പ്രമേഹം ഉണ്ടെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രമേഹം ഏറെ വിഷമങ്ങള്‍ ഉണ്ടാക്കുന്ന ഒരു ജീവിത അവസ്ഥയാണ്.പ്രമേഹം ഉള്ളവർ പതിവായി വ്യായാമംചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കൃത്യമായി വ്യായാമം ചെയ്യുമ്പോൾ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ദം കുറയുകയും, പഞ്ചസാരയുടെ തോതും, ചീത്ത കൊളസ്ട്രോളും നിയന്ത്രിതമാവുകയും, ഇവയ്ക്കൊപ്പം പേശികളുടെ കരുത്ത് കൂടുകയും ചെയ്യും.
എന്നാല്‍, പ്രമേഹരോഗികൾ വ്യായാമം ചെയ്യുമ്പോള്‍ പലപ്പോഴും അബന്ധങ്ങള്‍ കാണിക്കാറുണ്ട്. ഉദാഹരണത്തിന് പതിവിലേറെ ക്ഷീണം തോന്നുകയോ ഉത്സാഹം കുറയുകയോ ചെയ്‌താൽ ഷുഗർ കൂടിയതായിരിക്കുമെന്ന ധാരണയിൽ കടുത്ത വ്യായാമത്തിലേർപ്പെടും. ഇത് ഷുഗർ ലെവൽ പെട്ടെന്ന് താഴാനും തലകറക്കമുണ്ടാകാനും കാരണമാകും. വ്യായാമത്തിനു മുൻപ് ഷുഗർ ലെവൽ പരിശോധിക്കുന്നതാണ് നല്ലത്.
വെറുംവയറ്റിൽ കടുത്ത വ്യായാമങ്ങൾ ചെയ്യാന്‍ പാടില്ല.
വ്യായാമത്തിനിടെ ക്ഷീണം, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വിയര്‍പ്പ് എന്നിവ സാധാരണയില്‍ കവിഞ്ഞ് കാണപ്പെട്ടാല്‍ പെട്ടന്ന് തന്നെ വ്യായാമം നിര്‍ത്തണം. എല്ലായ്പ്പോഴും വ്യായാമത്തിന് മുമ്പ് മതിയായ അളവില്‍ വെള്ളം കുടിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് വ്യായാമത്തിനിടക്ക് ഒഴിവാക്കുകയും വേണം.
പ്രമേഹരോഗികള്‍ പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍ വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ്. ചിലര്‍ സൈക്കിള്‍ ചവിട്ടുന്നതും ശീലമാക്കാറുണ്ട്. ഷുഗർനില അപ്രതീക്ഷിതമായി താഴ്‌ന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളിൽ രോഗി ഒരു എമർജൻസി കിറ്റ് കരുതണം.
കിറ്റില്‍ വെള്ളം, ഗ്ലൂക്കോസ്, മിഠായി, മരുന്നുകൾ എന്നിവ തീര്‍ച്ചയായും ഉണ്ടാകണം. ക്ഷീണം താങ്ങാന്‍ സാധിക്കില്ലെന്നു വ്യക്തമായാല്‍ വിശ്രമിക്കുകയോ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യണം. തനിച്ചുള്ള വ്യായാമം ഒഴിവാക്കുന്നതാകും നല്ലത്.
ശരീരത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന വ്യായാമം പാടില്ല. പാദങ്ങളുടെ സുരക്ഷ എപ്പോഴും ശ്രദ്ധിക്കണം. മുറിവുകള്‍ ഉണ്ടായാല്‍ അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പാദങ്ങളുടെ സുരക്ഷയ്‌ക്കായി ഷൂസും സോക്സും ധരിക്കുകയും വേണം.
https://www.facebook.com/Malayalivartha