ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

ഇന്ന് ഏറെയും നോമോഫോബിയ എന്ന രോഗം ബാധിച്ചവരാണ്. മൊബൈൽ ഫോണിന് അടിമപ്പെട്ട വ്യക്തികളിൽ കണ്ടുവരുന്ന മാനസിക വിഭ്രാന്തിയാണ് നോമോഫോബിയ. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിന്റെ മുഴുവൻ പേര്.
യു.കെ.യിലെ റിസേർച്ച് ഓർഗനൈസേഷനായ യുഗവിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്. ഈ അവസ്ഥ കാണപ്പെടുന്നവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കാൻ കഴിയില്ല. ചാർജ് തീരുകയും നെറ്റ്‌വർക്ക് കവറേജ് കിട്ടാതിരിക്കുമ്പോളുമൊക്കെ ഈ വ്യക്തി സമചിത്തത കൈവിട്ട് പെരുമാറാനും സാധ്യതയുണ്ട്.
ഫോണിനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയുള്ള ഇത്തരക്കാർ പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ പോകുമ്പോൾപോലും മൊബൈൽകൊണ്ടാണ് പോവുക. ടോയ്‌ലറ്റിൽ മൊബൈൽ ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല. ഇന്ന് ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവർ ധാരാളമാണ്. സോഷ്യൽ മീഡിയയും വാർത്തകളുമൊക്കെ വായിക്കാൻ അര മണിക്കൂറിൽ കൂടുതൽ ടോയ്‌ലറ്റിൽ ഇരിക്കുന്നവരുമുണ്ട്. എങ്കിൽ ഓർക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. രോഗങ്ങൾ പരത്തുന്ന കീടാണുക്കൾ അധികമായി ഉള്ള സ്ഥലമാണ് ബാത്ത് റൂമും ടോയ്‌ലറ്റും.
ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകുന്നതുമൂലം രോഗാണുക്കൾ ഫോണിലേക്ക് കയറുകയാണ് ചെയ്യുന്നത്. ടോയ്‌ലറ്റ് വാതിൽ, ലോക്ക്, ടാപ്പ്, ഫ്ലഷ്, ഹാൻഡ് വാഷ് തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബാക്ടീരിയ ഉണ്ട്. എന്നാൽ സോപ്പിട്ട് കൈ കഴുകിയാൽ പോലും ഈ ബാക്ടീരിയ നശിക്കില്ല എന്നറിയുക. ടോയ്‌ലറ്റ് ഒരു പ്രാവിശ്യം ഉപയോഗിച്ചാൽ അതിന്റെ എഫക്ട് ആറടി ദൂരം വരെ ഉണ്ടാകും. ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല, മെഴ്സ, സ്ട്രെപ്ടോകോകസ് തുടങ്ങിയ ബാക്ടീരിയകൾ കാരണം ഹെപറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ കണ്ടു തുടങ്ങും.
ബാത്ത് റൂമിലെ തറയിലും, ഫ്ലഷിന്റെ മുകളിലും, വാഷ് ബേസിന്റെ മുകളിലുമൊക്കെയാണ് സാധാരണ ഫോണുകൾ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണ്. അങ്ങനെ ചെയ്യുന്ന നാലിൽ ഒരാൾക്ക് പകർച്ച വ്യാധികൾ പിടി പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് ടോയ്‌ലറ്റിൽ ഫോൺ വയ്ക്കുന്നതിന് ഹോൾഡർ ഉണ്ടാകും, നല്ല ഒന്നാന്തരം ബാക്ടീരിയ വാഹകരാണ് ആ ഹോൾഡറുകൾ എന്നത് തീർച്ചയായും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha