ദന്തശുചിത്വം പാലിച്ചില്ലെങ്കില്‍ ന്യുമോണിയ വരാം

ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ ഘടകങ്ങളില്‍ വായുടെ ആരോഗ്യസംരക്ഷണത്തിന് വളരെ പ്രാധന്യമുണ്ട്. വായിലെ രോഗങ്ങളില്‍ കൂടുതലും പല്ലിനെ ബാധിക്കുന്നതാണ്. ദന്തശുചിത്വം ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ അത് ന്യുമോണിയയ്ക്ക് കാരണമാകാം. പല്ലുകളും മോണയും വൃത്തിയായി സംരക്ഷിക്കുകയെന്നതാണ് ദന്തശുചീകരണത്തില്‍ പ്രധാനം. ദിവസവും രണ്ട് നേരവും പല്ലുകള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. ദിവസേന കൃത്യമായി ദന്തശുചീകരണം ചെയ്യുകയാണെങ്കില്‍ ന്യുമോണിയ ഉണ്ടാകുന്നത് തടയാനാകും.
വായില്‍ ഏകദേശം 4000 ത്തില്‍ പരം ബാക്ടീരിയകളുണ്ട്. ഇവ എയ്‌റോബിക്, അനെയ്‌റോബിക് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. എയ്‌റോബിക് ഓക്‌സിജന്റെ സഹായത്തോടെ വളരുന്ന തരം ബാക്ടീരിയയാണെങ്കില്‍ ഓക്‌സിജന്റെ സഹായമില്ലാതെ വളരുന്ന ബാക്ടീരിയയാണ് അനെയ്‌റോബിക്. അനെയ്‌റോബിക് ബാക്ടീരിയ ഓക്‌സിജന്റെ അഭാവത്തില്‍ വളരുന്നതിനാല്‍, ശ്വാസകോശത്തില്‍ എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. അനെയ്‌റോബിക് ബാക്ടീരികള്‍ ശ്വാസകോശത്തിലെത്തിയാല്‍ ഇവ ശ്വാസകോശത്തില്‍ പഴുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. അതുകൊണ്ട് ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്.
അണുക്കളുടെ ആധിക്യം, പ്രതിരോധപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍, പൊതു ആരോഗ്യസ്ഥിതിയിലുള്ള തകരാറുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ന്യുമോണിയയ്ക്ക് കാരണമാകുന്നു. സാധാരണ നിലയില്‍ അതിശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വഴി ശ്വാസകോശങ്ങള്‍ അണുവിമുക്തമാണ്. ചില ഘട്ടങ്ങളില്‍ ഈ പ്രതിരോധത്തെ മറികടന്ന് അണുക്കള്‍ ശ്വാസകോശത്തിലെത്തും. വായിലും തൊണ്ടയിലും ഉണ്ടാകുന്ന അണുക്കള്‍ ഉമിനീര് വഴി ശ്വാസകോശങ്ങളിലേക്ക് എത്തുന്നത് രോഗാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. അമിതമദ്യപാനം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, നാഡീഞരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍, ആഹാരം ഇറക്കുന്നതിനുള്ള തടസങ്ങള്‍ തുടങ്ങിയവ വായിലും മൂക്കിലുമുള്ള സ്രവങ്ങളും ആഹാരവസ്തുക്കളും ശ്വാസകോശത്തിലെത്താന്‍ ഇടയാകും.
രോഗാണുക്കള്‍ നിറഞ്ഞ വായു നിരന്തരം അകത്തേക്ക് എടുക്കുന്നത് അണുക്കള്‍ ശ്വാസകോശത്തിലെത്തിക്കും. ഇതും ന്യുമോണിയ ഉണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്. ഇതിനു പുറമേ, രക്തത്തില്‍ അണുബാധയുള്ളവരുടെ ശ്വാസകോശത്തില്‍ രക്തം വഴി അണുബാധയെത്താനും അത് ന്യുമോണിയയിലേക്ക് നയിക്കാനും ഇടയാക്കും. അതുകൊണ്ട് തന്നെ ന്യുമോണിയയില്‍ നിന്നും സംരക്ഷിക്കുന്നതില്‍ ദന്തശുചിത്വത്തിന് സുപ്രധാന പങ്കുണ്ട്.
https://www.facebook.com/Malayalivartha