പഠനവൈകല്യം ഒഴിവാക്കാം
പഠനത്തില്‍ കുട്ടികള്‍ പിന്നോക്കമാവുന്നത് ഏതൊരു രക്ഷിതാവിനെയും വിഷമിപ്പിക്കും. കാഴ്ചത്തകരാറ്, കേള്‍വിക്കുറവ്, നീണ്ടുനില്‍ക്കുന്ന അസുഖം, അച്ചടക്കമില്ലാത്ത വിദ്യാലയ അന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, മാനസികസംഘര്‍ഷം ഉണ്ടാക്കുന്ന ഗൃഹാന്തരീക്ഷം എന്നീ ഘടകങ്ങള്‍ കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാറുണ്ട്. എന്നാല്‍, ഇത്തരം കാരണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും സാധാരണയോ അതില്‍ക്കൂടുതലോ ആയ ബൗദ്ധികനിലവാരം(IQ level)ഉണ്ടാകുകയും ചെയ്തിട്ടും കുട്ടികള്‍ പഠനിലവാരത്തില്‍ പിന്നിലാണെങ്കില്‍ പഠനവൈകല്യങ്ങള്‍(Learning disability) ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജിയുടെ നിര്‍വചനപ്രകാരം കൃത്യമായ പഠനസാഹചര്യങ്ങള്‍ ലഭിച്ചിട്ടും സാധാരണ നിലയിലുള്ള ബൗദ്ധികനിലവാരം ഉണ്ടായിട്ടും സാമൂഹികവും സാംസ്കാരികവുമായ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും പഠനശേഷിയില്‍ കാര്യമായ വൈകല്യങ്ങള്‍ കാണുന്നതിനെയാണ് പഠനവൈകല്യമായി പരിഗണിക്കുന്നത്.
പരിഹാരമാര്‍ഗങ്ങള്‍
കൃത്യസമയത്തുതന്നെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള രോഗനിര്‍ണയം എന്നത് പഠനവൈകല്യമുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അല്ലാത്തപക്ഷം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്കൊപ്പം മറ്റു മാനസിക പ്രശ്നങ്ങളും കുട്ടിയെ ബാധിക്കാനിടയുണ്ട്. ആത്മവിശ്വാസക്കുറവ്, കഠിനാധ്വാനം ചെയ്തിട്ടും പഠനകാര്യങ്ങളില്‍ പിന്നോക്കമാവുമ്പോള്‍ ഉണ്ടാകുന്ന അതൃപ്തി എന്നിവ പലപ്പോഴും തന്നോടുതന്നെയുള്ള ബഹുമാനക്കുറവിലേക്കും നിരാശാബോധത്തിലേക്കും നയിക്കാനിടയുണ്ട്. ക്ഷമാപൂര്‍വവും അനുഭാവപൂര്‍വവുമായ ഇടപെടലുകള്‍ രക്ഷിതാക്കളില്‍നിന്ന് ആവശ്യമാണ്. ആയുര്‍വേദപ്രകാരമുള്ള ഔഷധപ്രയോഗങ്ങള്‍ക്കു പുറമെ ഇത്തരം കുട്ടികളില്‍ ആഹാരകാര്യങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.
1. കൃത്രിമ ഭക്ഷണപാനീയങ്ങളും ഭക്ഷണങ്ങളും പൂര്‍ണമായും ഉപേക്ഷിക്കുക.
2. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ പെന്‍സില്‍ കടിക്കുന്നതിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശം (ലെഡ്) പഠനവൈകല്യങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ അധ്യാപകര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
3. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ നിത്യവും ഘൃതം (പശുവിന്‍ നെയ്യ്) ശീലിക്കുന്നത് ബുദ്ധിപരമായ കഴിവു വര്‍ധിക്കുന്നതിന് സഹായകമാണ്.
4. ജീവിതശൈലിയില്‍ വന്ന മാറ്റവും മാനസികസംഘര്‍ഷവും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകാമെന്നതിനാല്‍ കുഞ്ഞിന്റെ പഠനവൈകല്യം ഒഴിവാക്കാന്‍ ദമ്പതിമാരും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതാണ്.
https://www.facebook.com/Malayalivartha