വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ഇപ്പോള്‍ വേനല്‍കാലമാണ്. ചുട്ടുപൊളളുന്ന വെയിലത്ത് ഒന്നു പുറത്തിറങ്ങാന്‍ പോലും മടിയാണ്. ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ. എത്ര വെളളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. ചൂടിനോട് പോരുതാന്‍ വെള്ളം കുടിക്കുന്നതിനെ കുറിച്ചോ തണലത്തിരിക്കുന്നതിനെ കുറിച്ചോ ചിന്തിച്ചാല്‍ മാത്രം പോരാ. പുറത്തിറങ്ങുേമ്പാള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂട് സമയത്ത് നാം പുറത്തിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തിന് വെയിലിന്റെ ചൂടിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അതിനാല്‍ ഇളം നിറത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതാകും നല്ലത്. ഫാഷനബിള്‍ മാത്രമല്ല, ചൂടുകാലത്തെ ബുദ്ധിപൂര്‍വമുള്ള തെരഞ്ഞെടുപ്പ് കൂടിയായിരിക്കും വെളുത്ത ലിനന്‍/കോട്ടണ്‍ വസ്ത്രങ്ങള്‍. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. അവ ശരീരത്തെ വിയര്‍ക്കാന്‍ അനുവദിക്കില്ല. വിയര്‍പ്പ് ശരീരത്തിെന്റ സ്വാഭാവിക ശീതീകരണ സംവിധാനമാണ്. അയഞ്ഞ വസ്ത്രങ്ങള്‍ വിയര്‍പ്പ് അനുവദിക്കുകയും ഇതു മൂലം ശരീരം തണുക്കുകയും ചൂടില്‍ നിന്ന് രക്ഷ ലഭിക്കുകയും ചെയ്യും. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്ന നിറമാണ്. അതുകൊണ്ട്ചൂടുകാലത്ത് കറുത്ത വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുക.
അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുവാന്‍ സണ്‍ഗ്ലാസുകള്‍ക്ക് കഴിയുമെന്നതിനാല്‍ 90-100 ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. ചൂടുകാലത്ത് വലിയ, പരന്ന തൊപ്പികള്‍ ധരിക്കുന്നത് നല്ലതാണ്. ഇത് ഫാഷനുമാണ്. പരന്ന തൊപ്പികള്‍ സൂര്യ രശ്മികളെ തടയുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ മുഖത്തേല്‍ക്കുന്നതില്‍ നിന്നും ഇത്തരം തൊപ്പികള്‍ നിങ്ങളെ സംരക്ഷിക്കും. സൂര്യാതാപം പോലെ ഗുരുതര പ്രശ്‌നങ്ങള്‍ തൊലിയെ ബാധിക്കാതിരിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം. എസ്.പി.എഫ്(സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) റേറ്റിങ്ങ് 15 എങ്കിലുമുള്ള സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. ഇവ വാട്ടര്‍പ്രൂഫുകൂടിയാണെങ്കില്‍ വെള്ളത്തിനടുേത്തക്ക് പോകുന്നതുകൊണ്ടും സണ്‍സ്‌ക്രീനുകള്‍ നഷ്ടപ്പെടുമെന്ന് കരുതേണ്ടതില്ല. ലിപ്ബാമുകള്‍ നിങ്ങളുടെ ചുണ്ടുകളെയും സംരക്ഷിക്കും. ഇവയുടെയും എസ്.പി.എഫ് റേറ്റിങ്ങ് ശ്രദ്ധിക്കണം.
ചൂടുകാലത്ത് ശരീരം എപ്പോഴും വിയര്‍ക്കുന്നതിനാല്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദാഹിക്കുേമ്പാള്‍ ഉടന്‍ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ മൂത്രം നിരീക്ഷിക്കുക. നല്ല തെളിഞ്ഞ മൂത്രമാണങ്കില്‍ നല്ല ജലാംശം ഉണ്ടെന്ന് മനസിലാക്കാം. മൂത്രത്തിന് മഞ്ഞ നിറം കൂടി വരുന്നതിനനുസരിച്ച് ജലാംശം കുറവാണെന്നും മനസിലാക്കണം. പഞ്ചസാര ചേര്‍ക്കാത്ത പ്രകൃതിദത്തമായ ജ്യൂസുകള്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം പോഷകപ്രദവുമാണ്. കനത്ത വേനലിലും തളരാതെ ഉണര്‍വ്വേകാന്‍ അത് സഹായിക്കും. മദ്യം നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ ഒഴിവാക്കണം. മദ്യത്തെ പോലെ തന്നെ കോഫിയിലടങ്ങിയ കഫീനും നിര്‍ജ്ജലീകരണത്തിനിടയാക്കും. അതിനാല്‍ കോഫിയും ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.
കഴിക്കുന്ന ഭക്ഷണത്തിനും നിങ്ങളെ തണുപ്പിക്കാന്‍ സാധിക്കും. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കാതെ വേനലില്‍ എന്തു കഴിക്കണമെന്നതും ചിന്തിക്കേണ്ടതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടിയതുമാണ് പഴങ്ങളും പച്ചക്കറികളും. അതാതുകാലത്തുണ്ടാകുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. അത്തരം പഴങ്ങളും പച്ചക്കറികളുമടങ്ങിയ സാലഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എരിവുള്ള ഭക്ഷണം നിങ്ങളില്‍ വിയര്‍പ്പുണ്ടാക്കുകയും അത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. അതിനൊത്ത് വെള്ളം കുടിക്കുകയും വേണം. മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കൊഴുപ്പ് കുറഞ്ഞ മാംസാഹാരം തെരഞ്ഞെടുക്കുക. ചൂടും അള്‍ട്രാവയലറ്റ് രശ്മികളും ഏറ്റവും കൂടുതലായി പതിക്കുന്ന 12 മുതല്‍ മൂന്നുവരെയുള്ള സമയം സൂര്യപ്രകാശത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുക. ഈ സമയത്ത് വീടിനകത്തു തന്നെ നില്‍ക്കുന്നതോടൊപ്പം ശരീരത്തെ തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം കുടിക്കുകയുമാകാം. വീടിനു പുറത്തുള്ളവര്‍ തണലത്ത് നില്‍ക്കാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha