നമ്മുടെചര്‍മ്മം സംരക്ഷിക്കാം ഈ വേനല്‍ക്കാലത്ത്
പലവിധ ത്വക്ക് രോഗങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്ന സമയമാണ് വേനല്‍ക്കാലം. ചര്‍മ്മത്തെ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വേനല്‍ക്കാലമാകുന്നതോടെ പലരിലും അമിതവിയര്‍പ്പ് ഉണ്ടാകാറുണ്ട്. വിയര്‍ക്കുമ്പോള്‍ പുറത്തുവരുന്ന ഉപ്പ് ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ചൊറിച്ചിലിനും ദുര്‍ഗന്ധത്തിനും കാരണമാകും. ഒപ്പം തൊലിപ്പുറത്ത് ചൂടുകുരുക്കളും ഉണ്ടാകുന്നു.
വിയര്‍പ്പുമൂലം ചൊറിച്ചിലുണ്ടാകുന്നവര്‍ പച്ച മഞ്ഞളും വേപ്പിലയും അരച്ച് തേച്ചു കുളിക്കണം. കാട്ടുതെറ്റിയുടെ പൂവും കറുകനാമ്പും ചേര്‍ത്തരച്ച് പുരട്ടി തണുത്തവെള്ളത്തില്‍ കുളിക്കുക. പഴുത്ത പ്ലാവിലയുടെ ഞെട്ട്,പച്ച മഞ്ഞള്‍,തുളസിയില ഇവ അരച്ച് തേച്ച് കുളിക്കുന്നതും വളരെ നല്ലതാണ്. മച്ചിങ്ങ, തെറ്റിവേര്, വേപ്പിന്‍ പട്ട, പഴുത്ത പ്ലാവില ഇവയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുളിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. കുളിക്കുമ്പോള്‍ സോപ്പിനുപകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നതാണ് നല്ലത്. രാമച്ചം, നറുനണ്ടിക്കിഴങ്ങ്, ചന്ദനം, അതിമധുരം, മുത്തങ്ങ, ദേവതാരം, പതിമുഖം എന്നിവ സമം ചേര്‍ത്ത് ചതച്ച് കിഴികെട്ടി മണ്‍കലത്തിലിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ച് വയ്‌ക്കുക. കുടിയ്‌ക്കാന്‍ ഈ വെള്ളം ഉപയോഗിച്ചാല്‍ വിയര്‍പ്പിന്റ ദുര്‍ഗന്ധം പെട്ടന്ന് മാറും.
വേനല്‍ക്കാലത്ത് ചര്‍മ്മം വരളുകയെന്നത് മിക്കവരിലും കാണപ്പെടുന്ന ഒന്നാണ്. ശരീരത്തില്‍ എണ്ണമയം കുറവുള്ളവരിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഇങ്ങനെയുള്ളവര്‍ ശരീരത്തില്‍ എണ്ണതേച്ചു കുളിക്കുക. രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ് തണുത്ത വെള്ളം, പഴച്ചാര്‍ ,അധികം പുളിയില്ലാത്ത തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് പതിവായി കുടിക്കുക. അല്‌പം ഉപ്പ് ചേര്‍ത്ത് രണ്ടു ഗ്ലാസ് പഴങ്കഞ്ഞിവെള്ളം കുടിക്കുന്നത് വേനല്‍ക്കാല ശരീരപരിചരണത്തിന് അത്യുത്തമമാണ്.വെയില്‍ കൊള്ളേണ്ടിവരുമ്പോള്‍ കുട പിടിക്കുക. ചൂട് അസഹ്യമാകുമ്പോള്‍ നെറ്റിയില്‍ ഐസ്‌കൊണ്ട് തടവുക. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha