല്ല, ജീവിത ചുറ്റുപാടുകളിലും വളരെയേറെ സാമ്യങ്ങളുണ്ടായിരുന്നു. ജനനം കാലിത്തൊഴുത്തിലും കാരാഗൃഹത്തിലും. യേശു ആട്ടിടയനായപ്പോള്‍ കൃഷ്‌ണന്‍ കാലിമേയ്‌ക്കലില്‍. ഉണ്ണിക്കണ്ണനെയും ഉണ്ണിയേശുവിനെയും ഉണ്ണിക്കാലത്തു തന്നെ വധിക്കുവാനുള്ള ശ്രമങ്ങളും നടന്നിരുന്നു. അത്ഭുതസിദ്ധികളായിരുന്നു രണ്ടു പേരുടെയും പ്രവര്‍ത്തന ശൈലി. സ്വച്ഛന്ദ മരണം പോലുമായിരുന്നില്ല രണ്ടുപേര്‍ക്കും. ഒരാള്‍ മരക്കുരിശില്‍ അന്ത്യംകണ്ടപ്പോള്‍ മറ്റേയാള്‍ വേടന്റെ അമ്പേറ്റായിരുന്നു ചരമഗതി പൂണ്ടത്. അതവിടെ നില്‌ക്കട്ടെ,അതല്ല പരാമര്‍ശ വിഷയവും.
ജീവശാസ്‌ത്രപരമായും വൈദ്യശാസ്‌ത്രപരമായുമുള്ള ഒരു സത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള രണ്ടു ദിവ്യഗര്‍ഭങ്ങളെപ്പറ്റി സൂചിപ്പിക്കാനാണു ദൈവസങ്കല്‌പങ്ങളെ ഇവിടെ ഉദാഹരിച്ചത്. പക്ഷേ, ഇക്കാലത്തങ്ങനെ ചിന്തിക്കുന്നതില്‍ കഴമ്പില്ല. ദൈവത്തിനു കഴിയുന്നതെല്ലാം മനുഷ്യനും കഴിയുമെന്നു കരുതുന്നതും മൗഢ്യമാണ്. പക്ഷേ, അങ്ങനെയങ്ങു തള്ളിക്കളയാന്‍ വരട്ടെ. കാരണം, ശാസ്‌ത്രയുഗമാണിത്. വിശ്വസിക്കാന്‍ വയ്യാത്ത പല അത്ഭുതങ്ങളും ഇന്നു സംഭവിക്കുന്നുണ്ടെന്നുള്ളതു വസ്‌തുത.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ശാസ്‌ത്ര ഗവേഷകയും ഇന്ത്യന്‍ വംശജയുമായ ആരതി പ്രസാദ് ലോകത്തെ അത്ഭുതപരതന്ത്രരാക്കുന്ന ഒരു നിഗമനത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. സ്‌ത്രീപുരുഷ സംയോഗം കൂടാതെ തന്നെ സൃഷ്‌ടി നടക്കുമെന്നുള്ള പ്രഖ്യാപനം. എന്നുവച്ചാല്‍ സ്‌ത്രീയുടെ സാമീപ്യമില്ലാത്ത ജനനം. ഒരു തരം കന്യാജാതന്മാര്‍. ഇവിടെ കന്യകപോലും ആവശ്യമില്ലാത്ത ജനനത്തെപ്പറ്റിയാണു ചിന്ത!
ലൈംഗിക ബന്ധം കൂടാതെ ജനനം നടത്തുന്ന ചില വ്യത്യസ്‌ത ജീവികളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ആരതി പ്രസാദ്. സ്‌ത്രീയുടെ അണ്ഡമോ പുരുഷന്റെ ബീജമോ വേണ്ടാതെയുള്ള ജനനം. ശാസ്‌ത്രയുഗത്തില്‍ എന്തും നടക്കുമെന്നാണ് ആരതി പ്രസാദ് `ലൈക് എ വെര്‍ജിന്‍' എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിട്ടുള്ളതെന്നാണു ലണ്ടനിലെ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
ലണ്ടനില്‍ ആരതിയുടെ ഗവേഷണ വിജ്ഞാന പ്രഖ്യാപനത്തിനു വലിയ സ്വീകാര്യതയും ലഭിച്ചിരിക്കുന്നു. ഇതെല്ലാം സംഭവിക്കാവുന്നതേയുള്ളു. ഒരു തലമുറയ്‌ക്കു മുമ്പു കൃത്രിമ ബീജസങ്കലനവും ടെസ്റ്റ് ട്യൂബ് ശിശുവുമൊക്കെ ശാസ്‌ത്ര നോവലുകളില്‍ മാത്രം കണ്ടിരുന്ന സങ്കല്‌പങ്ങളായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയിരുന്ന ഭാവനാ വൈഭവം ഇന്നൊരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.
ആരതിയുടെ മതം ഇങ്ങനെ. ഓസ്‌ട്രേലിയയില്‍ ഇതിനോടകം തന്നെ കൃത്രിമമായ ഗര്‍ഭപാത്രം നിര്‍മിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പ്ലാസ്റ്റിക് ഗര്‍ഭപാത്രം! സാധാരണ ഗര്‍ഭപാത്രത്തിലേതുപോലുള്ള ദ്രാവകങ്ങളും ബാക്‌ടീരിയകളുമൊക്കെയുണ്ടതില്‍. തീര്‍ച്ചയായും ഈ പാത്രത്തില്‍ ഒരു കുഞ്ഞിനെ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രജ്ഞര്‍ക്ക് അധികകാലം വേണ്ടി വരില്ല?! സ്‌ത്രീയുടെ സഹായംപോലും കൂടാതെ തന്നെ. കൃത്രിമ ബീജവും ഇതിനോടകം തന്നെ രൂപാന്തരപ്പെടുത്താന്‍ ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ക്കായിട്ടുണ്ട്. ഇത്തരം കൃത്രിമ ബീജങ്ങള്‍ വഴി പ്രത്യുല്‌പാദനം നടത്തിയിട്ടുമുണ്ട്. കൃത്രിമമായി അണ്ഡവും സൃഷ്‌ടിക്കാവുന്നതേയുള്ളു. ആരതി വിശ്വാസം പ്രകടിപ്പിക്കുന്നു.
ചുരുക്കത്തില്‍ അച്ഛനും അമ്മയും ഇല്ലാത്ത സന്തതികളുടെ കാലം വരുന്നു. അച്ഛനും അമ്മയും ഉണ്ടായിട്ടുതന്നെ ``തന്തയില്ലായ്‌മ'' കാട്ടുന്നവരുടെ എണ്ണം വണ്ണം വയ്‌ക്കുന്ന ആധുനിക ലോകത്തു അക്ഷരാര്‍ത്ഥത്തില്‍ തന്നെ താതനില്ലാത്തവരുടെ വംശ പരമ്പരയുണ്ടാകാന്‍ പോകുന്നു. ഇതുവരെ അമ്മയില്ലാത്ത ഗര്‍ഭം അസാധ്യമായിരുന്നു. കൃത്രിമ ഗര്‍ഭധാരണത്തില്‍ പോലും ഒരു സ്‌ത്രീയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. അമ്മയെന്ന സങ്കല്‌പം മാ്രതമേ, ഇതേ വരെ യാഥാര്‍ത്ഥ്യമായിരുന്നുള്ളു! അച്ഛന്‍ എന്ന സംജ്ഞ വെറും വിശ്വാസവും. അമ്മയ്‌ക്കല്ലാതെ മറ്റാര്‍ക്കുമറിയാത്ത സത്യം. പക്ഷേ, ഈ സത്യങ്ങളും അസത്യങ്ങളുമൊക്കെ പുതിയ ശാസ്‌ത്രീയ ഭാവനയുടെ മുമ്പില്‍ അസ്‌തമിക്കുകയാണ്. ആരതി പ്രസാദിന്റെ പുതിയ സങ്കല്‌പം `കന്യാജനനം' ആണെങ്കിലും സത്യത്തില്‍ ജനനപ്രക്രിയയില്‍ കന്യകപോയിട്ടു സ്‌ത്രീയുടെ സാന്നിധ്യം ഏഴയലത്തു പോലും വേണ്ടി വരുന്നില്ല. പിന്നെ, പുരുഷന്റെ കാര്യം പറയുന്നതിലര്‍ത്ഥമില്ലല്ലോ?
അമേരിക്കയിലും ്രബിട്ടനിലുമൊക്കെ കുറ്റാന്വേഷണ നോവലുകള്‍ എഴുതുന്നവരെക്കൂടി പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുകയും കുറ്റാന്വേഷണമാര്‍ഗങ്ങളെപ്പറ്റി അവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുകയും പതിവാണ്. എന്നുവച്ചാല്‍, കലാകാരന്റെ, എഴുത്തുകാരന്റെ ഭാവന യാഥാര്‍ത്ഥ്യമാകുമെന്നുള്ള സങ്കല്‌പമാണ് ഇതിനു പിന്നില്‍. ഷെര്‍ലോക് ഹോംസിനെപ്പോലെ ചുറുചുറുക്കനായ ഒരു പോലീസ് ഓഫീസറെ നിത്യജീവിതത്തില്‍ കാണാനില്ലെന്നുള്ളതാണു സത്യം. അതിനാലാണെല്ലോ സുരേഷ് ഗോപിയുടെയും മറ്റും പോലീസ് വേഷങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ജനം മനസ്സറിഞ്ഞു കയ്യടിച്ച് അഭിനന്ദിച്ചു പോകുന്നതും. ഇത്തരം പോലീസ് വേഷങ്ങളെ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്നതും അതുകൊണ്ടാണ്. അതിനാല്‍, ആരതി പ്രസാദിന്റെ ഭാവനയെ വെറും എഴുത്തുകാരിയുടെ ഭാവനയായി മാത്രം ചുരുക്കിക്കാണാവുന്നതുമല്ല. ശാസ്‌ത്രജ്ഞയായ ആരതിയുടെ ഭാവനാലോലുപത്വം നാളെ സംഭവിച്ചുകൂടെന്നില്ല. അല്ല, സംഭവിക്കുക തന്നെ ചെയ്യും. അതാണെല്ലോ ചരിത്രവും.
ഫലമോ? ചന്തയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതുപോലെ മനുഷ്യ കുഞ്ഞുങ്ങളെ ആവശ്യാനുസരണം വിലയ്‌ക്കു വാങ്ങാന്‍ കഴിയുന്ന കാലം! ആദ്യം പരീക്ഷണശാലയിലാകാം ജനനം. പിന്നെ കുട്ടികളെ നിര്‍മിക്കുന്ന ഫാക്‌ടറികള്‍ കാലാന്തരത്തിലുണ്ടാകാം. അതുവഴി കുട്ടികളുടെ ചന്തകളും! അമ്മയുടെ പരമമായ പ്രാധാന്യം ഇതോടെ നഷ്‌ടപ്പെടുന്നു. ഗര്‍ഭധാരണമെന്ന സ്‌ത്രീയുടെ കുത്തക അസ്‌തമിക്കുന്നു.
https://www.facebook.com/Malayalivartha