മുഖസൗന്ദര്യത്തിന് ത്രീ ഇന്‍ വണ്‍ ടിപ്‌സ്

സൗന്ദര്യത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യമായി പെണ്‍കുട്ടികള്‍ കരുതുന്നത് പാടുകളില്ലാത്ത തിളങ്ങുന്ന മുഖ ചര്‍മമാണ്. നാട്ടില്‍ കാണുന്ന ക്രീമുകളൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും മുഖത്തെ കുരുക്കളും പാടുകളും കുറയുന്നില്ലല്ലോ എന്ന് ആവലാതിപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില നാടന്‍ വസ്തുക്കള്‍ കൊണ്ടുതന്നെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ സുലഭമായുള്ള പഴങ്ങളുടെ രാജാവായ മാമ്പഴം കൊണ്ടുള്ള ചില ഫേസ് പാക്കുകളാണ് ഇവിടെ പറയുന്നത്.
1) ഓട്മീലും മാങ്ങയും...
ഓട്മീലും മാങ്ങയും മിക്‌സ് ചെയ്തുള്ള ഈ ഫേസ്പാക് നിങ്ങളുടെ മുഖത്തിനു മൃദുത്വം നല്‍കുന്നതിനൊപ്പം മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മാങ്ങ ചര്‍മത്തിന് പോഷകം നല്‍കുന്നതിനൊപ്പം ഓട്മീലും ബദാമും പ്രകൃതിദത്തമായ സ്‌ക്രബറായും പ്രവര്‍ത്തിക്കുന്നു.
തയ്യാറാക്കുന്ന വിധം-
നന്നായി മൂത്ത മാങ്ങ ഒരെണ്ണം
7-8 ബദാം
മൂന്നു ടീസ്പൂണ്‍ ഓട്‌സ്മീല്‍
2 ടീസ്പൂണ്‍ പാകം ചെയ്യാത്ത പാല്‍
മാങ്ങ നന്നായി ഉടച്ചതിനു ശേഷം പാലുമായി ചേര്‍ത്തു യോജിപ്പിക്കുക. ഇതിലേക്ക് ഓട്‌സ്മീലും ബദാം പൗഡറും ചേര്‍ത്തു മിക്‌സ് ചെയ്യാം. ഈ ഫേസ്പാക് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം.
2) മാങ്ങയും തേനും...
മാങ്ങയും തേനും ചേര്‍ന്നുള്ള പാക് നിങ്ങളുടെ മുഖത്തെ മൃദുവാക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ഈ ഫേസ്പാക് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.
തയ്യാറാക്കുന്ന വിധം-
മാങ്ങ അരക്കപ്പ്
ഒരു ടീസ്പൂണ്‍ തേന്‍
ഒരു ടീസ്പൂണ്‍ നാരങ്ങാനീര്
മാങ്ങ ഉടച്ചതിനു ശേഷം തേനും നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കുക. മുഖം വെള്ളം കൊണ്ടു നന്നായി കഴുകി തുടച്ചതിനു ശേഷം ഈ ഫേസ്പാക് ഇടാം. ഇരുപതു മിനിറ്റിനകം ഉണങ്ങിത്തുടങ്ങിയതിനു ശേഷം കഴുകിക്കളയാം.
3) കടലമാവും മാങ്ങയും...
വെയിലേറ്റു കരുവാളിച്ച മുഖമാണോ നിങ്ങളുടേത്? എങ്കില്‍ ഈ പാക് ഒന്നിട്ടുനോക്കൂ പ്രശ്‌നമെല്ലാം പമ്പ കടക്കും. കടലമാവും മാങ്ങയും ചര്‍മത്തിന് പോഷകഗുണം നല്‍കുമ്പോള്‍ തേന്‍ നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു.
തയ്യാറാക്കുന്ന വിധം-
ഒരു മാങ്ങ
നാലു ടീസ്പൂണ്‍ കടലമാവ്
ഒരു ടീസ്പൂണ്‍ തേന്‍
മാങ്ങ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് തേനുമായി ചേര്‍ത്തതിലേക്ക് കടലമാവും ചേര്‍ക്കുക. ഈ ഫേസ്പാക് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം നീക്കം ചെയ്യാം. മുഖം വെട്ടിത്തിളങ്ങുന്നതു കാണാം.
https://www.facebook.com/Malayalivartha