ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍ ബ്ലൂബെറി ജ്യൂസ്

ആരോഗ്യസംരക്ഷണത്തിന് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്. ബ്ലൂബെറി അഥവാ ഞാറപ്പഴം ദിവസവും കഴിക്കുന്നത് ഓര്‍മയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ ഏറെ ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. 30 മില്ലി ലിറ്റര്‍ ബ്ലൂബെറി ജ്യൂസ് ദിവസവും കഴിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ തെളിഞ്ഞു. ദിവസവും നേര്‍പ്പിക്കാത്ത, ഗാഢത കൂടിയ ബ്ലൂബെറി ജ്യൂസ് കുടിച്ച 65 മുതല്‍ 77 വയസുവരെ പ്രായമായവരില്‍ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും ബൗദ്ധിക പരീക്ഷകളില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതായും ഓര്‍മശക്തി മെച്ചപ്പെട്ടതായും കണ്ടു. ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഫ്‌ലേവനോയ്ഡുകളാല്‍ സമ്പന്നമാണ് ബ്ലൂബെറിപ്പഴം.
ബ്രിട്ടനിലെ എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകയായ ജോ അന്ന ബൗടലിന്റെ നേതൃത്വത്തില്‍ ആരോഗ്യവാന്‍മാരായ 26 പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇവരില്‍ 12 പേര്‍ക്ക് ദിവസം ഒരു നേരം ഗാഢതയുള്ള ബ്ലൂബെറി ജ്യൂസ് നല്‍കി. ഇത് 230 ഗ്രാം ബ്ലൂബെറിക്കു തുല്യമായിരുന്നു. ബാക്കി 14 പേര്‍ക്ക് കാഴ്ചയില്‍ സാമ്യമുള്ള പ്ലെസ്‌ബോയും നല്‍കി. പഠനത്തിനു മുന്‍പും 12 ആഴ്ചകള്‍ക്ക് ശേഷവും ബൗദ്ധിക പരീക്ഷകള്‍ നടത്തി. എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തലച്ചോറിലെ രക്തപ്രവാഹം അളക്കുകയും ചെയ്തു. പ്ലെസ്‌ബോ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ബ്ലൂബെറി സപ്ലിമെന്റ് കഴിച്ചവരില്‍ ബുദ്ധിയുമായുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി കണ്ടു.
https://www.facebook.com/Malayalivartha