വനിതകള്‍ക്ക് ഇനി കുടുംബശ്രീയുടെ ഇ-മെയില്‍ കൃഷി പാഠം
ആലങ്കോട് പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് ഇനി എന്നും രാവിലെ ഇ-മെയില്‍ സന്ദേശങ്ങള്‍ എത്തും.
ഇ-മെയില്‍ എന്നുകേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട. കൃഷിയുടെ വിവിധ വശങ്ങള്‍ വിശദീകരിച്ച് മലയാളത്തിലുള്ള സന്ദേശമാണ് വീട്ടമ്മമാരെ തേടിയെത്തുക. ആലങ്കോട് പഞ്ചായത്തിലെ കുടുംബശ്രീയും കൃഷിഭവനും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
വീട്ടുമുറ്റത്ത് എങ്ങനെ കൃഷി നടത്താം, ചീരകൃഷിക്ക് അനുയോജ്യമായ വളമേതാണ്, കൃഷി ഭവനില്‍ നിന്ന് അതാത് ദിവസം വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഏതൊക്കെയാണ്, അടുക്കളയില്‍ എങ്ങനെ കൂണ്‍ കൃഷി ആരംഭിക്കാം തുടങ്ങിയ സന്ദേശങ്ങളാണ് വീട്ടമ്മമാര്‍ക്ക് ലഭിക്കുന്നത്. ആലങ്കോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരമൊരു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടിലിരുന്നുകൊണ്ട് തന്നെ ആധുനികമായ കൃഷി രീതികള്‍ അറിയാനും കൃഷിപാഠങ്ങള്‍ മനസിലാക്കാനും ഇതുവഴി സാധിക്കും. കമ്പ്യൂട്ടര്‍ സൗകര്യമുള്ളവര്‍ക്ക് അതുവഴിയും മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് ഉള്ളവര്‍ക്ക് അതുവഴിയും സന്ദേശങ്ങള്‍ ലഭിക്കും.
പദ്ധതിയുടെ തുടക്കം എന്നനിലയില്‍ പഞ്ചായത്തിലെ വീട്ടമ്മമാരുടെ ഇ-മെയില്‍ ഐ.ഡികള്‍ ശേഖരിച്ചു തുടങ്ങിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് ഇവര്‍തന്നെ മുന്‍െൈകയടുത്ത് ഇ-മെയില്‍ ഐ.ഡിയും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട വിധവും കുടുംബശ്രീ മുഖേന പഠിപ്പിച്ചുകൊടുക്കും. ആദ്യഘട്ടത്തില്‍ 1000ത്തോളം പേര്‍ക്കാണ് കൃഷിമെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. തുടര്‍ന്ന് മുഴുവന്‍ വീട്ടമ്മമാര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കും. ആലങ്കോട് കൃഷിഭവന്‍, ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം, വയനാട് കാര്‍ഷിക ഗവേഷണകേന്ദ്രം, മണ്ണുത്തി കേന്ദ്രമായുള്ള കാര്‍ഷികസര്‍വകലാശാല തുടങ്ങിയവയാണ് കൃഷിപാഠങ്ങളും അറിവുകളും നല്‍കുവാന്‍ സഹായിക്കുന്നത്.
https://www.facebook.com/Malayalivartha